1 GBP = 107.76
breaking news

കോണ്‍ഗ്രസ് മഹാജനസഭയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്

കോണ്‍ഗ്രസ് മഹാജനസഭയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യുന്ന ‘മഹാജനസഭ’യുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. ഫെബ്രുവരി 4ന് വൈകുന്നേരം 3.30ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന മഹാജനസഭയോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകും. ഏകദേശം ഒരുലക്ഷത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മഹാസമ്മേളനമാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75,000 ത്തില്‍പ്പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ബൂത്ത് ശാക്തീകരണത്തിലൂടെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് അടിമുടി മാറ്റം കൊണ്ടുവരാന്‍ കരുത്ത് പകരുന്ന സമ്മേളനത്തിനാണ് കെപിസിസി നേതൃത്വം നല്‍കുന്നത്.

ബൂത്ത് തലം വരെയുള്ള ഭാരവാഹികളുമായി എഐസിസി അധ്യക്ഷന്‍ നേരിട്ട് സംവദിക്കുമെന്നതാണ് മഹാജനസഭയുടെ പ്രത്യേകത. കൂടാതെ ബൂത്ത് പ്രസിഡന്റുമാര്‍ക്ക് സ്ഥിരം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്. ബൂത്ത് വൈസ് പ്രസിഡന്റുമാരായ എല്ലാ വനിതകളെയും പങ്കെടുപ്പിക്കുന്നുവെന്നതും സവിശേഷതയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരായ പോര്‍മുഖം പാര്‍ട്ടിയുടെ താഴെത്തട്ടില്‍ ശക്തമാക്കുക എന്നതാണ് മഹാജനസഭയുടെ ലക്ഷ്യം.

ഇരുസര്‍ക്കാരുകളുടെയും ഫാസിസ്റ്റ് ജനാധിപത്യ വിരുദ്ധ നടപടികളെ ഗൃഹസന്ദര്‍ശനം നടത്തി നേതാക്കള്‍ വിശദീകരിക്കുന്നത് ഉള്‍പ്പെടെയുള്ള വിപുലമായ പ്രചരണ പരിപാടികള്‍ക്ക് ഈ സമ്മേളനത്തോടെ തുടക്കം കുറിക്കും. എല്ലാ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെ തൃശൂരിലെത്തിക്കുന്നതിന് ആവശ്യമായ വാഹനക്രമീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സംഘടനാ ശക്തിതെളിയിക്കുന്ന വലിയ പരിപാടിയായിട്ടാണ് കെപിസിസി നേതൃത്വം മഹാജനസഭയെ നോക്കികാണുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more