1 GBP = 104.17
breaking news

കോറോണ വൈറസ് – നിലവിലെ അടച്ചുപൂട്ടൽ എന്ന്, എങ്ങനെ അവസാനിക്കും?

കോറോണ വൈറസ് – നിലവിലെ അടച്ചുപൂട്ടൽ എന്ന്, എങ്ങനെ അവസാനിക്കും?

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

 

യു.കെയിലുള്ള എല്ലാവരുടെയും മനസ്സിലുള്ള പ്രധാന ചോദ്യമാണിത്. ആരോഗ്യ വകുപ്പ് മേധാവികളെയും ഉപദേശകരെയും അലട്ടുന്ന ചോദ്യം മറ്റൊന്നാണ് – അടച്ചുപൂട്ടൽ പൂർണമായും പിൻവലിക്കുന്നതിന് മുൻപ് എന്തൊക്കെ കൈവരിച്ചിരിക്കണം? അതിനുശേഷമുള്ള കർമ്മ പദ്ധതികൾ എന്തായിരിക്കണം? അടച്ചുപൂട്ടലിന്റെ 3 -ആം വാരത്തിൽ പ്രവേശിച്ചിരിക്കുന്ന യുകെയിലെ ആളുകൾക്കെല്ലാം അറിയാവുന്നത് ഒന്നേയുള്ളു – ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുക എളുപ്പമല്ലെന്നത്!

ഒരു മുന്നൊരുക്കം എന്ന നിലയിൽ, അടച്ചുപൂട്ടൽ നിലവിൽ വന്നതിനുശേഷം ആദ്യമായി ഇതേവരെ ആരോഗ്യ മന്ത്രലയം സ്വീകരിച്ച കോവിഡ്-19 നിർമാർജന പ്രവർത്തനങ്ങൾ അടുത്തയാഴ്ച വിലയിരുത്താൻ പോകുകയാണ്. എന്നാൽ ക്യാബിനറ്റ് ഓഫീസ് കാര്യ വകുപ്പ് മന്ത്രിയായ മൈക്കൽ ഗോവ് അടച്ചുപൂട്ടൽ പിന്വലിക്കുന്നതിനെപ്പറ്റി പറഞ്ഞതിങ്ങനെയാണ് – “കൃത്യമായ ഒരു ഘട്ടമോ, നിയതമായ ഒരു തീയതിയോ പ്രഖ്യാപിക്കാൻ പറ്റുന്ന ഒരു സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളത്”.

അടച്ചുപൂട്ടൽ കൊണ്ടുണ്ടായ ഫലങ്ങൾ വിശകലനം ചെയ്യാൻ ചുരുങ്ങിയത് 3 ആഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ആയ ഡോ. ജെന്നി ഹാരിസ് കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടത്. “2 മുതൽ 3 മാസങ്ങളുടെ വിശകലനങ്ങളിലൂടെ മാത്രമേ നമ്മൾ ഈ മഹാമാരിയെ കീഴ്പെടുത്തിയോ എന്ന് പറയാനാകൂ. 6 മാസങ്ങളിലെ പഠന നിരീക്ഷണങ്ങളാണ് അഭികാമ്യം. പക്ഷെ ഒരുപാട് കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്”, അവർ കൂട്ടിച്ചേർത്തു.

“ഇതിനർത്ഥം അടുത്ത 6 മാസത്തേക്ക് പൂർണമായ അടച്ചുപൂട്ടൽ തുടരുമെന്നല്ല – മറിച്ചു, ഒരേ ദേശവാസികൾ എന്ന നിലയിൽ നാമോരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ ഉത്തരവാദിത്വത്തോടുകൂടി ചെയ്യുകയും പരസ്പരം സഹകരിക്കുകയും ചെയ്താൽ മാത്രമേ ശാസ്ത്രീയമായി ലഭ്യമാകുന്ന ഡാറ്റയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിച്ചു നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകൂ”, എന്നാണ് ഡോ. ജെന്നി ഹാരിസിന്റെ അഭിപ്രായം.

 

 

നിലവിലെ നിയന്ത്രണങ്ങൾ കർശനമാക്കാൻ സാധ്യതയുണ്ടോ?

 

തീർച്ചയായും – കോവിഡ്-19 രോഗബാധിതരുടെ എന്നതിൽ ഗണ്യമായ വര്ധനവുണ്ടാകുകയോ മരണസംഖ്യ ക്രമാതീതമായി ഉയരുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ സർക്കാരിന് കൂടുതൽ കടുത്ത സഞ്ചാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതായി വരും എന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ പൊതുജനങ്ങൾക്ക് വ്യായാമം ചെയ്യാനോ വളരെ അത്യാവശ്യമായ മറ്റു കാര്യങ്ങൾക്കോ പുറത്തിറങ്ങുന്നതിന് വിലക്കില്ല. എന്നാൽ കർശന നിയന്ത്രങ്ങളിലേക്കു പോകേണ്ട സാഹചര്യമുണ്ടായാൽ ഇതൊക്കെ നിർത്തലാക്കിയേക്കാം.

നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ പകർച്ച വ്യാധി രണ്ടാമതൊരു തവണ കൂടി ഉച്ചസ്ഥായിയിൽ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് ബിസിനസ് സെക്രട്ടറി അലോക് ശർമയുടെ നിലപാട്. “നിയന്ത്രങ്ങൾ പൊടുന്നനെ പിൻവലിക്കുക വഴി രാജ്യത്തുടനീളം ലക്ഷക്കണിക്കിനാളുകൾ ഇതേവരെ തുടർന്നുവന്ന രോഗനിർമ്മാർജ്ജന യത്നങ്ങൾ വൃഥാവിലക്കാൻ അനുവദിച്ചുകൂടാ!” എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യ അകലം പാലിക്കലും, കൂടുതൽ സമഗ്രമായ പരിശോധന രീതികളും, രോഗം ബാധിച്ച വ്യക്തികളെ നിരീക്ഷിക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനങ്ങളും ഉൾപ്പെട്ട സമയോചിതമായ പദ്ധതികൾ കൊണ്ടുവന്നാൽ മാത്രമേ രോഗം നിയന്ത്രണത്തിലൊതുക്കാനും അതിനെത്തുടർന്ന് ജനതയുടെ സാമൂഹ്യ നിയന്ത്രണങ്ങൾ ക്രമേണ ഒഴിവാക്കാനും സാധിക്കുകയെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ പ്രൊഫസർ മാർട്ടിൻ ഹിബ്ബാർഡ് അഭിപ്രായപ്പെടുന്നു.

അടുത്ത പത്തു ദിവസങ്ങൾക്കുള്ളിൽ യു.കെയിൽ സംഹാര താണ്ടവമാടുന്ന ഈ മഹാമാരിയുടെ ഗ്രാഫ് മൂര്ധന്യാവസ്ഥയിൽ നിന്നും സമനിരപ്പിലേക്ക് എത്തിയേക്കുമെന്നാണ് ഇ൦പീരിയൽ കോളേജ് ഓഫ് ലണ്ടനിലെ പ്രൊഫസർ നീൽ ഫെർഗുസൺന്റെ പ്രവചനം. “അടച്ചുപൂട്ടൽ നടപടിയോട് ജനങ്ങൾ എങ്ങിനെ സഹരിക്കുന്നു, പ്രതികരിക്കുന്നു എന്നതാണ് അടുത്തപടി എന്തായിരിക്കണമെന്നതിനു ആധാരം”, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

 

 

അടച്ചുപൂട്ടൽ എങ്ങനെ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം?

 

അടച്ചുപൂട്ടൽ സര്ക്കാരിന്റെ മറ്റു ഊർജിത രോഗനിവാരണ കർമ്മ പരിപാടികൾക്ക് കൂടുതൽ സമയം വാങ്ങിത്തരുന്നുണ്ട് എന്നിരുന്നാലും വ്യക്തമായ ഒരു നിർഗമ മാർഗം ആസൂത്രണം ചെയ്യേണ്ട സമയം ആഗതമായിരുക്കുന്നു എന്നാണ് സർക്കാരിന് ശാസ്ത്രീയ ഉപദേശങ്ങൾ നൽകുന്ന ഒരു സയന്റിസ്റ്റിന്റെ അഭിപ്രായം.

3 ആഴ്ചത്തെ അടച്ചുപൂട്ടൽ തീരാനിരിക്കെ ഏപ്രിൽ 13 -നോടകം അടുത്ത തീരുമാനങ്ങൾ പ്രഖ്യാപിക്കാനിരിക്കെ പ്രൊഫസർ ഗ്രഹാം മെഡ്‌ലി ചോദിക്കുന്നു – “പൊതുവെ പറഞ്ഞാൽ ദുർബലരും പ്രായാധിക്യമുള്ളവരുമായ ഒരു വിഭാഗത്തെ സംരക്ഷിക്കാനായി എത്ര നാൾ നമ്മളുടെ കുഞ്ഞുങ്ങളുടെ ഭാവി അവതാളത്തിലാക്കിയേക്കാവുന്ന അടച്ചുപൂട്ടൽ തുടരാനാകും?”

 

 

അടച്ചുപൂട്ടൽ നിർത്തലാക്കിയാൽ സംഭവിക്കുന്നതെന്ത്?

 

കോവിഡ്-19 ണ് ഫലപ്രദമായ ഒരു വാക്‌സിനോ മരുന്നോ കണ്ടെത്താൻ ഒരു പക്ഷെ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. യു.കെയിലെ ജനങ്ങളുടെ ജീവിത സാധാരണ നിലയിലേക്കു മടങ്ങുന്നതിനുമുന്പ് പല തവണ അടച്ചുപൂട്ടൽ നിര്ദേശിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

യുകെയുടെ അതിർത്തി ചെക്ക് പോസ്റ്റുകളിലും വിമാനത്താവളങ്ങളിലും കൂടുതൽ കര്ശനമായ പരിശോധനകൾ ആവശ്യമാണ്. നമ്മൾ അതീവ ജാഗ്രത പാലിച്ചും യുദ്ധസമാന സാഹചര്യങ്ങളിലൂടെ പ്രയാസപ്പെട്ടു വൈറസ് വ്യാപനത്തിൽ വിജയം നേടാനൊരുങ്ങുമ്പോൾ പുറം രാജ്യങ്ങളിൽ നിന്നും എളുപ്പത്തിൽ വൈറസ് തിരികെ രാജ്യത്ത് പ്രവേശിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വിമാനത്താവളങ്ങളിൽ യാതൊരു വിധ കോവിഡ് പരിശോധനകളുമില്ല. ആഗമന കവാടങ്ങളിൽ കൂടി യാത്രക്കാർ നിർബാധം പുറത്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോഴും കാണാൻ കഴിയുന്നത്.

കോവിഡ്-19 ബാധിച്ചു അസുഖം ഭേദമായവർക്ക് രോഗവിമുക്തി സാക്ഷ്യപത്രങ്ങൾ (ഇമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്) നൽകാനും അതുവഴി കൂടുതൽ ആളുകളെ ജോലിസ്ഥലങ്ങളിലേക്കു തിരികെ എത്തിക്കുവാനുമുള്ള പ്ലാൻ പരിഗണയിലുണ്ട്.

വൈറസ് നിയന്ത്രണ വിധേയമാക്കാൻ കൂടുതൽ സമയമെടുക്കുന്ന പക്ഷം ആളുകളോട് പുറത്തിറങ്ങാനും വൈറസുമായി സമ്പർക്കത്തിൽ വരാനും അങ്ങനെ സ്വയം പ്രതിരോധം ആർജിക്കുവാനും പറയാനാകുമോ? നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ള ആളുകളുടെ സ്ഥിതി എന്താവും? അനിശ്ചിതമായി സ്വയം ഏകാന്തവാസത്തിൽ കഴിയാണോ അതോ ജീവന് തന്നെ ഭീഷണി ആയിട്ടുള്ള വൈറസ് സമ്പർക്കത്തെ ഭയക്കാതെ യാത്ര ചെയ്യാനും ജോലിയിൽ തിരികെ പ്രവേശിക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്യാനാകുമോ? സർക്കാരിനെ അലട്ടുന്ന പ്രധാന ചോദ്യങ്ങളിൽ ചിത് മാത്രമാണിവ.

 

“നമ്മൾ ഇപ്പോഴും ഈ രോഗത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കയാണ്. കൂടുതൽ രാജ്യങ്ങളിൽ, കൂടുതൽ ജനങ്ങളിൽ ഈ വൈറസ് അധിനിവേശിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ദീർഘ നാളത്തേക്കുള്ള ഒരു പദ്ധതി നമ്മൾ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു”, എൻ.എഛ്.എസ് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസിന്റെ വാക്കുകളാണിവ.

 

ലോക രാജ്യങ്ങൾ എങ്ങനെയാണു പ്രതികരിക്കുന്നത്?

 

ചൈനയിൽ ജനജീവിതം സാധാരണഗതിയിലേക്ക് പതുക്കെയാണെങ്കിലും മടങ്ങുകയാണ്. കഴിഞ്ഞ വര്ഷം രോഗം പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിൽ ആളുകൾ വീട്ടിനു പുറത്തിറങ്ങ തുടങ്ങിയിരിക്കുന്നു.

പക്ഷെ യൂറോപ്യൻ രാജ്യങ്ങളുടെ സ്ഥിതി മറിച്ചാണ്. ലോകത്തിൽ നാളിതുവരെ ഏറ്റവും കൂടുതൽ കോവിഡ് -19 മരണങ്ങൾ സ്ഥിരീകരിച്ചത് യൂറോപ്പിലാണ്. അതുകൊണ്ട് തന്നെ കൂടുതൽ കര്ശനമായ നടപടികളിലൂടെ എങ്ങിനെയെങ്കിലും ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ഭഗീരഥ യജ്ഞത്തിലാണ് ഭരണ സാരഥികൾ. ഇറ്റലി ഏപ്രിൽ 13 വരെയും, ഫ്രാൻസ് ഏപ്രിൽ 15 വരെയും, സ്പെയിൻ ഏപ്രിൽ 25 വരെയും അടച്ചുപൂട്ടൽ നീട്ടിയിട്ടുണ്ട്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more