1 GBP = 105.40
breaking news

പരമ്പര റാഞ്ചി ഇന്ത്യ; നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി

പരമ്പര റാഞ്ചി ഇന്ത്യ; നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി


ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. റാഞ്ചിയിൽ നടന്ന നാലാം മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ മിന്നും ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഒരു സെഷനും ഒരു ദിവസവും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മാർച്ച് 7 മുതൽ ധർമശാലയിൽ ആരംഭിക്കും.

ഇന്ത്യയ്ക്കായി രോഹിത് ശർമയും (54) ശുഭ്മാന്‍ ഗില്ലും (52) അർദ്ധ സെഞ്ച്വറി നേടി. യശസ്വി ജയ്‌സ്വാൾ (37), ജുറെൽ (39) എന്നിവർ മികച്ച പ്രകടനം നടത്തിയപ്പോൾ രജത് പാട്ടിദാർ (0), രവീന്ദ്ര ജഡേജ (4), സർഫറാസ് ഖാന്‍ (0) എന്നിവർ മങ്ങി. ഒരു ഘട്ടത്തിൽ 120-5 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ശുഭ്മാന്‍ ഗില്ലിന്റേയും ധ്രൂവ് ജൂറലിന്റേയും ചെറുത്തു നില്‍പ്പ് തുണയാവുകയായിരുന്നു. ഇരുവരും വേർപിരിയാതെ ആറാം വിക്കറ്റില്‍ 72 റണ്‍സ് ചേർത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ റാഞ്ചി ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 122 റൺസെടുത്ത് ജോ റൂട്ട് തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 353 റൺസ് നേടി. ഇന്ത്യയ്ക്ക്‌ വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകൾ വീഴ്ത്തി‌. ഇന്ത്യയാവട്ടെ ആദ്യ ഇന്നിങ്സിൽ 307 റൺസിനാണ് വീണത്. 90 റൺസെടുത്ത ധ്രുവ് ജൂറലായിരുന്നു ടീമിന്റെ ടോപ് സ്കോറർ. 73 റൺസ് നേടി യശസ്വി ജയ്സ്വാളും ഇന്ത്യൻ നിരയിൽ തിളങ്ങി. 46 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി ഇംഗ്ലണ്ട് കളിച്ചെങ്കിലും രണ്ടാം ഇന്നിംഗ്‌സിൽ തകർന്നു. അശ്വിൻ അഞ്ച് വിക്കറ്റും കുൽദീപ് നാല് വിക്കറ്റും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് വെറും 145 റൺസിന് പുറത്തായി.

നാട്ടിൽ ഇന്ത്യൻ ടീമിൻ്റെ തുടർച്ചയായ 17-ാം ടെസ്റ്റ് പരമ്പര വിജയമാണിത്. 17 ടെസ്റ്റ് പരമ്പരകൾ തുടർച്ചയായി ജയിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. 2012 നവംബറിൽ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ഇന്ത്യൻ ടീം ഹോം ടെസ്റ്റ് പരമ്പര തോറ്റത്. അതിനുശേഷം ഒരു ടെസ്റ്റ് പരമ്പര പോലും തോറ്റിട്ടില്ല. സ്വന്തം തട്ടകത്തിൽ തുടർച്ചയായി 10 ടെസ്റ്റ് പരമ്പരകൾ നേടിയ കംഗാരു ടീം രണ്ടാം സ്ഥാനത്താണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more