1 GBP =
breaking news

ജോയിന്റ് ഓപ്പറേഷൻ സെന്ററിന് വീഴ്ച്ച പറ്റിയെന്ന് റിപ്പോർട്ട്; രക്ഷയ്‌ക്ക് തിരിച്ച 4 കപ്പലുകൾ ആലപ്പുഴയിൽ നങ്കൂരമിട്ടതാണ് രക്ഷാപ്രവർത്തനം വൈകിയത്

ജോയിന്റ് ഓപ്പറേഷൻ സെന്ററിന് വീഴ്ച്ച പറ്റിയെന്ന് റിപ്പോർട്ട്; രക്ഷയ്‌ക്ക് തിരിച്ച 4 കപ്പലുകൾ ആലപ്പുഴയിൽ നങ്കൂരമിട്ടതാണ് രക്ഷാപ്രവർത്തനം വൈകിയത്

തിരുവനന്തപുരം:’ഓഖി’ചുഴലിക്കാറ്റിൽ നടുക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ വ്യാഴാഴ്ച രാത്രി കൊച്ചിയിൽനിന്ന് പുറപ്പെട്ട 4 കപ്പലുകൾ ആലപ്പുഴയിൽ യാത്ര അവസാനിപ്പിച്ചതാണ് ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കാൻ വെെകിയതിന് കാരണമായത്. ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിക്കാതെ, വള്ളങ്ങളിലും ചെറുബോട്ടുകളിലുമായി ആയിരത്തിലേറെ തൊഴിലാളികൾ കടലിലാണെന്നും നൂറോളം പേർ കടലിൽ ഒഴുകിനടക്കുന്നുണ്ടെന്നും പൊലീസ് ആസ്ഥാനത്തുനിന്ന് കൊച്ചിയിലെ നാവികസേനയുടെ ജോയിന്റ് ഓപ്പറേഷൻസെന്ററിലും മാരിടൈം റെസ്ക്യൂസെന്ററിലും വ്യാഴാഴ്ച വൈകിട്ട് അറിയിച്ചിരുന്നു.

തീരസംരക്ഷണസേനയുടെ ആര്യമാൻ, അഭിനവ് കപ്പലുകൾ പുറപ്പെട്ടുകഴിഞ്ഞെന്നും രാത്രി പതിനൊന്നിന് വിഴിഞ്ഞത്ത് എത്തുമെന്നും ഓപ്പറേഷൻ സെന്റർ അറിയിച്ചു. കായംകുളം തീരത്തിന് 30നോട്ടിക്കൽ മൈൽ വടക്കായി 35വള്ളങ്ങൾ കൂട്ടിക്കെട്ടി മത്സ്യത്തൊഴിലാളികൾ നിലയുറപ്പിച്ചിരിക്കുന്നുണ്ടെന്ന സന്ദേശം രാത്രി 11.30ന് അഡി.ഐ.ജി സക്കറിയജോർജ്ജ് ജോയിന്റ് ഓപ്പറേഷൻ സെന്ററിന് കൈമാറി. വള്ളങ്ങൾ എളുപ്പത്തിൽകണ്ടെത്താൻ പ്രദേശത്തിന്റെ രേഖാംശം സഹിതമാണ് സന്ദേശമയച്ചത്. ഉൾക്കടലിൽ നിരീക്ഷണം നടത്തുന്ന തീരസംരക്ഷണസേനയുടെ ‘സാരഥി’ കപ്പൽ കൊച്ചിയിൽനിന്ന് പുറപ്പെട്ടുകഴിഞ്ഞതായാണ് മറുപടി കിട്ടിയത്. ഇതിനുപുറമേ നാവികസേനയുടെ രണ്ട് ഹെലികോപ്‌റ്ററുകൾ ഉടൻ സ്ഥലത്തെത്തുമെന്നും അറിയിച്ചു. എന്നാൽ വെള്ളിയാഴ്ച പുലർച്ചെയായിട്ടും കപ്പലുകളൊന്നും എത്തിയില്ല. എ.ഐ.ജി വിവരം തിരക്കിയപ്പോഴാണ് കപ്പലുകൾ ആലപ്പുഴ പുറംകടലിൽ യാത്രഅവസാനിപ്പിച്ചതായി മനസിലാക്കിയത്.

സർക്കാരിന്റെയും തീരദേശപൊലീസ് മേധാവിയുടെയും അഭ്യർത്ഥനപ്രകാരം കൊച്ചിയിൽനിന്ന് രാത്രി11ന് പുറപ്പെട്ട നാവികസേനയുടെ നിരീക്ഷക്,യമുന കപ്പലുകളും ആലപ്പുഴയിൽ നങ്കൂരമിട്ടു.80നാവികരും ചേതക് ഹെലികോപ്‌റ്ററും വഹിക്കുന്ന ഗവേഷണ ആവശ്യത്തിനുള്ള ഐ.എൻ.എസ് സാഗർധ്വനികപ്പൽ വിഴിഞ്ഞത്തുനിന്ന് തിരച്ചിലിന് പുറപ്പെടുമെന്ന് ഓപ്പറേഷൻസെന്റർ അറിയിച്ചെങ്കിലും പുറപ്പെട്ടില്ല.വിഴിഞ്ഞത്ത് തമ്പടിച്ചിരുന്ന തീരസംരക്ഷണസേനയുടെ വലിപ്പമേറിയ സി-427 ഇന്റർസെപ്‌റ്റർബോട്ടും വ്യാഴാഴ്ച പ്രതികരിച്ചില്ല. പുറ്റിങ്ങൽ ദുരന്തമുണ്ടായപ്പോൾ ഡോക്ടർമാരും മരുന്നുമായി ഈബോട്ട് തങ്കശേരി ഹാർബറിലെത്തിയിരുന്നു. കായംകുളത്ത് ശക്തമായ കടൽക്ഷോഭത്തിലകപ്പെട്ട 35വള്ളങ്ങളിലുണ്ടായിരുന്നവരെ, വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് കരയ്ക്കെത്തിക്കാനായത്. കേന്ദ്രനിർദ്ദേശം ലഭിക്കാത്തതും കടലിലെ അധികാരപരിധിയെ ചൊല്ലിയുള്ള തർക്കവുമാണ് രക്ഷാദൗത്യം വൈകിപ്പിച്ചത്.

ശശിതരൂർ വിവരമറിയിച്ചപ്പോൾ കേന്ദ്രപ്രതിരോധമന്ത്രി നിർമ്മലാസീതാരാമൻ അധികാരപരിധി മറികടന്ന് രക്ഷാദൗത്യം നടത്താൻ സേനകൾക്ക് അനുമതിനൽകിയതിനുശേഷമാണ് ആലപ്പുഴയിൽ നങ്കൂരമിട്ടിരുന്ന സേനാകപ്പലുകൾ പുറംകടലിലേക്ക് നീങ്ങിയത്. പിന്നാലെ,നേവിയുടെ സീ-കിംഗ് ഹെലികോപ്‌റ്ററുകളും മുംബയിൽനിന്ന് കോസ്റ്റ്‌ഗാർഡ് കപ്പലുകളും കേരളതീരത്തേക്കെത്തി.

40കുതിരശക്തിയുള്ള ഇരട്ടഎൻജിൻ ഘടിപ്പിച്ച ‘കപ്പൽവള്ളങ്ങൾ’ 100നോട്ടിക്കൽമൈൽവരെ പോകാറുണ്ട്. അതിനാൽ, അന്താരാഷ്ട്ര കപ്പൽചാലിൽ അകപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ കണ്ടാൽ രക്ഷപെടുത്തണമെന്ന് കേരളതീരംവഴി കടന്നുപോവുന്ന എല്ലാ കപ്പലുകൾക്കുംഇന്റർനാഷണൽസേഫ്‌റ്റിനെറ്റ്(ഐ.എസ്.എൻ) വഴി കേന്ദ്രം ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more