1 GBP =
breaking news

കാമ്പസുകളില്‍ തരംഗമായി കമല്‍ ഹാസന്‍ , രജനിയെയും ഞെട്ടിച്ച രാഷ്ട്രീയ തന്ത്രങ്ങള്‍

കാമ്പസുകളില്‍ തരംഗമായി കമല്‍ ഹാസന്‍ , രജനിയെയും ഞെട്ടിച്ച രാഷ്ട്രീയ തന്ത്രങ്ങള്‍

ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ ഗൗരവമായി ഇടപെടല്‍ നടത്തുന്ന കമല്‍ ഹാസന്‍ ലക്ഷ്യമിടുന്നത് യുവ സമൂഹത്തെ. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും കമലും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ തിളച്ചു മറയുന്ന തമിഴകത്ത് തന്ത്രപരമായ നീക്കത്താല്‍ രാഷ്ട്രീയ നേതൃത്വങ്ങളെ മാത്രമല്ല രജനിയെയും ഞെട്ടിച്ചിരിക്കുകയാണ് കമല്‍ ഹാസന്‍.

കാമ്പസുകള്‍ കേന്ദ്രീകരിച്ച് തരംഗമുണ്ടാക്കി ആ തരംഗം തെരുവിലേക്ക് വ്യാപിപ്പിക്കുന്ന രീതിയാണ് കമല്‍ ഹാസന്‍ ഇപ്പോള്‍ പയറ്റുന്നത്. സംസ്ഥാനത്ത് പര്യടനം നടത്തുന്ന കമല്‍ കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുമായി നടത്തുന്ന സംവാദം വലിയ സ്വീകാര്യത അദ്ദേഹത്തിന് നേടി കൊടുക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികളെ ആവേശത്തിലാക്കുന്ന പ്രതികരണങ്ങളാണ് എല്ലായിടത്തും കമല്‍ നടത്തുന്നത്. അഴിമതിക്കെതിരെ പോരാടിയ തന്റെ ‘ഇന്ത്യന്‍’ സിനിമക്ക് കാമ്പസുകളില്‍ ലഭിച്ച വരവേല്‍പ്പ് ചൂണ്ടിക്കാണിക്കാനും കമല്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

ഇന്ത്യനില്‍ ‘സേനാപതി’യുടെ കഥാപാത്രം അവതരിപ്പിച്ച കമലിന്റെ യൂണിഫോം അണിഞ്ഞാണ് അഴിമതിക്കെതിരായ പോരാട്ടത്തില്‍ കാമ്പസ് കമലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നത്. ഇന്ത്യന്‍ 2 ശങ്കറിന്റെ സംവിധാനത്തില്‍ വീണ്ടും പുറത്തിറക്കാനിരിക്കുന്ന സാഹചര്യത്തില്‍ കമലിന്റെ ഇപ്പോഴത്തെ നീക്കങ്ങളില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും ആശങ്കയിലാണ്.

കര്‍ണ്ണാടകക്കാരനായ രജനിക്കെതിരെ പ്രാദേശിക വികാരം ഉയര്‍ത്തി പ്രതികരിക്കാമെന്ന് ആശ്വസിച്ചിരിക്കുന്ന ഡി.എം.കെയും അണ്ണാ ഡി.എം.കെയും കമലിനെ എങ്ങനെ പ്രതിരോധിക്കുമെന്നതാണ് ഇപ്പോള്‍ തല പുകഞ്ഞ് ആലോചിക്കുന്നത്. ഈ പോക്ക് പോയാല്‍ കമലിന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി കാമ്പസില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങുമെന്ന് അവര്‍ ഭയപ്പെടുന്നു.

ജെല്ലിക്കെട്ട് വിഷയത്തില്‍ ലക്ഷങ്ങളെ മറീന ബീച്ചിലും തെരുവിലും ഇറക്കാന്‍ കഴിഞ്ഞത് വിദ്യാര്‍ത്ഥി മുന്നേറ്റമായിരുന്നു എന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. അഴിമതി തന്നെയാണ് ഇവിടെ പ്രധാനമായും കമല്‍ ആയുധമാക്കുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കമലുമായുള്ള മഖാമുഖം പരിപാടിയില്‍ ദിവസവും പങ്കെടുത്ത് വരുന്നത്.

കേരളത്തെ പോലെ തമിഴകത്തെ കാമ്പസുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയാത്തത് ഡി.എം.കെയ്ക്കും അണ്ണാ ഡി.എം.കെയ്ക്കും തിരിച്ചടിയാണ്.

സി.പി.എമ്മിന് തമിഴകത്ത് സ്വാധീനം കുറവാണെങ്കിലും ചില മേഖലകളില്‍ കാമ്പസുകളില്‍ എസ്.എഫ്.ഐക്ക് ശക്തമായ സംഘടനാ സംവിധാനമുണ്ട്. കമലിന്റെ കാമ്പസ് പരിപാടികള്‍ക്ക് പിന്നില്‍ നിന്നും ചുക്കാന്‍ പിടിക്കുന്നത് സി.പി.എം നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. മുന്‍ എസ്എഫ്‌ഐ നേതാവാണ് കാമ്പസ് ക്യാംപയ്ന്‍ കോഡിനേറ്റ് ചെയ്യുന്നത്

കടുത്ത ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കമലിന് ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ വലിയ തോതില്‍ ആര്‍ജിക്കാനും ഇതിനകം കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി നേതൃത്വവുമായുള്ള അടുപ്പവും രാഷ്ട്രീയ നിലപാടും രജനിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാവാന്‍ സാധ്യതയുള്ളതിനാല്‍ ആത്യന്തികമായി അത് കമലിന് ഗുണം ചെയ്‌തേക്കുമെന്ന് കരുതുന്നവരാണ് രാഷ്ട്രീയ നിരീക്ഷകര്‍.

അതേസമയം കമലും രജനിയും അടുത്ത സുഹൃത്തുക്കളാണെങ്കിലും അവര്‍ മത്സര രംഗത്തിറങ്ങിയാല്‍ ശക്തമായി നേരിടുമെന്നാണ് മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന ഡി.എം.കെ നേതാവ് സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുള്ളത്.

വിദ്യാര്‍ഥികളോട് സ്വതന്ത്രമായി ചിന്തിക്കാനും, സ്വതന്ത്രരായി ജീവിക്കാനുമാണ് കമല്‍ ‘മുഖാമുഖം’പരിപാടിയില്‍ ആഹ്വാനം ചെയ്തത്. അഴിമതിയെ വേരോടെ പിഴുതെറിയണമെങ്കില്‍ താഴെത്തട്ടില്‍ നിന്നു തന്നെ തുടങ്ങണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മ്മിപ്പിച്ചു. ഇതിന് വേണ്ടത് സത്യസന്ധതയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ നന്നാക്കാന്‍ നാം ആദ്യം തുടങ്ങേണ്ടത് നമ്മുടെ വീട്ടില്‍ നിന്നാണെന്നും, പിന്നീട് തെരുവിനെ നന്നാക്കുക, നാടിനെ നന്നാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും കമല്‍ വ്യക്തമാക്കി.

ദാരിദ്ര നിര്‍മാര്‍ജ്ജനം എന്ന പേരില്‍ സ്വന്തം ദാരിദ്രത്തെയാണ് നേതാക്കള്‍ മാറ്റുന്നത്. അവരുടെ പോക്കറ്റുകളും, അക്കൗണ്ടുകളും വീര്‍പ്പിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. അത്തരക്കാരുടെ സമ്പാദ്യമുള്ളത് സ്വിറ്റസര്‍ലാന്റിലെ അക്കൗണ്ടുകളിലുള്ളതെന്നും കമല്‍ തുറന്നടിച്ചു

ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ ആഗ്രഹിക്കുന്നത് സൗജന്യമായി മുന്നോട്ടു പോകാനാണ്. ടിക്കറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ യാത്ര ചെയ്യും. നമ്മള്‍ അടിമകളല്ല, നമുക്ക് നേതാക്കന്മാരെ ആവശ്യവുമില്ല, എല്ലാവരും നേതാക്കന്മാരാണ്. അത് നിങ്ങള്‍ മനസിലാക്കണം. എങ്കില്‍ മാത്രമേ അധികാരത്തിനെ കുറിച്ച് മനസിലാക്കാന്‍ സാധിക്കൂകയുള്ളു. നിങ്ങളുടെ ചുറ്റുപാടിനെ കുറിച്ച് നിങ്ങള്‍ വിജിലന്റായിരിക്കൂ. അതാണ് ആദ്യം വേണ്ടതെന്നും കമല്‍ പറഞ്ഞു. വന്‍ കരഘോഷത്തോടെയാണ് സായി റാം കോളജിലെ വിദ്യാര്ഥികള്‍ കമലിന്റെ വാക്കുകളെ എതിരേറ്റത്. വരും ദിവസങ്ങളില്‍ മറ്റു കാമ്പസുകളിലും സമാനമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

സിനിമയിലെന്ന പോലെ തിരഞ്ഞെടുപ്പിലും രജനി കമല്‍ ഏറ്റുമുട്ടല്‍ വന്നാല്‍ ഔട്ടായി പോകുമോയെന്ന ഭയത്തിലാണ് ഡി.എം.കെ. ഭരണപക്ഷമായ അണ്ണാ ഡി.എം.കെയാവട്ടെ ഇപ്പോള്‍ പരമാവധി സര്‍ക്കാരിന്റെ ആയുസ് നീട്ടി കിട്ടാന്‍ മാത്രമാണ് പ്രധാനമായും ആഗ്രഹിക്കുന്നത്. കമല്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ച് തരംഗമുണ്ടാക്കുമ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള പ്രചാരണത്തിലാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more