1 GBP = 104.23
breaking news

ബംഗ്ലാദേശിൽ ചോരയിൽമുങ്ങിയ വിദ്യാർത്ഥി പ്രക്ഷോഭം; ക്രൂരചിത്രങ്ങൾ പങ്കുവച്ച് വിദ്യാർത്ഥികൾ

ബംഗ്ലാദേശിൽ ചോരയിൽമുങ്ങിയ വിദ്യാർത്ഥി പ്രക്ഷോഭം; ക്രൂരചിത്രങ്ങൾ പങ്കുവച്ച് വിദ്യാർത്ഥികൾ

ധാക്ക: റോഡ് സുരക്ഷക്കായി ആരംഭിച്ച വിദ്യാർത്ഥികളുടെ പ്രക്ഷോഭം കൂടുതൽ രക്തരൂക്ഷിതമാകുന്നു. റോഡ് സുരക്ഷ മാത്രമല്ല, തങ്ങളെ അടിച്ചമർത്തുകയും അഭിപ്രായം തുറന്നു പറയുന്നത് തടയുകയും ചെയ്യുന്ന സർക്കാരിനെതിരായ പ്രക്ഷോഭമായി വിദ്യാർത്ഥികളുടെ പ്രക്ഷോഭം വളർന്നു കഴിഞ്ഞു.

പ്രക്ഷോഭം കൈവിട്ടതോടെ ആശയവിനിമ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും നിയന്ത്രിക്കാൻ സർക്കാർ നടപടി തുടങ്ങി. പലരെയും കാണാതായാതായും ബലാത്സംഗവും അക്രമവും എല്ലാം ബംഗ്ലാദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.

ബംഗ്ലാദേശിലെ റോഡുകളുടെ അവസ്ഥയിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാർത്ഥികൾ തെരുവുകളിൽ സമരം ചെയ്യുകയാണ്. ജൂലൈ 29ന് ഒരു ബസ് നിയന്ത്രണം വിട്ട് രണ്ട് വിദ്യാർത്ഥികൾ മരിക്കുകയും മറ്റ് 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തത് സമരത്തിന് അഗ്നി പകർന്നു.

ബംഗ്ലാദേശ് പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷത്തിൽ മാത്രമായി റോഡപകടത്തിൽ 7400 പേർ മരിക്കുകയും 16,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ആൾക്കൂട്ടത്തെ പിന്തിരിപ്പിക്കാനായി പൊലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ചതിനെത്തുടർന്ന് സമരം കൂടുതൽ അക്രമാസക്തമായി മാറിയിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം സർക്കാർ അനുകൂലികൾ സമരക്കാരെ ലോഹക്കഷ്ണങ്ങളും മരച്ചില്ലകളും ഉപയോഗിച്ച് അക്രമിച്ചതിന്റെ ഫലമായി 200ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പിന്നീട് സർക്കാർ വിരുദ്ധസമരമായി ഇതു പരിണമിക്കുകയായിരുന്നു. നിരത്തുകളെല്ലാം ചോരക്കളമായി മാറുകയാണ്. പൊലീസുമായി വിദ്യാർത്ഥികൾ നിരന്തരം ഏറ്റുമുട്ടുന്നു. ടിയർ ഗ്യാസും ലാത്തി ചാർജും റബർ ബുള്ളറ്റുകളും കൊണ്ട് പൊലീസ് പ്രക്ഷോഭത്തെ നേരിടുകയാണ്.

13നും 18നും ഇടയ്ക്ക് പ്രായമുള്ളവരാണ് പ്രക്ഷോഭത്തിൽ അണിനിരന്നിരിക്കുന്നത്. ഭരണപക്ഷ പാർട്ടിയായ അവാമി ലീഗ് പ്രവർത്തകർ കമ്പുകളും കല്ലുകളും ആയുധങ്ങളുമായി പ്രക്ഷോഭകരെയും മാധ്യമപ്രവർത്തകരെയും നേരിടുകയാണ്. എന്നാൽ ഈ വാർത്തകളെല്ലാം പ്രധാനമന്ത്രി ഷേയ്ഖ് ഹസീന നിഷേധിക്കുകയാണ്.

അക്രമം വ്യാപിച്ചതോടെ മാധ്യമങ്ങളിൽ ഇതിന്റെ വാർത്തകളും ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയാൻ സർക്കാർ ശ്രമിച്ചു. ഇതോടെ അക്രമത്തിന്റെ ക്രൂര ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പങ്കുവെക്കുകയാണ് പ്രക്ഷോഭകാരികൾ ചെയ്തത്. ഇതോടെ സമൂഹമാധ്യമങ്ങളെയും നിയന്ത്രിക്കാനും ഇന്റർനെറ്റ് സേവനം നിർത്തിവക്കാനും സർക്കാർ നീക്കം തുടങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more