1 GBP = 104.21
breaking news

സഹകരണ ബാങ്കിനെ ആര്‍ബിഐയുടെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്രനീക്കം

സഹകരണ ബാങ്കിനെ ആര്‍ബിഐയുടെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്രനീക്കം

തിരുവനന്തപുരം: സഹകരണ ബാങ്കിങ് മേഖലയെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ സഹകരണ ബാങ്കുകള്‍ക്കും ബാധകമാകുമെന്ന് കേന്ദ്രധനമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാന സഹകരണ നിയമങ്ങള്‍ക്ക് വിരുദ്ധമായ പരിഷ്‌കാരങ്ങളാണ് കേന്ദ്രം വരാനിരിക്കുന്നതെന്നാണ് സൂചന.

സഹകരണ ബാങ്കുകളെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നതിലൂടെ കേരള ബാങ്കിനാവും തിരിച്ചടിയാവുക. ബാങ്കിങ് നിയന്ത്രണളിലെ ഭേദഗതി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ക്കും ബാധകമാവും. ബാങ്ക് ഭരണസമിതിയുടെ കാലയളവിലെ മാറ്റം, സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം, ഭരണസമിതിക്കും ബാങ്ക് ചെയര്‍മാനും ജീവനക്കാര്‍ക്കുമെതിരേ നടപടിയെടുക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം, കേന്ദ്രത്തിന് ഇടപെടാം തുടങ്ങിയവയാണ് ഭേദഗതിയിലെ പ്രധാന മാറ്റങ്ങള്‍.

ഭേദഗതിയനുസരിച്ച് ഒരു സഹകരണ ബാങ്കിനെ രാജ്യത്തെ ഏതു ബാങ്കുമായും ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ടാകും. ലയനം സഹകരണ ബാങ്കുമായാകണമെന്നില്ല. ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്കെതിരെ ആര്‍ബിഐക്ക് നടപടിയെടുക്കാം. മൊത്തം ഭരണസമിതിയെ പിരിച്ചുവിടാം. സംസ്ഥാനസര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നു മാത്രമാണ് വ്യവസ്ഥയുള്ളത്.

സഹകരണ ബാങ്കുകളുടെ പൊതുയോഗം വിളിക്കാനും തെരഞ്ഞെടുപ്പ് നടത്താനും റിസര്‍വ് ബാങ്കിന് അധികാരമുണ്ടാകും. ഭരണസമിതി അംഗങ്ങളില്‍ 51 ശതമാനം പ്രൊഫഷണല്‍ യോഗ്യതയുള്ളവരോ ബാങ്കിങ് മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവരോ ആകണമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ ചട്ടം. നിശ്ചിത ശതമാനം അംഗങ്ങള്‍ ഈ യോഗ്യതയില്ലാവരായാല്‍ റിസര്‍വ് ബാങ്കിന് ഇടപെടാം. രണ്ടുമാസത്തിനുള്ളില്‍ യോഗ്യതയുള്ളവരെ നിയമിക്കാന്‍ നിര്‍ദേശിക്കും. അതിനിടയില്‍ നിയമനം നടത്താനായില്ലെങ്കില്‍ ആര്‍ബിഐ സ്വന്തം നിലയ്ക്ക് നിയമനം നടത്തും. ഇവയ്‌ക്കെല്ലാമുള്ള അധികാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്.

ഭേദഗതിയിലൂടെ സഹകരണ ബാങ്കിലേക്ക് ഇന്ത്യയില്‍ എവിടെയുള്ളവരെയും ആര്‍ബിഐക്ക് ഡയറക്ടറായി നിയമിക്കാം. ഇത് കോടതിയില്‍ ചോദ്യംചെയ്യാനാകില്ല.

ഒരു ഭരണസമിതി അംഗത്തിന് എട്ടുവര്‍ഷവും ചെയര്‍മാന് അഞ്ചുവര്‍ഷവുമാണ് കാലാവധി. ചെയര്‍മാന്‍ മുഴുവന്‍ സമയ ജീവനക്കാരായിരിക്കും. റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന യോഗ്യതയില്ലാത്തയാളാണ് ചെയര്‍മാനെങ്കില്‍ അദ്ദേഹത്തെ ഭരണസമിതിയുടെ മാത്രം ചുമതലയുള്ള പാര്‍ട് ടൈം ചെയര്‍മാനായി മാറ്റണം. ബാങ്കിന് പ്രത്യേകം മാനേജിങ് ഡയറക്ടറെ നിയമിക്കണം. പാലിച്ചില്ലെങ്കില്‍ റിസര്‍വ് ബാങ്കിന് മാനേജിങ് ഡയറക്ടറെ നേരിട്ട് നിയമിക്കാം തുടങ്ങിയവയാണ് റിസര്‍വ്വ് ബാങ്കിന് നിയന്ത്രിക്കാനാവുന്ന കാര്യങ്ങള്‍.

സഹകരണം സംസ്ഥാനവിഷയവും സഹകരണസംഘങ്ങള്‍ സംസ്ഥാന നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവയുമാണ്. എന്നാല്‍, ബാങ്കിങ് കേന്ദ്രവിഷയവും. സഹകരണ ബാങ്കുകളുടെ ബാങ്കിങ് സംബന്ധമായ കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിന് ഇടപെടാന്‍ അധികാരമുണ്ട്. എന്നാല്‍, ഭരണസമിതി തെരഞ്ഞെടുപ്പ്, അംഗത്വം, ഓഹരി എന്നിവയിലൊന്നും റിസര്‍വ് ബാങ്കിനോ കേന്ദ്രസര്‍ക്കാരിനോ ഇടപെടാനാവുമായിരുന്നില്ല. എന്നാല്‍ ഇവയ്‌ക്കെല്ലാമുള്ള അനുവാദം റിസര്‍വ് ബാങ്കിനും അതിലൂടെ കേന്ദ്രത്തിനും നല്‍കുന്നതാണ് ഭേദഗതി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more