ലണ്ടൻ: യു.കെയിലെ ഫ്ലൈബി വിമാനക്കമ്പനി പാപ്പരായി സർവിസ് നിർത്തിയത് നിരവധി യാത്രക്കാരെ പെരുവഴിയിലാക്കി. ആരും വിമാനത്താവളത്തിലേക്ക് പുറപ്പെടരുതെന്നും എല്ലാ സർവിസുകളും നിർത്തിയതായും കമ്പനി പെട്ടെന്ന് അറിയിക്കുകയായിരുന്നു. കമ്പനി അഡ്മിനിസ്ട്രേഷനിലേക്ക് പോകുന്നത് ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ്. കോവിഡ് സമയത്ത് അഡ്മിനിസ്ട്രേഷനിലേക്ക് പോയതോടെ കഴിഞ്ഞ ഏപ്രിലിലാണ് പുതിയ കമ്പനി ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ചത്.
നിലവിൽ ടിക്കെറ്റെടുത്ത യാത്രക്കാർ മറ്റു വിമാനങ്ങളിലോ ട്രെയിനുകളിലോ പോകണമെന്ന് യു.കെ വ്യോമയാന അധികൃതരും യാത്രക്കാർക്ക് അറിയിപ്പ് നൽകി. ലണ്ടനിൽനിന്ന് സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ് എന്നിവിടങ്ങളിലേക്കും ബെൽഫാസ്റ്റ്, ബെർമിങ്ഹാം, ലണ്ടൻ ഹീത്രൂ തുടങ്ങിയ നഗരങ്ങൾക്കിടയിലെ ആഭ്യന്തര സർവിസുമാണ് കമ്പനിക്കുള്ളത്. 2020 മാർച്ചിൽ കൊറോണ കാരണം സർവിസ് നടത്താൻ കഴിയാതെവന്നതോടെ ഫ്ലൈബി കടക്കെണിയിലായി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് 23 റൂട്ടുകളിൽ ആഴ്ചയിൽ 530 വിമാനങ്ങളുമായി സർവിസ് പുനരാരംഭിച്ചത്.
യു.എസ് ഹെഡ്ജ് ഫണ്ട് സൈറസ് കാപിറ്റലുമായി ബന്ധമുള്ള തൈം ഒപ്കോയാണ് കമ്പനി ഏറ്റെടുത്തത്. അടുത്ത ദിവസങ്ങളിൽ ഫ്ലൈബി വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് കുറഞ്ഞ ചെലവിൽ മറ്റൊരു വിമാനത്തിൽ യാത്ര സാധ്യമാക്കാൻ വ്യോമയാന വകുപ്പ് പദ്ധതി തയാറാക്കിയിട്ടുണ്ട്. കമ്പനി പൂട്ടിയതോടെ മുന്നൂറോളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും. യു.കെ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയിലാണ്. നിരവധി കമ്പനികൾ ജോലിക്കാരെ വെട്ടിക്കുറച്ചിരുന്നു.
click on malayalam character to switch languages