1 GBP = 104.15
breaking news

2019 ഇലക്ഷന് മുന്നോടിയായി ബിജെപിക്ക് ലഭിച്ചത് 3,941 കോടി രൂപ 

2019 ഇലക്ഷന് മുന്നോടിയായി ബിജെപിക്ക് ലഭിച്ചത് 3,941 കോടി രൂപ 

ലോകത്തിലെ ഏറ്റവും ചെലവേറിയ ഇലക്ഷനെന്ന് ബ്ലൂംബെർഗ് വിശേഷിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു 2019ൽ ഇന്ത്യയിൽ നടന്നത്. 2016ൽ നടന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനേക്കാൾ പണം ഇന്ത്യയിൽ ചെലവായതായി ബ്ലൂംബെർഗ് 2019ൽ നടത്തിയ പഠനത്തിൽ പറയുന്നു. ഇതിനെ ശരിവെയ്ക്കുന്ന വിവരങ്ങളാണ് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. 2019ൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ ബിജെപിക്ക് 3,941 കോടി രൂപയാണ് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ചത്. 2018 മാർച്ചിനും 2019 മെയ് 22നും ഇടയിലാണ് ഈ തുക ബിജെപിക്ക് ലഭിച്ചത്. ഈ തുകയുടെ 77.4 ശതമാനവും പാർട്ടി അക്കൗണ്ടിലേക്കെത്തിയത് 2019 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ്. 2019 മാർച്ചിലായിരുന്നു തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്. മെയ് 23ന് വോട്ടെണ്ണൽ നടത്തുകയും ചെയ്തു. 

2019ൽ  ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ്  മാർച്ചിൽ 768.48 കോടി ബിജെപിയുടെ അക്കൗണ്ടിലെത്തി. പോളിംഗ് നടന്ന ഏപ്രിൽ മാസം 1572.93 കോടിയും ഫലം വന്ന മെയ് മാസം 707.70 കോടിയും ബിജെപിക്ക് ലഭിച്ചു. 

ഇലക്ടറൽ ബോണ്ട് പദ്ധതി ആരംഭിച്ചതിന് ശേഷം 8,451 കോടി രൂപയെങ്കിലും ബിജെപിക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകളും നടന്നിരുന്നു. 2018 നവംബർ-ഡിസംബർ മാസങ്ങളിൽ കർണാടക, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്നിരുന്നു. 2018 ഒക്ടോബർ നവംബർ മാസങ്ങളിൽ ബോണ്ടുകൾ പണമാക്കി മാറ്റിയതിലൂടെ ബിജെപിക്ക് 330.41 കോടി രൂപ ലഭിച്ചു. 2019 ജനുവരിയിൽ  173 കോടിയുടെ ബോണ്ടുകൾ ബിജെപി പണമാക്കി മാറ്റി. 

ബിജെപിക്ക് കൂടുതൽ പണം നേടിക്കൊടുത്ത സംസ്ഥാനങ്ങൾ

രാജ്യത്തിൻ്റെ എല്ലാഭാഗത്തുനിന്നും ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം ലഭിച്ചിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ, ന്യൂ ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ തുക ബിജെപിക്ക് ലഭിച്ചത്. 

ലഭിച്ച തുകയുടെ കണക്കിങ്ങനെ:

മുംബൈ- 1,493.21 കോടി

കൊൽക്കത്ത- 1,068.91 കോടി

ന്യൂഡൽഹി- 666.08 കോടി

ഡാറ്റ പ്രകാരം 2018 മാർച്ച് മുതൽ 2019 മെയ് വരെ ബിജെപിക്കുണ്ടായ വരുമാനത്തിൻ്റെ 27 ശതമാനവും കോൽക്കത്തയിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ 42ൽ 18 സീറ്റ് ബിജെപി നേടുകയും ചെയ്തു. പേരിന് മാത്രം ബിജെപി സാന്നിധ്യമുള്ള ഹൈദരാബാദിൽ നിന്നും 106.26 കോടി രൂപയാണ് ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ചത്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more