1 GBP = 104.15
breaking news

ചൈനക്ക് ആശ്വസിക്കാൻ സമയം നൽകാതെ പുതിയ വൈറസ്; 60ഓളം രോഗികൾ, ഏഴ് മരണം

ചൈനക്ക് ആശ്വസിക്കാൻ സമയം നൽകാതെ പുതിയ വൈറസ്; 60ഓളം രോഗികൾ, ഏഴ് മരണം

ബെയ്ജിങ്: കോവിഡിനെ പിടിച്ചുകെട്ടിയ ചൈനക്ക് ആശ്വസിക്കാൻ വകനൽകാതെ മറ്റൊരു പകർച്ചവ്യാധി കൂടി. 60 പേരിൽ പുതിയ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ ഏഴ് പേർക്ക് ജീവൻ നഷ്ടമായി. ചെള്ളുകളിൽ നിന്ന് ഉത്ഭവിക്കുന്ന ഒരുതരം വൈറസാണ് പുതിയ രോഗകാരി. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് ചൈനീസ് സർക്കാർ മാധ്യമം മുന്നറിയിപ്പ് നൽകി.

കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ പുതിയ വൈറസ് ബാധയുടെ 37 കേസുകൾ റിപ്പോർട്ട് ചെയ്തത്. പിന്നീട്, അൻഹുയി പ്രവിശ്യയിൽ 23 പേരിൽ കൂടി രോഗബാധ കണ്ടെത്തിയതായും സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടിടങ്ങളിലുമായാണ് കുറഞ്ഞത് ഏഴ് പേർ മരിച്ചത്. 

എസ്.എഫ്.ടി.എസ് വൈറസായ (Severe fever with thrombocytopenia syndrome virus) പുതിയ രോഗകാരി ബന്യവൈറസ് വിഭാഗത്തിൽ പെട്ടതാണ്. പുതിയ വൈറസ് അല്ലെന്നും രോഗകാരിയെ 2011ൽ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചൈനീസ് അധികൃതർ പറയുന്നു. 

ജിയാങ്‌സുവിന്‍റെ തലസ്ഥാനമായ നാൻ‌ജിങ്ങിൽ നിന്നുള്ള ഒരു സ്ത്രീയിലാണ് ആദ്യമായി രോഗലക്ഷണങ്ങൾ കണ്ടത്. വൈറസ് ബാധിച്ച ഇവർ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചികിത്സ തേടിയത്. പരിശോധനയിൽ ഇവരിൽ പ്ലേറ്റ്‌ലെറ്റിന്‍റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവർ രോഗമുക്തയായി ആശുപത്രി വിട്ടു. എന്നാൽ ഇതിനോടകം അമ്പതിലേറെ പേരിൽ പുതിയതായി രോഗം റിപ്പോർട്ട് ചെയ്യുകയായിരുന്നു. 

ചെള്ളുകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകർന്നതാവാമെന്നാണ് വിദഗ്ധരുടെ നിഗമനം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനും കഴിഞ്ഞേക്കും. രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയിൽനിന്ന് വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. 

ചെള്ളിന്‍റെ കടിയേൽക്കുന്നതാണ് രോഗബാധക്കുള്ള പ്രധാന കാരണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കുന്നിടത്തോളം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ പറയുന്നു.


Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more