1 GBP = 103.87

ഹിന്ദു സമാജങ്ങളുടെ ആദ്യ ദേശീയ കൂട്ടായ്മ ഇന്ന് ബിര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ ; ശിവപ്രസാദ് അനുസ്മരണ ചടങ്ങായി മാറുന്ന യോഗത്തില്‍ കുടുംബത്തെ സഹായിക്കാന്‍ പ്രവര്‍ത്തിച്ചവരെല്ലാം ഒത്തുകൂടും

ഹിന്ദു സമാജങ്ങളുടെ  ആദ്യ ദേശീയ കൂട്ടായ്മ ഇന്ന് ബിര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ ; ശിവപ്രസാദ് അനുസ്മരണ ചടങ്ങായി മാറുന്ന യോഗത്തില്‍ കുടുംബത്തെ സഹായിക്കാന്‍ പ്രവര്‍ത്തിച്ചവരെല്ലാം ഒത്തുകൂടും

യുകെയില്‍ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സമാജം യൂണിറ്റുകളെ ഒരു ചരടില്‍ കോര്‍ത്തിണക്കുന്ന പ്രവര്‍ത്തന പരിപാടികളുടെ ആദ്യ പടിയായി ഇന്ന് ബിര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ ദേശീയ കണ്‍വന്‍ഷന്‍ നടക്കും . യുകെയില്‍ മൊത്തം പ്രവര്‍ത്തിച്ചു വരുന്ന 23 മലയാളി ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പരസ്പരം സഹായിച്ചു പ്രവര്‍ത്തിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഓരോ ഹിന്ദു സമാജത്തില്‍ നിന്നും ഇത്തരം ഒരു ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നതെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി . മിക്കയിടങ്ങളിലും ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ മൂന്നും നാലും വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ കൃത്യമായ ചട്ടക്കൂടുമായാണ് നിലവില്‍ ഓരോ ഹിന്ദു സമാജവും പ്രവര്‍ത്തിക്കുന്നത് . വാര്‍ഷിക പൂജ ചടങ്ങുകളും , ഉത്സവ വേളകളും കൂടാതെ കൃത്യമായി മാസം തോറും ഭജന്‍ സത്സംഗങ്ങളും നടത്തുന്ന ഹിന്ദു സമാജങ്ങള്‍ കുട്ടികളില്‍ ഭാരതീയ സംസ്‌ക്കാരം മനസ്സിലാക്കി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികളും സജീവമായി നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ദേശീയ കൂട്ടായ്മ രൂപം കൊള്ളുന്നത്.

അതിനിടെ , ഇക്കഴിഞ്ഞ പുതുവർഷ പുലരി ദിനത്തിൽ അനാഥമായി മരിച്ച നിലയിൽ കണ്ടെത്തിയ ശിവപ്രസാദിന്റെ മൃതദേഹം നാട്ടിൽ അയക്കുന്നതുമായി ബന്ധപ്പെട്ടു ഉണ്ടായ അനിശ്ചിതത്വമാണ് ഇത്തരം ഒരു ആവശ്യത്തിലേക്കു വഴി മാറിയത് . ശിവ പ്രസാദിന്റെ കുടുംബത്തെ സഹായിക്കാൻ യുകെയിലെ ഉത്തരവാദിത്തപ്പെട്ട സംഘടനകൾ തുടക്കത്തിൽ മടിച്ചു നിന്നപ്പോൾ വിവിധ ഹിന്ദു സമാജം പ്രതിനിധികൾ ഇന്ത്യൻ എംബസ്സിയുടെയും കേരള സർക്കാരിന്റെയും സഹായത്തോടെയാണ് മൃതദേഹം മൂന്നാഴ്ചക്ക ശേഷം മാത്രം നാട്ടിൽ എത്തിക്കുന്നത്. എന്നാൽ ശിവപ്രസാദിന്റെ കാര്യത്തിൽ എന്ത് നടക്കുന്നു എന്ന് നാട്ടിലെ കുടുംബ അംഗങ്ങളെ അറിയിക്കാൻ ഉള്ള സാമൂഹ്യ ബാധ്യത ഉത്തരവാദിത്തപ്പെട്ട സംഘടനകൾ മറന്നു പോയ സാഹചര്യത്തിൽ വിവിധ ഹിന്ദു സംഘടനാ പ്രതിനിധികൾ നിരന്തരം കുടുംബവുമായി ബന്ധപ്പെട്ടാണ് സാഹചര്യങ്ങൾ വിശദമാക്കിക്കൊണ്ടിരുന്നത് . ഏതാനും പൊതുപ്രവർത്തകരുടെ സഹായവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു . ഇക്കാരണം കൊണ്ട് തന്നെ ഔപചാരികമായി ഇവരോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനും ശിവപ്രസാദിന്റെ മരണത്തിൽ യുകെ ഹിന്ദു മലയാളി സമൂഹത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നതിനും കൂടി ഉദ്ദേശിച്ചാണ് ഇന്നത്തെ കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച ആർക്കും ഈ പരിപാടിയിൽ പങ്കെടുക്കാമെന്നും ഇതിനായി ഔദ്യോഗിക ഭാരവാഹികൾ നിലവിൽ ഇല്ലാത്തതിനാൽ ആർക്കും പ്രത്യേക ക്ഷണം ഇല്ലാതെ പങ്കെടുക്കാമെന്നും കോഓഡിനേറ്റേഴ്സ് അറിയിച്ചു.

പ്രവർത്തന പരിപാടികൾ ഉൾപ്പെടെയുള്ള ഭാവി സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനാൽ എല്ലാ സമാജം ഭാരവാഹികളും പ്രതിനിധികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട് . ഭാവിയിൽ മരണം പോലുള്ള പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായ രൂപരേഖയോടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനോ യുകെയിൽ ശവസംസ്ക്കാരം സംബന്ധിച്ച സഹായങ്ങൾ ചെയ്യുന്നതിനോ മുൻഗണന നല്കുന്നതിനോടൊപ്പം പ്രാദേശിക സമാജങ്ങൾക്കു സഹായം ആവശ്യമായ ഘട്ടങ്ങളിൽ പൊതു പ്ലാറ്റ്ഫോം ആയി ഉപയോഗിക്കാൻ തക്ക വിധമുള്ള ദേശീയ പദ്ധതിയാണ് രൂപം കൊള്ളുക . മറ്റു സംഘടനകളും മത വിഭാഗങ്ങളുമായി സഹകരിക്കാൻ പറ്റുന്ന മേഖലകളിൽ പ്രവർത്തനം വിപുലപ്പെടുത്തി ഊഷ്മളമായ സാമൂഹിക സാഹചര്യം ഒരുക്കാൻ കഴിയുന്നതിനെ പറ്റിയും കൺവൻഷൻ ചർച്ച ചെയ്യും . അടുത്ത ആഴ്ച ലണ്ടൻ എംബസ്സിയിൽ ഹൈ കമ്മീഷണറുടെ ക്ഷണം ലഭിച്ച ഹിന്ദു സമാജം ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ വിശദീകരിക്കും.

കഴിഞ്ഞ ദിവസം നോട്ടിംഗ്ഹാമില്‍ മകളെയും പേരക്കുട്ടികളെയും സന്ദര്‍ശിക്കാന്‍ എത്തിയ പിതാവിന്റെ ശവസംസ്‌ക്കാര ചടങ്ങു യുകെയില്‍ തന്നെ നിശ്ചയിച്ചിരിക്കുന്നതിനാല്‍ വിവിധ ഹിന്ദു സമാജങ്ങളുടെ സഹകരണത്തോടെ മരണാനന്തര കര്‍മ്മങ്ങള്‍ ക്രോഡീകരിക്കുന്നത് നോട്ടിങ്ഹാം , ഡെര്‍ബി ഹിന്ദു സമാജങ്ങള്‍ക്കു കൈത്താങ്ങാകുവാന്‍ ആവശ്യമായ ക്രമീകരണങ്ങളും ഇന്നത്തെ യോഗം തീരുമാനിക്കും . പുതിയൊരു സംഘടനാ രൂപീകരണം എന്നതിലുപരി ഒറ്റപ്പെട്ടു പോകുന്ന സാഹചര്യങ്ങളില്‍ പരസ്പ്പരം കൈകോര്‍ക്കാനുള്ള ഒരു വേദി യുകെ ഹൈന്ദവ സമൂഹത്തിനു ആവശ്യമാണ് എന്ന തിരിച്ചറിവില്‍ ഓരോ വിശ്വാസിക്കും ഈ കണ്‍വന്‍ഷനില്‍ പങ്കെടുത്തു തന്റെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ഉണ്ടാകും . പരസ്പ്പരം ബന്ധപ്പെടാനും അത്യാവശ്യ ഘട്ടങ്ങളില്‍ സഹായ വാഗ്ദാനങ്ങള്‍ ക്രോഡീകരിക്കാനും ഉള്ള പൊതു വേദിയുടെ ആവശ്യകതയാണ് ഇന്നത്തെ കണ്‍വന്‍ഷന്റെ പ്രാഥമിക ഉദ്ദേശ്യം . ഇക്കാര്യം ഓരോരുത്തരുടെ മനസ്സില്‍ സ്വയം ചിന്തനീയമായ സാഹചര്യത്തില്‍ ഉച്ചക്ക് ഒരു മണി മുതല്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് പത്രക്കുറിപ്പ് അവസാനിക്കുന്നത് . യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമായ ബാലാജി ക്ഷേത്രം ട്രസ്റ്റിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഇന്നത്തെ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത് . ഭാവിയില്‍ ദക്ഷിണ ഇന്ത്യന്‍ ഹൈന്ദവ സമൂഹങ്ങളുമായി തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും കണ്‍വന്‍ഷന്റെ ഭാഗമായി രൂപം കൊള്ളും എന്നാണ് പ്രതീക്ഷ .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more