1 GBP = 104.13
breaking news

നയം വ്യക്തമാക്കി കോര്‍ബിന്‍; തൂക്ക് പാര്‍ലമെന്റെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരെയും കൂട്ടുപിടിക്കില്ല

നയം വ്യക്തമാക്കി കോര്‍ബിന്‍; തൂക്ക് പാര്‍ലമെന്റെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരെയും കൂട്ടുപിടിക്കില്ല

ലണ്ടന്‍ന്: അടുത്തയാഴ്ച നടക്കുന്ന ബ്രിട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൂക്ക് പാര്‍ലമെന്റാകുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ലേബര്‍ പാര്‍ട്ടിക്ക് ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയേക്കാളും നേരിയ ഭൂരിപക്ഷമുണ്ടാകുമെന്നും ചില സര്‍വ്വേകള്‍ ചൂണ്ടിക്കാണിക്കുന്നു. തൂക്ക് പാര്‍ലമെന്റാണെങ്കില്‍ മറ്റ് കക്ഷികളുമായി യാതൊരു നീക്കു പോക്കും ഉണ്ടാകില്ലെന്ന് ലേബര്‍ നേതാക്കള്‍ വ്യക്തമാക്കി. ലേബര്‍ നേതാക്കളായ ജെറമി കോര്‍ബിനും എമിലി തോണ്‍ബെറിയുമാണ് പാര്‍ട്ടി നയം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം എല്ലാ ദേശീയ പാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കളും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനും പങ്കെടുത്ത ബിബിസി ടെലിവിഷന്‍ സംവാദത്തിനു ശേഷം ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നു പോലും പ്രചരിക്കുന്നുണ്ട്. ചര്‍ച്ചയില്‍ പ്രധാനമന്ത്രിയെയും ക്ഷണിച്ചിരുന്നെങ്കിലും അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഈ പിന്മാറ്റത്തെ ഭീരുത്വമായും ഒളിച്ചോട്ടമായും മറ്റുനേതാക്കള്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു. ഹോം സെക്രട്ടറി അംബര്‍ റൂഡ് ആണ് തെരേസ മേയ്ക്കു പകരം ടോറികളെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്‌ക്കെത്തിയത്. ബ്രിട്ടനിലെ പ്രധാന പ്രചാരണരീതിയായ ടെലിവിഷന്‍ സംവാദത്തിന് പ്രധാനമന്ത്രി എത്താതിരുന്നത് എന്തുകൊണ്ടാണെന്ന മറ്റു നേതാക്കളുടെ ചോദ്യങ്ങള്‍ക്ക് അവര്‍ക്കു വ്യക്തമായ ഉത്തരം നല്‍കാനും സാധിച്ചില്ല. ഈ അവസരം മുതലാക്കി ജെറമി കോര്‍ബിന്‍ സംവാദത്തിലുടനീളം തന്റെ വാദമുഖങ്ങളും വാഗ്ദാനങ്ങളും വ്യക്തമായി അവതരിപ്പിച്ചു കൈയടി നേടി.

ഏപ്രില്‍ 18ന് തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോള്‍ 28 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമാണ് യൂഗോവ് സര്‍വേ ടോറികള്‍ക്ക് പ്രവചിച്ചത്. ഇത് പിന്നീട് ഒരോദിവസവും കുറഞ്ഞുവരുന്ന കാഴ്ചയായിരുന്നു പിന്നീട്. രണ്ടാഴ്ചമുമ്പ് ഇരു പാര്‍ട്ടികളുടെയും പ്രകടന പത്രിക പുറത്തുവന്നതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞുതുടങ്ങിയത്. ജനപ്രിയ വാഗ്ദാനങ്ങളടങ്ങിയ ലേബറിന്റെ പ്രകടന പത്രികക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ടോറികളുടെ കെയര്‍ പാക്കേജും മറ്റും കനത്ത തിരിച്ചടിയുണ്ടാക്കുകയും ചെയ്തു. ഇതിനു പിന്നാലെ ടെലിവിഷന്‍ സംവാദങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്നതിന് വ്യക്തമായ ന്യായം പറയാന്‍ പ്രധാനമന്ത്രിക്കു കഴിയാതിരിക്കുകയും ചെയ്തതോടെ ലീഡുനില ഏറെക്കുറെ ഒപ്പമായി.

ഇന്നലെമുതല്‍ വീണ്ടും ടോറികള്‍ തങ്ങളുടെ തുറുപ്പുചീട്ടായ കുടിയേറ്റനിയന്ത്രണം ശക്തമായ പ്രചാരണവിഷയമായി ഉയര്‍ത്തിയിട്ടുണ്ട്. ബ്രെക്‌സിറ്റും കുടിയേറ്റനിയന്ത്രണവും പ്രചാരണായുധമാക്കി മുന്നേറാന്‍ ടോറികള്‍ ശ്രമിക്കുമ്പോള്‍ വമ്പന്‍ വാഗ്ദാനങ്ങളുടെ പട്ടിക ആവര്‍ത്തിച്ച് ജനമനസുകളില്‍ ഇടം നേടാനുള്ള ശ്രമമാണ് ലേബര്‍ നടത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more