1 GBP = 103.85

മലയാളസാഹിത്യത്തിന്റെ ധൈഷണികപ്രഭാവമായ എം.കെ സാനുമാഷിന് ഗുരുപൂർണ്ണിമ സദസ്സിൽ വച്ച് യൂറോപ്യൻ മലയാളികളുടെ സ്നേഹാദരങ്ങൾ

മലയാളസാഹിത്യത്തിന്റെ ധൈഷണികപ്രഭാവമായ എം.കെ സാനുമാഷിന് ഗുരുപൂർണ്ണിമ സദസ്സിൽ വച്ച് യൂറോപ്യൻ മലയാളികളുടെ സ്നേഹാദരങ്ങൾ

കൈരളി യുകെ ഡിസംബർ 4 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30നു നടത്തിയ ഗുരുപൂർണ്ണിമ സദസ്സിൽ വച്ച് സാനുമാഷിന്റെ സമ്പൂർണ്ണ കൃതികൾ യൂറോപ്പിലെ വായനക്കാർക്ക്‌ പരിചയപ്പെടുത്തി.കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ് സ്വാഗതമാശംസിച്ച ചടങ്ങിൽ ഡോ.ടി.എം തോമസ്സ്‌ ഐസക്ക്‌,ഡോ പി.എസ്‌ ശ്രീകല എന്നിവർ പങ്കെടുത്തു. കൈരളി യു.കെക്കൊപ്പം യൂറോപ്പിലെ പുരോഗമന സാംസ്കാരിക സംഘടനകളായ  ക്രാന്തി അയർലണ്ട്, കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്, സംസ്കാര ജർമ്മനി, രക്തപുഷ്പങ്ങൾ ഇറ്റലി, യുവധാര മാൾട്ട എന്നിവർ പരിപാടിയിൽ പങ്കുചേർന്ന് മാഷിന്റെ സമ്പൂർണ്ണ കൃതികൾക്ക് ആശംസകളർപ്പിച്ചു.

നമ്മുടെ തനതായ പൈതൃകം  കാത്തുസൂക്ഷിക്കേണ്ടതിനെപ്പറ്റിയും അവ അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സാനുമാഷ് സംസാരിച്ചു. ഭരണാധികാരികകേന്ദ്രങ്ങൾ സംസ്കാരവൽക്കരിക്കുന്നതിനായി നിരന്തരം സാഹിത്യത്തിലൂടെയും മറ്റു കലകളിലൂടെയും നാം ശ്രമിച്ചു കൊണ്ടിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് പലതരത്തിലുള്ള ദുഷ് സ്വാധീനങ്ങൾ നമ്മുടെ ചിന്തയെയും പൈതൃകത്തെയും ബാധിച്ചിട്ടുണ്ട് എന്നും വാമനജയന്തി പോലുള്ള, നമ്മുടെ വീക്ഷണങ്ങളെ  പിന്നിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരകേന്ദ്രങ്ങളിൽ നിന്ന് തന്നെ നടക്കുന്ന ഘട്ടത്തിൽ ഇന്നിന്റെ പഠനങ്ങളിലൂടെയും സാഹിത്യത്തിലൂടെയും നിരന്തരം നവീകരിക്കാനും സംസ്കാരവൽക്കരിക്കാനുമുള്ള ശ്രമങ്ങളുണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാരാജാസ് കോളേജിലെ സാനു മാഷിന്റെ സാന്നിധ്യത്തെപ്പറ്റിയും മാഷിന്റെ പുസ്തകങ്ങളുടെ വായനാനുഭവങ്ങളെ പറ്റിയുമുള്ള ഓർമ്മകൾ ഡോ.ടി.എം തോമസ്സ്‌ ഐസക്ക്‌ പങ്കുവച്ചു. നവകേരളം ഒരു ജ്ഞാന സമൂഹമായിരിക്കണമെന്നും അത്തരമൊരു സമൂഹത്തിന്റെ നിർമ്മിതിക്ക് നാം പരിശ്രമിക്കേണ്ടതുണ്ടെന്നും നോളജ് മിഷൻ ഡയറക്ടറും സാനു മാഷിന്റെ ശിഷ്യ കൂടിയായ ഡോ.പി.എസ്സ്. ശ്രീകല അഭിപ്രായപ്പെട്ടു. അത്തരം ഒരു സമൂഹത്തിന്റെ  നിർമ്മിതിക്ക് വൈജ്ഞാനിക സാഹിത്യത്തിന് സാനുമാഷ് സംഭാവന ചെയ്ത  അമൂല്യഅക്ഷര സമ്പത്തുകൾ വരും തലമുറകളിലേക്ക് എത്തിച്ചേരേണ്ടതുണ്ട് എന്നും ശ്രീകല ടീച്ചർ പറഞ്ഞു. സാനു മാഷിന്റെ സമ്പൂർണ്ണകൃതികൾ പ്രസിദ്ധീകരിക്കാനും സംരക്ഷിക്കാനും കൂടുതൽ സാഹിത്യസ്നേഹികളിലേക്കെത്തിക്കാനുമുള്ള ഉദ്യമത്തിനു തുടക്കം കുറിച്ച സമൂഹ് കൊച്ചി കൂട്ടായ്മയുടെ മുന്നോട്ടുള്ള യാത്രയെപ്പറ്റിയും മാഷിന്റെ സമ്പൂർണ്ണ കൃതിയുടെ ഓരോ വാല്യങ്ങളുടെ പ്രത്യേകതകളെ കുറിച്ചും സമ്മൂഹ് ഭാരവാഹിയും മാഷിന്റെ ശിഷ്യനുമായ കൃഷ്ണദാസ് സംസാരിച്ചു.

യൂറോപ്പിലെ വിവിധസാംസ്കാരികസംഘടനകളുടെ പ്രതിനിധികൾ സാനുമാഷിന്റെ സമ്പൂർണ്ണകൃതിക്ക് ആശംസകൾ നേർന്നു. ബിജി ഗോപാലകൃഷ്ണൻ (ക്രാന്തി അയർലൻഡ്),  ശിവഹരി നന്ദകുമാർ (സംസ്‌കാര ജർമ്മനി), രമ്യ കൊരട്ടി (യുവധാര മാൾട്ട),  നിയാസ് സി ഐ (രക്തപുഷ്പങ്ങൾ ഇറ്റലി), ലിജിമോൻ മനയിൽ (കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്),  മധു ഷൺമുഖം (കൈരളി യു.കെ) എന്നിവർ സംഘടനകളെ പ്രതിനിധികരിച്ച് സംസാരിച്ചു. സാഹിത്യരാഷ്ട്രീയ ആനുകാലികവിഷയങ്ങളെ പ്രതി സാനു മാഷിന്റെ അഭിപ്രായങ്ങൾ ചോദ്യോത്തരവേളയിൽ ചോദിക്കാനുള്ള അവസരവും കാണികൾക്ക് ലഭിച്ചു.കൈരളി യുകെ എക്സിക്യൂട്ടീവ് അംഗം ശ്രീമതി ഐശ്വര്യ അലൻ യൂറോപ്പിന്റെ പല ഭാഗങ്ങളിലെ പ്രവാസികളെ കോർത്തിണക്കി ഇത്തരമൊരു സാഹിത്യസദസ്സ് സംഘടിപ്പിക്കാൻ സഹകരിച്ച ഏവർക്കും കൃതജ്ഞത അറിയിച്ചു. ശിഷ്യന്മാരുടെ സാന്നിധ്യം കൊണ്ട് ഒരു ക്ലാസ്സ്‌ മുറി പോലെ ഗൃഹാതുരമായ ഗുരുപൂർണ്ണിമ സദസ്സ് തൊണ്ണൂറ്റിയാറാം വയസ്സിന്റെ നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ മഹാഗുരുവിന് ആയുരാരോഗ്യങ്ങൾ നേർന്നു.

പരിപാടിയുടെ റെക്കോർഡിങ് കാണുവാനുള്ള ലിങ്ക് – https://fb.watch/hf-4x9HZyo/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more