1 GBP = 104.15
breaking news

അവസരം മുതലാക്കി സഞ്ജു; മിന്നും പ്രകടനവുമായി ദീപക് ഹൂഡ; പരമ്പര സ്വന്തമാക്കി ഇന്ത്യ

അവസരം മുതലാക്കി സഞ്ജു; മിന്നും പ്രകടനവുമായി ദീപക് ഹൂഡ; പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്നലെ നടന്ന അയർലന്‍ഡിനെതിരായ ടി20 മത്സരം മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. കാരണം മറ്റൊന്നുമല്ല, അത് സഞ്ജു തന്നെ!. മൂന്നരക്കോടി മലയാളികളുടെ സ്വപ്നങ്ങളും നെഞ്ചിലേറ്റി ബാറ്റിങ്ങിനിറങ്ങിയ സഞ്ജു അനാവശ്യമായി വിക്കറ്റ് വലിച്ചെറിയാതെ, കരുതലോടെ മുന്നേറിയപ്പോൾ പിറന്നത് ദീപക് ഹൂഡയ്ക്കൊപ്പമുള്ള ഒരു കിടുക്കാച്ചി റെക്കോർഡ്. ഇന്ത്യൻ ടീമിൽ ഇവരുണ്ടാകണം എന്ന് അടിവരയിടുന്ന കളിയാണ് ഇന്നലെ ഇരുവരും പുറത്തെടുത്തത്. കാലം ഓർത്തിരിക്കുന്ന തീപ്പൊരി കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഇന്നലെ കുറിച്ചത്. രണ്ടാം വിക്കറ്റിലൊന്നിച്ച് 176 റണ്‍സ് കൂട്ടിച്ചേർത്ത ദീപക് ഹൂഡയും സഞ്ജു സാംസണും കാണികളുടെ മനസും സ്നേഹവും മോഷ്ടിച്ച ശേഷമാണ് ഡ്രസിം​ഗ് റൂമിലെത്തിയത്.

രാജ്യാന്തര ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഡബ്ലിനില്‍ അടിച്ചുകൂട്ടിയ 176 റണ്‍സ്. രണ്ടാം വിക്കറ്റിലായിരുന്നു ഇരുവരുടേയും റെക്കോർഡ് സ്കോർ. രോഹിത് ശർമ്മയുടെയും കെ എല്‍ രാഹുലിന്റെയും റെക്കോർഡാണ് ഇന്നലെ തകർന്നടിഞ്ഞത്. ശ്രീലങ്കയ്ക്കെതിരെ ഇന്‍ഡോറില്‍ രോഹിത് ശർമ്മയും കെ എല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ ചേർത്ത 165 റണ്‍സിന്‍റെ റെക്കോർഡാണ് പഴങ്കഥയായത്. അത് 2017ല്‍ ആയിരുന്നു.

അയര്‍ലന്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസൺ അർധ സെഞ്ച്വറി നേടിയപ്പോൾ ദീപക് ഹൂഡ അതിവേ​ഗം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു. രാജ്യാന്തര ടി20 കരിയറിലെ ആദ്യ സെഞ്ച്വറി അടിച്ചെടുത്ത ദീപക് ഹൂഡ 57 പന്തില്‍ 9 ഫോറും ആറ് സിക്സറും സഹിതമാണ് 104 റണ്‍സെടുത്തത്. രാജ്യാന്തര ക്രിക്കറ്റിലെ സഞ്ജുവിന്റെ ആദ്യ അർധ സെഞ്ച്വറിയാണിത്. 42 പന്തിൽ 77 റൺസെടുത്താണ് സഞ്ജു പുറത്തായത്. 31 പന്തിലായിരുന്നു ഫിഫ്റ്റി. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. മത്സരത്തില്‍ അയര്‍ലന്‍ഡിനെ നാല് റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പരയും സ്വന്തമാക്കി.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 13 റണ്‍സിനിടെ ആദ്യ വിക്കറ്റ് വീണ ഇന്ത്യക്കായി ദീപക് ഹൂഡയ്ക്കൊപ്പം രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണ്‍ തകർത്താടി. ഇരുവരും ചേർന്ന് 12-ാം ഓവറില്‍ ടീമിനെ 100 കടത്തി. തുടക്കത്തില്‍ ഹൂഡയായിരുന്നു കൂടുതല്‍ അപകടകാരിയായി ബാറ്റ് വീശിയത്. എന്നാല്‍ ഇടയ്ക്കിടയ്ക്ക് മനോഹരമായ ബൗണ്ടറികളുമായി സഞ്ജു മുന്നോട്ട് കുതിച്ചു. 13-ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറി നേടിയാണ് സഞ്ജു കന്നി അർധ സെഞ്ച്വറി തികച്ചത്.

അർധ സെഞ്ചുറിക്ക് പിന്നാലെ ആഞ്ഞടിച്ച സഞ്ജു ഒന്‍പത് ഫോറും നാല് സിക്സും ഉൾപ്പടെയാണ് 42 പന്തില്‍ 77 റണ്‍സെടുത്തത്. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നലെ മത്സരത്തിന് ഇറങ്ങിയത്. ഋതുരാജ് ഗെയ്ക്‌വാദ്, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവരാണ് ടീമിലെത്തിയത്. ടോസിന്റെ സമയത്ത് സഞ്ജു ടീമിലുണ്ടെന്ന് ഹാര്‍ദിക് പറഞ്ഞതോടെ ഗാലറിയില്‍ നിറഞ്ഞ കൈയടികളായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിനാണ് തോല്‍പ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more