1 GBP = 104.15
breaking news

ആ മുപ്പത് തടവുകാർ സ്നേഹസൗധം പണിതുയർത്തും

ആ മുപ്പത് തടവുകാർ സ്നേഹസൗധം പണിതുയർത്തും

തിരുവനന്തപുരം: ടാർപോളിൻ കൊണ്ടുമറച്ച നിർമ്മാണം പൂർത്തിയാകാത്ത വീട്ടിൽ ജീവിതം തള്ളിനീക്കുന്ന കുടുംബത്തിന് മുപ്പത് തടവുകാർ ചേർന്ന് സ്വപ്നസൗധം പണിയാനൊരുങ്ങുകയാണ്. വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിനിടെ, അർബുദത്തിന് കീഴടങ്ങിയ കാസർകോട് കരിന്തളത്തെ കുഞ്ചമ്പുവിന്റെ കുടുംബം എട്ടുവർഷമായി കഴിയുന്നത് ഏത് നിമിഷവും തകർന്ന് പോകാവുന്ന ഈ വീട്ടിലാണ്. ഈ വീട് പണി പൂർത്തിയാക്കാൻ ചീമേനി ജയിലിലെ തടവുകാർക്ക് സർക്കാർ അനുമതി നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ശ്രമദാനം.
കരിന്തളം ചിമ്മത്തോട്ടെ കൃഷിപ്പണിക്കാരനായ പി. കുഞ്ഞമ്പുവിന് വീടുണ്ടാക്കാൻ ഇ.എം.എസ് ഭവനപദ്ധതിയിൽ നിന്ന് 2010ൽ 75,000 രൂപ അനുവദിച്ചിരുന്നു. അർബുദരോഗിയായ കുഞ്ചമ്പു വീടുപണിക്കിടെ ആശുപത്രിയിലായി. ആ ജീവൻ രക്ഷിക്കാൻ കൈയിലുണ്ടായിരുന്ന പണമെല്ലാം ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ചമ്പു മരിച്ചതോടെ വീടുപണി നിലച്ചു. 7500 രൂപയുടെ അവസാനഗഡു കൊണ്ട് പണി തീർക്കാനാവുമായിരുന്നില്ല. കുഞ്ചമ്പുവിന്റെ ഭാര്യ രാധയും മകൾ രമയും എട്ടാംക്ലാസുകാരനായ മകനും കല്ലുകെട്ടിയ ചുമരുകൾക്ക് മുകളിൽ ടാർപോളിൻ കെട്ടിമറച്ചാണ് കഴിയുന്നത്. മഴയത്ത് ചോർന്നൊലിച്ചും കൊടുംചൂടിൽ ഉരുകിയൊലിച്ചുമുള്ള അവരുടെ ജീവിതം, വില്ലേജ് എക്സ്‌റ്റൻഷൻ ഓഫീസറായ സജിത്ത് പുളുക്കൂലാണ് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയത്.

ലൈഫ് പദ്ധതിപ്രകാരം വീടുനിർമ്മാണം പൂർത്തിയാക്കാൻ 40,000 രൂപ കൂടിയേ സർക്കാരിന് അനുവദിക്കാനാവൂ. വീടുപണിക്ക് 5.50 ലക്ഷം വേണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലെ എൻജിനിയർ കണക്കാക്കി. നാട്ടുകാരിൽ നിന്ന് വീടുനിർമ്മാണ സാമഗ്രികൾ സമാഹരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് എം. വിധുബാലയുടെ സഹായത്തോടെ സജിത്ത് ജനകീയ സമിതിയുണ്ടാക്കി. വീടുനിർമ്മാണത്തിന് തടവുകാരെ വിട്ടുനൽകണമെന്ന് ചീമേനി ജയിൽ സൂപ്രണ്ട് പി. ജയകുമാറിന് സജിത്ത് അപേക്ഷ നൽകി. കണ്ണൂർ, ചീമേനി ജയിലുകളിൽ വാർഡറായി ജോലിചെയ്തതിന്റെ ബലത്തിലായിരുന്നു ഇത്. വെൽഫെയർ ഓഫീസർ ശിവപ്രസാദും അനുകൂലിച്ചു. ഒരുമാസം മുൻപ് സജിത്ത് നൽകിയ അപേക്ഷ ജയിൽമേധാവി ആർ. ശ്രീലേഖ ആഭ്യന്തരവകുപ്പിന് കൈമാറി. കുടുംബത്തിന്റെ ദയനീയ സാഹചര്യം പരിഗണിച്ചും സാമൂഹ്യസേവന പ്രവർത്തനങ്ങൾ തടവുകാർക്ക് മനഃപരിവർത്തനമുണ്ടാക്കുമെന്നും വിലയിരുത്തി ഉടനടി അനുമതി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. വീടുനിർമ്മാണം നടത്തുന്ന തടവുകാർക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി. വീടുനിർമ്മാണം പൂർത്തിയാക്കാൻ മതിയായ തടവുകാരെ വിട്ടുനൽകാൻ അണ്ടർസെക്രട്ടറി ആർ. സുഭാഷ് ഉത്തരവിറക്കിയിട്ടുണ്ട്. 203 തടവുകാരുണ്ട് ചീമേനിയിൽ. കെട്ടിടനിർമ്മാണം വശമുള്ള മുപ്പതുപേരുണ്ട്. ജയിലിലെ നിർമ്മാണത്തിന് 148രൂപ ദിവസക്കൂലിയുണ്ട്. കുഞ്ഞമ്പുവിന്റെ വീടുപണിയുന്നവർക്കും ആവശ്യമെങ്കിൽ ഈകൂലി നൽകും.

40ചതുരശ്ര മീറ്ററിൽ അടുക്കളയും ഹാളും രണ്ടു കിടപ്പുമുറികളും ടോയ്‌ലറ്റു‌മടങ്ങിയ വീട് 40 ദിവസംകൊണ്ട് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് വി.ഇ.ഒ സജിത്ത് പറഞ്ഞു.

തടവറയ്ക്കുള്ളിൽ ഇരുളടഞ്ഞ ജീവിതം നയിക്കുന്ന തടവുകാരിൽ സാമൂഹ്യപ്രതിബദ്ധത വർദ്ധിപ്പിക്കുന്ന തീരുമാനമാണിത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അതിവേഗം ഉത്തരവിറക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more