1 GBP = 107.76
breaking news

ഓഹരികൾ വൻതോതിൽ വിറ്റഴിച്ചു; ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണം നിക്ഷേപകർ നേരത്തേ അറിഞ്ഞെന്ന വെളിപ്പെടുത്തലുമായി യു.എസ് ഗവേഷക സംഘം

ഓഹരികൾ വൻതോതിൽ വിറ്റഴിച്ചു; ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണം നിക്ഷേപകർ നേരത്തേ അറിഞ്ഞെന്ന വെളിപ്പെടുത്തലുമായി യു.എസ് ഗവേഷക സംഘം

ജറൂസലം: ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണം നിക്ഷേപകർ നേരത്തേ അറിഞ്ഞെന്ന വെളിപ്പെടുത്തലുമായി യു.എസ് ഗവേഷക സംഘം. ന്യൂയോർക് യൂനിവേഴ്സിറ്റിയിലെ പ്രഫസർ റോബർട്ട് ജാക്സൺ ജൂനിയർ, കൊളംബിയ യൂനിവേഴ്സിറ്റിയിലെ ജോഷ്വ മിറ്റ്സ് എന്നിവരാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ആക്രമണത്തിന് പിന്നാലെ വൻവിലയിടിവ് മുൻകൂട്ടി കണ്ട് വലിയ വിലക്ക് ഓഹരികൾ വിറ്റഴിച്ച് പിന്നാലെ തുച്ഛവിലക്ക് അവ സ്വന്തമാക്കിയെന്നാണ് ആരോപണം.

‘ആക്രമണത്തിന് നാളുകൾ മുമ്പ് ഓഹരി വ്യാപാരികൾ വരാനിരിക്കുന്ന സംഭവങ്ങൾ കാത്തിരിക്കുന്ന പോലെയായിരുന്നു’ -66 പേജ് വരുന്ന റിപ്പോർട്ട് പറയുന്നു. അതുവരെയും കാര്യമായി ഇടപാടുകൾ നടക്കാതിരുന്ന എം.എസ്.സി.ഐ ഇസ്രായേൽ ട്രേഡഡ് ഫണ്ടിൽ (ഇ.ടി.എഫ്) ഒക്ടോബർ രണ്ടിന് ആവശ്യം വൻതോതിൽ വർധിച്ചതാണ് അതിലൊന്ന്. ആക്രമണത്തിന് മണിക്കൂറുകൾ മുമ്പ് തെൽഅവീവ് ഓഹരി വിപണിയിൽ ഇസ്രായേലി ഓഹരികൾ സമാനതകളില്ലാത്ത വിറ്റഴിക്കൽ നടന്നെന്നും സംഘം വ്യക്തമാക്കുന്നു.

ഓഹരികൾക്ക് വൻ വിലയിടിവ് മുന്നിൽ കണ്ടുള്ള വിറ്റഴിക്കലാണ് ഇവിടെ നടന്നത്. ഇങ്ങനെ വിലയിടിഞ്ഞ ഓഹരികൾ കുറഞ്ഞ വിലക്ക് വീണ്ടും സ്വന്തമാക്കുന്നതാണ് രീതി. ഇസ്രായേലിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടങ്ങളിൽപോലും കാണാത്ത വിറ്റഴിക്കലാണ് നടന്നതെന്ന് ഗവേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2008ലെ ലോകമാന്ദ്യം, 2014ലെ ഇസ്രായേൽ- ഗസ്സ യുദ്ധം, കോവിഡ് മഹാമാരി എന്നീ കാലഘട്ടങ്ങളിൽപോലും ഇത്രവലിയ വിറ്റഴിക്കൽ നടന്നിട്ടില്ല. ശരാശരി ദിവസത്തിൽ 2000 ഓഹരികൾ വിൽപന നടന്നിരുന്നത് ഒക്ടോബർ രണ്ട് 2,27,000 ആയിരുന്നു വ്യാപാരം. ഒരു ഇസ്രായേൽ കമ്പനി ഈ ദിവസം ഒറ്റക്ക് ഒമ്പത് ലക്ഷം ഡോളർ ലാഭമുണ്ടാക്കിയതായാണ് കണ്ടെത്തൽ.

ഇസ്രായേലിലെ ഏറ്റവും വലിയ ബാങ്കായ ല്യൂമി 44.3 ലക്ഷം ഓഹരികളാണ് സെപ്റ്റംബർ 14 മുതൽ ഒക്ടോബർ അഞ്ചുവരെ വിറ്റഴിച്ചത്. സ്ഥാപനം ഇതുവഴി ലാഭമുണ്ടാക്കിയത് 86.2 കോടി ഡോളർ (ഏകദേശം 7186 കോടി രൂപ) ആണ്. ആക്രമണത്തിന് തൊട്ടുടൻ കാലാവധിയെത്തുംവിധമുള്ള ഓഹരി വ്യാപാരങ്ങളാണ് പലതും നടന്നത്.

‘ഞങ്ങൾക്ക് മനസ്സിലായത് ആക്രമണങ്ങൾ മുൻകൂട്ടിയറിഞ്ഞ വ്യാപാരികൾ ഈ ദുരന്തങ്ങൾ ലാഭക്കച്ചവടമാക്കി മാറ്റിയെന്നാണ്. യു.എസിലും മറ്റു രാജ്യങ്ങളിലും നേരത്തേ വിവരം ലഭിച്ച അടിസ്ഥാനത്തിൽ മാത്രമാണ് ഇങ്ങനെ വ്യാപാരം നടക്കാറ്’- റിപ്പോർട്ടിൽ പ്രഫസർമാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏപ്രിലിൽ ഹമാസ് ആക്രമണ സാധ്യതാ റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ ചെറുതായി ഇതേ വിറ്റഴിക്കൽ കണ്ടിരുന്നെന്നും അവർ പറഞ്ഞു. ഈ പഠന റിപ്പോർട്ട് ഇസ്രായേലിലെ വാർത്ത വെബ്സൈറ്റായ ‘ദ മാർകർ’ ആണ് ആദ്യമായി പുറത്തുകൊണ്ടുവന്നത്.

ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗത്തിന് ഇസ്രായേലിൽ വൻവീഴ്ച സംഭവിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ആറുമാസം മുമ്പ് ഗസ്സ അതിർത്തിയിൽ പടനീക്കം നടക്കുന്നത് അധികൃതർക്ക് റിപ്പോർട്ട് ചെയ്തതായി ഒരു ഇസ്രായേലി സൈനികനെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, സംഭവം നേരത്തേ അറിയാമെന്നും ഇതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇസ്രായേൽ ഓഹരി വിപണി അധികൃതർ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more