1 GBP = 104.16
breaking news

ആലപ്പുഴ നീര്‍ക്കുന്നം തീരത്ത് നിയന്ത്രണം തെറ്റിയെത്തിയ കൂറ്റന്‍ ഡോക്ക് പുറംകടലിലേയ്ക്ക് കൊണ്ട് പോകാനുള്ള ശ്രമം തുടരുന്നു

ആലപ്പുഴ നീര്‍ക്കുന്നം തീരത്ത് നിയന്ത്രണം തെറ്റിയെത്തിയ കൂറ്റന്‍ ഡോക്ക് പുറംകടലിലേയ്ക്ക് കൊണ്ട് പോകാനുള്ള ശ്രമം തുടരുന്നു

ആലപ്പുഴ: ആലപ്പുഴ നീര്‍ക്കുന്നം തീരത്ത് നിയന്ത്രണം തെറ്റിയെത്തിയ കൂറ്റന്‍ ഡോക്ക് പുറംകടലിലേയ്ക്ക് കൊണ്ട് പോകാനുള്ള ശ്രമം തുടരുന്നു. കൊല്ലത്ത് നങ്കൂരമിട്ടിരുന്ന ടഗ്ഗ് നീര്‍ക്കുന്നം തീരത്തിനടുത്ത് എത്തിയിട്ടുണ്ടെങ്കിലും ഡോക്കിനടുത്തേക്ക് കൊണ്ട് വരാന്‍ കഴിഞ്ഞില്ല. ട്രോളറുകളുടെ സഹായത്തോടെ ഡോക്ക് പുറംകടലില്‍ എത്തിക്കാനാണ് ശ്രമം. ആയിരക്കണക്കിന് ജനങ്ങളാണ് ഡോക്ക് കാണാന്‍ എത്തുന്നത്

കൊളംബോയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി അബുദാബിയിലേക്ക് കൊണ്ട് പോവുകയായിരുന്ന ഡോക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയന്ത്രണം വിട്ട് നീര്‍ക്കുന്നം കടല്‍തീരത്തെത്തിയത്. ഡോക്ക് ബന്ധിച്ച് കൊണ്ട് വന്ന ടഗ്ഗ് കൊല്ലം തീരത്ത് നിന്ന് നീര്‍ക്കുന്നത്ത് എത്തിയിട്ടുണ്ട്. അബുദാബി അല്‍ഫത്താന്‍ ഷിപ്പിംഗ് കമ്പനി ജീവനക്കാരായ 7 പേരും ടഗ്ഗിലുണ്ട്. ഡോക്ക് പുറംകടലിലെത്തിക്കാന്‍ മുംബൈയില്‍ നിന്ന് കൂറ്റന്‍ ടഗ്ഗ് കൊണ്ടുവരുന്നതിന് ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. കൂറ്റന്‍ തിരമാലകളും, പ്രതികൂലമായ കാലാവസ്ഥയുമാണ് തടസ്സമായത്. ഇതിനെത്തുടര്‍ന്നാണ് ഡോക്ക് ബന്ധിച്ച് കൊണ്ട് വന്ന ടഗ്ഗ് തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഡോക്കില്‍ നിന്നും 500 മീറ്റര്‍ അകലെ വരെ മാത്രമാണ് ടഗ്ഗ് എത്തിയത്. കൂറ്റന്‍ വടം ഉപയോഗിച്ച് ട്രോളറ്കളുടെയും സഹായത്തോടെ ഡോക്ക് പുറംകടലില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.

പ്രതികൂലമായ കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിച്ചു. ഏത് വിധേനയും ഡോക്ക് പുറംകടലില്‍ എത്തിക്കാനാണ് ഷിപ്പിംഗ്കമ്പനി ശ്രമിക്കുന്നത്. ഡോക്ക് പുറംകടലില്‍ എത്തിച്ചാല്‍ മാത്രമേ സാറ്റലൈറ്റ് ബന്ധം ലഭിക്കുകയുള്ളൂ. മാത്രമല്ല ഇന്ധനത്തിന്റെ അളവ് വിലയിരുത്തിയ ശേഷം കൊച്ചിയിലേയ്‌ക്കോ, കൊല്ലത്തേയ്‌ക്കോ കൊണ്ട് പോകും. ഇതിന് ശേഷമായിരിക്കും അബുദാബിയിലേയ്ക്കുള്ള യാത്രയെന്ന് കൊല്ലം കേന്ദ്രമായ പാക്‌സ് ഷിപ്പിംഗ് കമ്പനി അധികൃതര്‍ അറിയിച്ചതായും പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. അനുകൂല സാഹചര്യമാണെങ്കില്‍ ഒരു ദിവസം കൊണ്ട് തന്നെ ഡോക്ക് പുറംകടലില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരത്തടിഞ്ഞ കൂറ്റന്‍ ഡോക്ക് കാണാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും നൂറ് കണക്കിനാളുകളാണ് നീര്‍ക്കുന്നം തീരത്ത് എത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more