1 GBP = 104.20
breaking news

ക്രൈസ്തവ കാളിദാസൻ മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിള

ക്രൈസ്തവ കാളിദാസൻ മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിള

മലയാള ഭാഷയുടെ സുവർണ്ണകാലം ആയിരുന്നു പത്തൊൻപതാം ന്നൂറ്റാണ്ടു. കവിത്രയങ്ങൾ എന്നറിയപ്പെട്ട ആശാൻ, ഉള്ളൂർ, വള്ളത്തോൾ 
ജീവിച്ച കാലം. ഉള്ളൂരും വള്ളത്തോളും മഹാകാവ്യങ്ങൾ എഴുതി മഹാകവി പട്ടം നേടിയപ്പോൾ മഹാകാവ്യം എഴുതാതെ മഹാകവി പട്ടം നേടിയ കവിയായിരുന്നു കുമാരനാശാൻ. അതെ കാലഘട്ടത്തിൽ കോട്ടയം ജില്ലയിൽ പാലായിൽ ജീവിച്ച മഹാകവി ആയിരുന്നു കട്ടക്കയം 
ചെറിയാൻ മാപ്പിള. പാലായും സമീപ പ്രദേശങ്ങളും മലയാള ഭാഷക്ക് നിരവധി എഴുത്തുകാരെ സമ്മാനിച്ചിട്ടുണ്ട്. രാമപുരത്ത് വാരിയർ, മഹാകവി പാലാ നാരായണൻ നായർ, മലയാളത്തിലെ ആദ്യ യാത്രാവിവരണം എഴുതിയ പാറേമ്മാക്കൽ തോമാ കത്തനാർ, ലളിതാംബിക അന്തർജ്ജനം, കവി എഴാച്ചേരി രാമചന്ദ്രൻ, സക്കറിയ, പുതിയ തലമുറയിലെ സന്തോഷ് പാലാ അങ്ങനെ പോകുന്നു.

മലയാള ഭാഷയ്ക്ക് അവഗണിക്കാനാവാത്ത സംഭാവനകൾ നൽകിയ സാഹിത്യകാരനായിരുന്നു കട്ടക്കയം ചെറിയാൻ മാപ്പിള. എന്നാൽ 
അദ്ദേഹത്തിന്റെ സംഭാവനകൾ വേണ്ട രീതിയിൽ പരിഗണിച്ചിട്ടില്ല എന്നത് സത്യം. കവിതകളും നാടകങ്ങളും എഴുതി മലയാള സാഹിത്യരംഗത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ കട്ടക്കയം ചെറിയാൻ മാപ്പിള ശ്രീയേശു വിജയം എന്ന മഹാകാവ്യത്തിലൂടെ 
വളരെ പ്രശസ്തനായി.

കോട്ടയം ജില്ലയിലെ പാലായിൽ‌ 1859 ഫെബ്രുവരി 24 നു കട്ടക്കയം ഉലഹൻ‌ മാപ്പിളയുടേയും സിസിലിയുടേയും ഏഴുമക്കളിൽ‌ നാലാമനായി കട്ടക്കയം ജനിച്ചു. പ്രാഥമിക പഠനം എഴുത്തുകളരിയിൽ‌ നിന്നും പൂർ‌ത്തിയാക്കിയ അദ്ദേഹം സംസ്‌കൃതത്തിലും വൈദ്യശാസ്ത്രത്തിലും അറിവുനേടിയിരുന്നു. അമരകോശം, രഘുവംശം, നൈഷധം, മാഘം തുടങ്ങിയ മഹാകൃതികളും സഹസ്രയോഗം, അഷ്‌ടാം‌ഗഹൃദയം തുടങ്ങിയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു. ലാളിത്യവും വിനയവും മുഖമുദ്രയാക്കി, ക്രൈസ്തവമൂല്യങ്ങളിലധിഷ്‌ഠിതമായൊരു ജീവിത രീതിയായിരുന്നു അദ്ദേഹത്തിന്റേത്. നാട്ടുനടപ്പനുസരിച്ച് 17-മത്തെ വയസ്സിൽ‌ കൂടച്ചിറവീട്ടിൽ‌ മറിയാമ്മയെ വിവാഹം ചെയ്തു. പിതാവിന്റെ അകാലമരണത്തേ തുടർ‌ന്ന് വളരെ ചെറുപ്പത്തിൽ‌ തന്നെ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. സത്യനാദകാഹളം, ദീപിക, മലയാളമനോരമ തുടങ്ങിയ പത്രങ്ങളിൽ‌ നിരവധി കവിതകൾ‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളവർ‌മ്മ വലിയ കോയിത്തമ്പുരാനെ പോലെയുള്ള സാഹിത്യപ്രമുഖരുമായി നല്ല ബന്ധം പുലർ‌ത്തിപ്പോന്നിരുന്നു. 1913 -ഇൽ തുടങ്ങിയ വിജ്ഞാനരത്നാകരം എന്ന സാഹിത്യമാസികയുടെ പത്രാധിപരായി സേവനമനുഷ്‌ഠിച്ചു. മീനച്ചിൽ റബർ കമ്പനി എന്നപേരിൽ ഒരു റബർ വ്യാപാരസ്ഥാപനം തുടങ്ങന്നതിൽ അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1936 നവംബർ‌ 29 നു ആയിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം. 

കട്ടക്കയം ചെറിയാൻ മാപ്പിളയുടെ ഏറ്റവും പ്രസിദ്ധമായ കൃതി വിശുദ്ധ ബൈബിളിലെ പുതിയ നിയമത്തെ ആധാരമാക്കി രചിച്ച ശ്രീയേശുവിജയം എന്ന മഹാകാവ്യമാണ്. മലയാളിയുടെയും മലയാള ഭാഷയുടെയും ചുറ്റുപാടിലേക്ക് ബൈബിളിനെ പറിച്ചു നട്ട കവി എന്ന നിലയിലാണ് കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള ചരിത്രത്തിൽ ഇടം നേടിയത്. അതുവരെ നിലനിന്നിരുന്ന ബിബ്ളിക്കൻ ആഖ്യാനരീതിയിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു കട്ടക്കയത്തിന്റെ ശൈലി. ശ്രീയേശുവിജയം എന്ന കൃതിയിലൂടെ മഹാകവി എന്ന നിലയിൽ‌ അദ്ദേഹം പ്രസിദ്ധനായിത്തീർ‌ന്നു. ബൈബിൾ പുതിയ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ശ്രീയേശുവിജയത്തിന്റെ രചന 1911 നും 1926 നും ഇടയിലാണ് നിർ‌വഹിച്ചിട്ടുള്ളത്. 3719 പദ്യങ്ങൾ 24 സർഗ്ഗങ്ങളിലായി ഇതിൽ ക്രമീകരിച്ചിരിക്കുന്നു. പിന്നീട് ഇതേ മാതൃകയിൽ‌ അനേകം ഖണ്ഡകാവ്യങ്ങളും നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. 

ശ്രീയേശുവിജയം (1911-1926), എസ്തേർചരിതം, മാർത്തോമാചരിതം ( 1908), വനിതാമണി (1915), സൂസന്ന (1928),
മാത്തുതരകൻ (1924), തിരഞ്ഞെടുക്കപ്പെട്ട പാത്രം ( 1926), ആസന്നമരണചിന്താശതകം (1895), ജൂസേഭക്തൻ – 1880 എന്നീ കാവ്യങ്ങളും 
യൂദജീവേശ്വരി (1890), വില്ലാൾവട്ടം (1894), ഒലിവേർവിജയം (1897), സാറാവിവാഹം (1902), കലാവതി (1903) തുടങ്ങിയ നാടകങ്ങളും 
കൈരളിക്ക് അദ്ദേഹം നൽകിയ സംഭാവനകളാണ്. 

‘മിഷനറി അപ്പോലിസ്തിക്‌’ എന്ന ബഹുമതി പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പയിൽനിന്നു അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി (1931)
കേരളാ കത്തോലിക്ക കോൺഗ്രസ്സിൽ നിന്നും കീർത്തിമുദ്ര (സ്വർണപതക്കം)ലഭിച്ചു.

ഒരു ക്രിസ്ത്യാനിക്ക് മഹാകവിപ്പട്ടം ചാർത്തികൊടുക്കുന്നതിലെ വിഷമം കൊണ്ടാണോ അതോ കട്ടക്കയത്തിന്റെ കാവ്യപരിശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും ബോധപൂർ‌വം അദ്ദേഹത്തെ മാറ്റിനിർ‌ത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായോ ആണോ എന്നറിയില്ല കട്ടക്കയത്തിൻറെ ക്രൈസ്തവ കാളിദാസൻ എന്ന ഖ്യാതിയെ പരിഹസിച്ചുകൊണ്ട് രസകരമായ ഒരു ശ്ലോകം നിലവിലുണ്ട്. പാമ്പുകൾ‌ക്കു രാജാവായി പൊട്ടക്കുളത്തിലെ‌ നീർ‌ക്കോലി എന്നപോലെ, തട്ടിൻ‌ പുറത്തു മൃഗരാജാവായി എലി വിലസുന്നതു പോലെ, കാട്ടാളൻ‌മാരിലെ കാമദേവനായി കാപ്പിരി നടക്കുന്നതുപോലെ ക്രൈസ്‌തവരുടെ കാളിദാസനാണു കട്ടക്കയം എന്ന പരിഹാസമാണ് ആ കവിതയുടെ ആശയം. കവിത ഇങ്ങനെ:

“പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ
തട്ടിൻപുറത്താഖു മൃഗാധിരാജൻ‍
കാട്ടാളരിൽ കാപ്പിരി കാമദേവൻ
കട്ടക്കയം ക്രൈസ്തവകാളിദാസൻ”

കട്ടക്കയത്തിനോടുള്ള വിരോധമല്ല ഈ പരിഹാസത്തിന് കാരണമെന്നും അക്കാലത്ത് സമസ്യാപൂരണം എന്നൊരു സാഹിത്യവിനോദം പ്രചാരത്തിലുണ്ടായിരുന്നു . കട്ടക്കയം ക്രൈസ്തവ കാളിദാസൻ എന്നൊരാൾ നാലാം പാദം കൊടുത്തപ്പോൾ ഒരാൾ‌ രസകരമായ ഒരു പൂരണം എഴുതി; മറ്റു പൂരണങ്ങൾ ഇതുപോലെ പ്രസിദ്ധമായില്ല എന്നു മാത്രം. ഇതു പോലുള്ള കളിയാക്കലുകൾ അക്കാലത്ത് പ്രസിദ്ധമായിരുന്നു എന്നും വാദിക്കുന്നവരും ഉണ്ട്. 

മലയാള സാഹിത്യ രംഗത്ത് കട്ടക്കയം ചെറിയാൻ മാപ്പിള നൽകിയ സംഭാവനകൾ ചെറുതല്ല എന്നത് അദ്ദേഹത്തിന്റെ കൃതികൾ പഠന 
വിധേയമാക്കുന്നവർക്ക് മനസിലാകും. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more