1 GBP = 104.13
breaking news

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. വാജ്‌പേയി മന്ത്രി സഭയില്‍ വിദേശകാര്യം പ്രതിരോധം ധനകാര്യം എന്നീ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാല് തവണ ലോക്‌സഭാംഗമായിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചു. 1998നും 99നും ഇടയില്‍ ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയിരുന്നു. 2004ല്‍ വാജ്‌പേയി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതിന് പിന്നാലെ 2009 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായി.

2009ലെ തോല്‍വിയേക്കുറിച്ച് ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ടതിനേത്തുടര്‍ന്ന് ബിജെപി സ്ഥാപകാംഗമായ ജസ്വന്തിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായി. അദ്ദേഹം എഴുതിയ പുസ്തകത്തില്‍ മുഹമ്മദലി ജിന്നയെ അനുകൂലിക്കുന്ന പരാമര്‍ശമുണ്ടായതും ബിജെപിയില്‍ ജസ്വന്ത് സിംഗിനെ അനഭിമതനാക്കി. ബിജെപിയിലെ അധികാരം അമിത് ഷായിലും മോഡിയിലും കേന്ദ്രീകരിച്ചതോടെ അദ്വാനി പക്ഷക്കാരനായിരുന്ന ജസ്വന്ത് സിംഗ് മാറ്റിനിര്‍ത്തപ്പെട്ടു. 2014 തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനേത്തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച ജസ്വന്ത് സിംഗിനെ ബിജെപി പുറത്താക്കി. 2014 ഓഗസ്റ്റ് ഏഴിന് വീട്ടിലെ കുളിമുറിയില്‍ തെന്നിവീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ ജസ്വന്ത് സിംഗ് കോമയിലായിരുന്നു ഇതുവരെ. ജസ്വന്ത് സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി.

1938ല്‍ രാജസ്ഥാനിലെ ജസോളിലാണ് ജസ്വന്തിന്റെ ജനനം. അജ്‌മേറിലെ മയോ കോളേജിലും കഥക്‌വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലുമായി പഠനം. 1957 മുതല്‍ 1966 വരെ ഇന്ത്യന്‍ ആര്‍മിയില്‍ സൈനിക ഓഫീസറായിരുന്നു. 60കളുടെ അന്ത്യത്തില്‍ തന്നെ രാഷ്ട്രീയത്തിലേക്ക് കടന്നെങ്കിലും 1980ലാണ് രാജ്യസഭാംഗത്വത്തോടെ മുന്‍നിരയിലേക്കെത്തുന്നത്. 1996 മെയ് 16 മുതല്‍ ജൂണ്‍ ഒന്ന് വരെ മാത്രം നിലനിന്ന വാജ്‌പേയ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി. ഭാര്യയും രണ്ട് മക്കളും രണ്ട് പേരക്കുട്ടികളും അടങ്ങുന്നതാണ് കുടുംബം. മൂത്തമകന്‍ മാനവേന്ദ്ര സിംഗ് മുന്‍ ബാര്‍മര്‍ എംപിയാണ്. ജസന്വന്ത് സിംഗിന്റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more