1 GBP = 107.76
breaking news

തെക്കൻ ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; മരണം 193; 650 പേർക്ക് പരിക്ക്

തെക്കൻ ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; മരണം 193; 650 പേർക്ക് പരിക്ക്

ഖാൻ യൂനുസ്: ഒരാഴ്ച നീണ്ട താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച അവസാനിച്ചതിനെ തുടർന്ന് ഇസ്രായേൽ ആരംഭിച്ച കനത്ത വ്യോമാക്രമണത്തിൽ തെക്കൻ ഗസ്സയിൽ മരണം 193 ആയി. 650 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 400 ഇടങ്ങളിൽ ബോംബിട്ടതായി ഇസ്രായേൽ സേന അറിയിച്ചു. ഇതോടെ ഗസ്സയിലെ ആകെ മരണം 15,200 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അശ്റഫ് അൽ ഖുദ്റ പറഞ്ഞു. ഖാൻ യൂനുസിൽനിന്ന് ജനങ്ങളോട് റഫയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനുപിന്നാലെയാണ് ശക്തമായ ബോംബാക്രമണം തുടങ്ങിയത്.

അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിൽ നടക്കുന്ന മധ്യസ്ഥ ചർച്ചയിൽനിന്ന് ഇസ്രായേൽ പിന്മാറി. ചർച്ച വഴിമുട്ടിയതിനെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരം തന്റെ സംഘാംഗങ്ങളോട് നാട്ടിലേക്ക് മടങ്ങാൻ മൊസാദ് മേധാവി ഡേവിഡ് ബർണിയ ആവശ്യപ്പെട്ടു. ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചയിൽ ഇരുകൂട്ടരും പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ചിരുന്നു. ഇതിൽ തീരുമാനമാകാതിരുന്നതിനാലാണ് താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിക്കേണ്ടിവന്നത്. ബന്ദികളാക്കിയ മുഴുവൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കണമെന്ന കരാർ ഹമാസ് പാലിച്ചില്ലെന്നാരോപിച്ചാണ് ഇസ്രായേലിന്റെ പിന്മാറ്റമെന്ന് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. അതേസമയം, മുഴുവൻ വനിതാ സൈനികരെയും മോചിപ്പിക്കണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് അംഗീകരിക്കാതിരുന്നതിനെ തുടർന്നാണ് ചർച്ചകൾ വഴിമുട്ടിയതെന്ന് സൂചനയുണ്ട്.

വെസ്റ്റ്ബാങ്കിൽ ഇസ്രായേലി സൈന്യത്തിന്റെ പരിശോധനയും അറസ്റ്റും തുടരുകയാണ്. ശനിയാഴ്ച ഏഴുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വെടിനിർത്തൽ അവസാനിച്ചതിനുശേഷം ആദ്യ സഹായ ട്രക്ക് റഫ അതിർത്തി കടന്ന് ഗസ്സയിലെത്തി.

പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കുപുറത്ത് പ്രകടനം നടത്തിയ ആറുപേരെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തു. ഗസ്സയിൽ ഇസ്രായേലിന്റേത് ഭീകരവാദ പ്രവർത്തനമാണെന്നും നിശ്ശബ്ദമായി ഇത് കണ്ടുനിൽക്കാനാവില്ലെന്നും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രസ്താവിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more