1 GBP = 104.15
breaking news

ബുദ്ധനേയും വിഴുങ്ങാൻ ഭൗതികവാദിയായ ചൈന…

ബുദ്ധനേയും വിഴുങ്ങാൻ ഭൗതികവാദിയായ ചൈന…

ജയകുമാർ നായർ.


ഏഷ്യാ ഭൂകാണ്ഡത്തിൽ പ്രധാനമായും ദക്ഷിണ, മദ്ധ്യ ഏഷ്യാ ഭാഗങ്ങളിൽ രണ്ടായിരം വർഷത്തെ ചരിത്രപരമായ സംസ്‌കാരിക മേധാവിത്വ൦ തങ്ങൾക്കാണ് എന്ന് ചൈന അവകാശപ്പെടുന്നു. അതോടൊപ്പം  ലോക ബുദ്ധമത വിഭാഗത്തിന്റെ നേതാക്കളും തങ്ങളാണെന്നും അവർ സ്വയം അവകാശപ്പെടുന്നു. ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. ചൈനയിലെ ഇപ്പോഴത്തെ ഭരണകൂടം  ഭൗതികവാദികൾ നേതൃത്വ൦ നൾകുന്നതാണ് എന്നിരുന്നാൽത്തന്നെയും, ചൈനക്കാരിലെ മഹാഭൂരിപക്ഷവും ബുദ്ധമത വിശ്വാസികൾ തന്നെ. മതവും സാംസ്‌കാരവും ഊടും, പാവുമായതിനാൽ വേർതിരിച്ചു കാണുവാൻ കഴിയില്ലെങ്കിൽത്തന്നെയും, ജനസംഖ്യ മാത്രം അടിസ്ഥാനമാക്കിയുള്ള അവരുടെ അവകാശവാദം അംഗീകരിച്ചു കൊടുക്കുവാൻ കഴിയുന്നതല്ല.


ഭാരത സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ലുംബിനിയിലെ (നേപ്പാൾ) ശുദ്ധോദന മഹാരാജാവിന്റെ മകൻ സിദ്ധാർഥൻ ഗൗതമ ബുദ്ധനായി മാറുന്നത് ബീഹാറിലെ ഗയയിൽ വെച്ചാണ്. തൻ്റെ ആദ്യ പ്രബോധനം നടത്തുന്നത് സാരാനാഥിലും (ഉത്തർ പ്രദേശ്). തുടർന്ന് ആശയങ്ങൾ  പ്രചരിപ്പിക്കുവാൻ തിരഞ്ഞെടുത്തത് ഇപ്പോഴും ഇന്ത്യയുടെ ഭാഗമായി നിലനിൽക്കുന്ന പ്രദേശങ്ങൾ തന്നെ.  മഹാസമാധി കുഷിനഗറിലും (ഉത്തർ പ്രദേശ്). അക്കാലത്തെ പ്രധാന വാണിജ്യ പാതകളുടെ സംഗമ സ്ഥാനവും, തിരക്കേറിയ വാണിജ്യ കേന്ദ്രവും ആയിരുന്ന സാരാനാഥിൽ നിന്നും, കച്ചവടക്കാർ അവർ സഞ്ചരിച്ച മേഖലകളിൽ ബുദ്ധ ദർശനങ്ങൾ പരിചയപ്പെടുത്തി. അങ്ങനെ അഫ്‌ഗാനും കടന്ന് മധ്യേഷ്യയിലേക്കും, ബലൂചിസ്താനും കടന്ന് ഇറാനിലേക്കും, ശ്രീലങ്കയും കടന്ന് ചെമ്പാ സമുദ്ര മേഖലയിലേക്കും (ചൈനാ കടൽ) ലഡാക്കും കടന്ന് ടിബറ്റിലേക്കും ബുദ്ധദർശനങ്ങൾ പ്രചരിച്ചു. തുടക്കത്തിൽ ഹൈന്ദവ നവോഥാന പ്രസ്ഥാനമായി തുടങ്ങി, വേദാന്ത തത്വങ്ങളെ അടിസ്ഥാനമാക്കി, പുതിയ ജീവിത മാർഗം ചൂണ്ടി കാട്ടുകയാണ് ബുദ്ധൻ ചെയ്‌തത്. കാലക്രമത്തിൽ അത് ഒരു മതമായി രൂപാന്തരപ്പെട്ടു. 


അശോക ചക്രവർത്തിയുടെ കാലത്തോടുകൂടി ബുദ്ധമത പ്രചാരണത്തിന് കൂടുതൽ വേഗതയും സ്വീകാര്യതയും കൈവന്നു. തക്ഷശില അടക്കമുള്ള പുരാതനമായ പല സർവകലാശാലകളും ബുദ്ധദർശനങ്ങളും പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തി. പല പുതിയ സർവകലാശാലകളും സ്ഥാപിക്കപ്പെട്ടു. അവിടെയെല്ലാം സംസ്‌കൃതം, വേദാന്ത൦, യോഗ, ആയുർവേദം, വ്യാകരണം തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കി തന്നെയായിരുന്നു ബുദ്ധ ദർശനങ്ങൾ പഠിപ്പിച്ചിരുന്നത്. തക്ഷശില കഴിഞ്ഞാൽ അക്കാലത്തെ പ്രധാനപ്പെട്ട മറ്റൊരു പാഠശാലയായിരുന്നു നളന്ത സർവകലാശാല (ബീഹാർ). തുർക്കിയിൽ നിന്നും എത്തിയ ഭക്ത്യാർ ഖിൽജിയുടെ  ആക്രമണത്തിൽ (1193 എ ഡി)  തീയിട്ടു നശിപ്പിക്കുന്നതുവരെ (ഏകദേശം1000 -1200 വർഷത്തോളം)  വിശ്വവിദ്യാലയമായി നളന്ത നിലകൊണ്ടു. ഭക്ത്യാർ ഖിൽജിയുടെ പേര്  അടുത്തുള്ള പട്ടണത്തിനു നൽകി (ഭക്ത്യാർപൂർ) നമ്മൾ അയാളെ ബഹുമാനിച്ചു.

 
പാട്ടുപാതയിലൂടെ ലഡാക്കും ടിബറ്റും കടന്ന് ബുദ്ധമതം ചൈനയിൽ എത്തി. ഒപ്പം സമാന്തരമായി തന്നെ കടൽ മാർഗവും കച്ചവടക്കാർ ബുദ്ധമതം ചൈനയിലേക്കെത്തിച്ചു. തമിഴകത്തുനിന്നും ബുദ്ധധർമ പ്രചാരണത്തിനായി ചൈനയിൽ എത്തിയ ബോധിധർമ്മനും ചൈനീസ് ജനതയിൽ വൻ സ്വാധിനം ചെലുത്തി. (‘കുങ്ഫു’ എന്ന ആയോധന കലയുടെ ഉപജ്ഞാതാവ്). ഒരു വിദേശ മതം ചൈനയിലെ ജനങ്ങൾക്കിടയിൽ കാര്യമായ സ്വാധിനം ചെലുത്തുന്നു എന്ന് മനസിലാക്കിയ കൺഫ്യൂഷ്യസ് എന്ന ദേശീയ ചിന്തകൻ ചൈനക്കാരാണ് ലോകത്തിലെ ഏറ്റവും സ്രേഷ്ടമായ ജനവിവിഭാഗമെന്നും, മറ്റുള്ളവർ ചൈനക്കാരാൽ ഭരിക്കപ്പെടേണ്ടവരാണ് എന്നുമുള്ള  അമിത ദേശീയ ബോധം അവരിൽ കുത്തിനിറച്ചു.നളന്ത സർവകലാശാലയിലെ വിദേശ വിദ്യാർഥികളിൽ ഒരാളായിരുന്നു ഹ്യൂയാൻ സാംങ് (Hieun-Tsang) എന്ന ചൈനീസ് ചിന്തകൻ ബുദ്ധ മതത്തെ കുറിച്ച് കൂടുതൽ അറിയുവാൻ നളന്തയിൽ എത്തിയ അദ്ദേഹം 18 മാസത്തോളം അവിടെ ചിലവഴിച്ചു. ചുരുക്കത്തിൽ ബുദ്ധസംഹിതകളും, കൺഫ്യൂഷ്യസ് ആശയങ്ങളും, ബോധിധർമൻ, ഹ്യൂയാൻ സാംങ്, എന്നിവരുടെ ചിന്താധാരകളും കൂടിച്ചേർന്ന ഒന്നായിമാറി  ചൈനീസ് ബുദ്ധമതം.


ഇക്കാലമത്രയും ജപം, ധാന്യം, യോഗ, അഹിംസ തുടങ്ങിയ അടിസ്ഥാന തത്വങ്ങളെ ആസ്പദമാക്കി ടിബറ്റിൽ ബുദ്ധമതം നിലകൊണ്ടു. ബുദ്ധമതത്തിലെ ആദ്ധ്യാത്മിക ചിന്തകളുടെ കേന്ദ്രമായിരുന്ന ടിബറ്റിനെ ചൈന (1950-51) പിടിച്ചടക്കി. ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തു. തുടർന്ന് ടിബറ്റിന്റെ തനതായ ചിന്താധാരയെയും സംസ്കാരത്തെയും ഉൻമൂലനം ചെയ്യുവാൻ ചൈന ശ്രമം ആരംഭിച്ചു, അതിലവർ ഭാഗികമായി വിജയിക്കുകയും ചെയ്‌തു. എന്തിനേറെ പഞ്ചൽലാമയെയും, ദലൈലാമയുടെ പുനർജന്മവും തീരുമാനിക്കുന്ന നിലയിലേക്ക് പോലും ചൈനീസ് ഭരണകൂടം എത്തി. ഇന്ത്യയിൽ നിന്നും കടംകൊണ്ട വിശ്വാസ പ്രമാണങ്ങളെ മുൻനിർത്തി ലോക ബുദ്ധമതത്തിന്റെ നേതൃത്വം അവകാശപെടുന്നതിനെയും, അവരുടെ സാമ്രാജ്യ വിസ്തൃതി വാദത്തെയും ഒരുമിച്ചു കാണേണ്ടതാണ്. കാരണം ചെമ്പാ സമുദ്രത്തോട്‌ (ചൈനാ കടൽ) ചേർന്ന് കിടക്കുന്ന എല്ലാ രാജ്യങ്ങളിലും  ബുദ്ധമതം ഇപ്പോഴും നിലനിൽക്കുന്നു. ദക്ഷിണ കൊറിയ മുതൽ ഇറാൻതീരം വരെയും ശ്രീലങ്ക മുതൽ ബാൾട്ടിക്‌ റിപ്പബ്ലിക്കുകൾ വരെയും ബുദ്ധമതത്തിൻറെ വേരുകൾ  ഇപ്പോഴും കാണാം.


ടിബറ്റിലെ ലാസ ഒഴികെ മറ്റു പ്രധാന ബുദ്ധമത പുണ്യ സ്ഥാനങ്ങൾ ഒന്നും തന്നെ രാജ്യത്തില്ലാത്ത ചൈന സ്വതസിദ്ധമായ ചതിപ്രയോഗത്തിലൂടെ ലുംബിനി സ്വന്തമാക്കുവാൻ ശ്രമിക്കുന്നു എന്നുവേണം കരുതാൻ.ടിബറ്റിൽ നിന്നും ലുംബിനിയിയിലേക്കുള്ള റയിൽ,റോഡ്,വ്യോമ പാതകളാണ് ആദ്യപടി. നേപ്പാളിലെ സർക്കാർ വിദ്യാലയങ്ങളിൽ ചൈനീസ് ഭാഷ പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു. മുപ്പതോളം ചൈനീസ് സാംസ്‌കാരിക കേന്ദ്രങ്ങൾ പുതുതായി തുറക്കപ്പെട്ടു. അടിസ്ഥാന സൗകര്യമേഖലകളിലും, വ്യവസായ മേഖലകളിലും പരിഗണനയിലുള്ള പദ്ധതികൾ കൂടി നടപ്പാക്കിയാൽ നേപ്പാൾ ചൈനീസ് കടക്കെണിയിലാകും. കാലങ്ങളായി ഏകസന്താന കുടുംബാസൂത്രണ രീതി പിൻതുടരുന്ന ചൈനയുടെ  ജനസംഖ്യയിൽ  ആൺ, പെൺ അനുപാദത്തിൽ വളരെ വലിയ അന്തരമാണ് ഇന്നുള്ളത് (പെൺകുട്ടികളുടെ എണ്ണം വളരെ കുറവാണ്). ചൈനക്കാർ നേപ്പാളിൽ നിന്നും വ്യാപകമായി വിവാഹ ബന്ധത്തിൽ ഏർപ്പെടുകയും, ഇന്ത്യയുമായി ഉണ്ടാക്കി എടുത്ത നേപ്പാളിന്റെ ശത്രുതാ മനോഭാവം നിലനിർത്തുകയും ചെയ്താൽ, ഭാവിൽ ഒരു വെടിയുണ്ട പോലും ചിലവാക്കാതെ ലുംബിനിയും, നേപ്പാളും ചൈനയുടെ ഭാഗമാകും. അരുണാചലിലെ തവാങ് കൂടി പിടിച്ചടക്കിയാൽ ലോക ബുദ്ധമത നേതൃത്വവും ചൈനക്ക് സ്വന്തമാക്കാം.


മാമ്മല പുരത്തേക്ക്  ചൈനീസ് പ്രസിഡണ്ടിനെ എത്തിച്ചതിനു പിന്നിലുള്ള തന്ത്രം പൂർണമായി ഉൾക്കൊള്ളുവാൻ അവർക്കു കഴിയാതെ വന്നതോ, തങ്ങളുടെ അവകാശവാദങ്ങൾക്ക് ചരിത്രപരമോ വസ്തുതാപരമോ ആയ പിൻബലം ഇല്ല എന്ന തിരിച്ചറിവോ ആകാം ചൈനയുടെ പുതിയ തന്ത്രങ്ങൾക്ക് അടിസ്ഥാനം. നേപ്പാൾ രാജാക്കൻമാർ അനൗദ്യോഗികമായി താല്പര്യം പ്രകടിപ്പിച്ചിട്ടുപോലും നേപ്പാളിനെ ഇന്ത്യയുടെ ഭാഗമാക്കാതിരുന്ന നെഹ്‌റുവിന്റേയും പിൻഗാമികളുടെയും തീരുമാനവും, (ജനക് പൂർ, ലുംബിനി എന്നീ സ്ഥലങ്ങളുടെ പ്രാധാന്യമെങ്കിലും അവർ പരിഗണിക്കേണ്ടിയിരുന്നു) നേപ്പാളിലെ രാജഭരണം അവസാനിപ്പിക്കുവാനുള്ള സോണിയാ ഗാന്ധിയുടെതീരുമാനം (Ref, Amar Bhushan – Inside Napal / The walk-In) ഒന്നാം യു പി എ സർക്കാരിലൂടെ നടപ്പാക്കിയതും, ഒടുവിൽ ഒന്നാം എൻ ഡി എ സർക്കാരിന്റെ കാലത്തെ  മാസങ്ങളോളം നീണ്ടുനിന്ന വ്യാപാര ഉപരോധവും, ഇന്ത്യയുടെ നേപ്പാൾ നയത്തിലെ  ചരിത്രപരമായ പാളിച്ചകൾ തന്നെ. അതിന് ഇന്ത്യ കനത്ത വില തന്നെ നൽകേണ്ടതായി വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more