1 GBP = 104.21
breaking news

‘ഇന്ത്യൻ താരം ഹർഭജൻ സിങ് ഇസ്ലാംമതം സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു’; ഇൻസമാമുൽ ഹഖിന്റെ വെളിപ്പെടുത്തൽ

‘ഇന്ത്യൻ താരം ഹർഭജൻ സിങ് ഇസ്ലാംമതം സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു’; ഇൻസമാമുൽ ഹഖിന്റെ വെളിപ്പെടുത്തൽ

ലാഹോർ: ഇന്ത്യൻ ​ക്രിക്കറ്റ് മുൻ താരം ഹർഭജൻ സിങ് ഇസ്‌ലാംമതം സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇൻസമാമുൽ ഹഖ് . ‘പാകിസ്ഥാൻ അൺടോൾഡ്’ എന്ന ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇൻസമാമിന്റെ വെളിപ്പെടുത്തൽ.

പാക് മതപണ്ഡിതനായ താരിഖ് ജമീലിന്റെ വാക്കുകളില്‍ നിന്നും പെരുമാറ്റത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മതംമാറ്റത്തിനുള്ള ആഗ്രഹം പങ്കുവച്ചതെന്നാണ് ഇൻസമാം വെളിപ്പെടുത്തിയത്. ഇന്ത്യൻ ടീമിന്റെ പാക് പര്യടനത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ പാക് താരങ്ങൾ നമസ്‌കരിക്കുന്ന സ്ഥലത്തേക്ക് സഹീർ ഖാൻ, ഇർഫാൻ പത്താൻ, മുഹമ്മദ് കൈഫ് അടക്കമുള്ള താരങ്ങൾ എത്താറുണ്ടായിരുന്നു.

പിന്നീട് സഹീറിനും പത്താനുമൊപ്പം മറ്റ് നാല് ഇന്ത്യൻ താരങ്ങളും നമസ്‌കാര ഹാളിലെത്തിയിരുന്നു. ഇക്കൂട്ടത്തിലാണ് ഹർഭജനും ഉണ്ടായിരുന്നത്. നമസ്‌കാരം അടക്കമുള്ള ആരാധനാ കർമങ്ങൾ വീക്ഷിക്കാനായിരുന്നു ഇവർ എത്തിയിരുന്നത്. ഈ സമയത്ത് താരിഖ് ജമീലും താരങ്ങൾക്കൊപ്പം നമസ്‌കാരത്തിൽ പങ്കെടുക്കാനെത്താറുണ്ടായിരുന്നു. നമസ്‌കാരശേഷം അദ്ദേഹത്തിന്റെ ഉപദേശവുമുണ്ടാകും.

ഇത്തരത്തിൽ താരിഖ് ജമീലിന്റെ വാക്കുകൾ കേട്ടും പെരുമാറ്റം കണ്ടും ആകൃഷ്ടനായാണ് ഇസ്ലാം സ്വീകരിക്കാനുള്ള ആഗ്രഹം പങ്കുവച്ചതെന്നാണ് ഇൻസമാം വെളിപ്പെടുത്തിയത്. എന്നാൽ, തന്റെ കോലം കണ്ടിട്ടാണ് മതംമാറാത്തതെന്നും താരം വ്യക്തമാക്കിയെന്നും മുൻ പാക് നായകൻ കൂട്ടിച്ചേർത്തു. മുസ്ലിങ്ങളുടെ പ്രവർത്തനം കണ്ടാണ് മറ്റുള്ളവർ മതത്തിൽനിന്ന് അകലുന്നതെന്ന് വിശദീകരിക്കാനായിരുന്നു ഇൻസമാം ഈ അനുഭവം പങ്കുവച്ചത്.

എന്നാൽ, വെളിപ്പെടുത്തലിനെ കുറിച്ച് ഹർഭജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ആം ആദ്മി പാർട്ടി അംഗത്വമെടുത്ത ഇന്ത്യൻ സ്പിൻ ഇതിഹാസം പാർട്ടി അക്കൗണ്ടിൽ നിലവിൽ രാജ്യസഭാ അംഗവുമാണ്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഇൻസമാമിന്റെ വീഡിയോ പ്രചരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more