1 GBP = 104.21
breaking news

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കാൻ വിസയ്ക്ക് മുടക്കേണ്ടത് ഏഴു യൂറോ; ബ്രിട്ടനിൽ തങ്ങുന്ന ഇയു പൗരന്മാർക്ക് ലളിതമായ സെറ്റിൽമെന്റ് വ്യവസ്ഥകൾ

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കാൻ വിസയ്ക്ക് മുടക്കേണ്ടത് ഏഴു യൂറോ; ബ്രിട്ടനിൽ തങ്ങുന്ന ഇയു പൗരന്മാർക്ക് ലളിതമായ സെറ്റിൽമെന്റ് വ്യവസ്ഥകൾ

ലണ്ടൻ: ബ്രെക്സിറ്റ്‌ “നോ ഡീൽ” വിടുതൽ ബില്ലിന് പാർലമെന്റ് അംഗീകാരം നൽകിയതോടെ ബ്രെക്സിറ്റ്‌ ചർച്ചകൾ കൂടുതൽ ഫലവത്തായി മുന്നോട്ട് പോകുന്നുവെന്നാണ് സൂചനകൾ. 303 ന് എതിരെ 319 വോട്ടുകള്‍ നേടിയാണ് ഗവണ്‍മെന്‍ിന് ഈ ബില്‍ പാസാക്കിയെടുക്കാന്‍ സാധിച്ചിരുന്നത്. നോ ഡീല്‍ ഘട്ടമുണ്ടായാല്‍ എംപിമാര്‍ക്ക് അര്‍ത്ഥവത്തായ വോട്ട് ചെയ്യാന്‍ അവസരമേകുമെന്ന തുറുപ്പ് ശീട്ടിറക്കിയിട്ടാണ് തെരേസക്ക് വിമതരെ തന്ത്രപൂര്‍വം അടക്കി ബില്‍ പാസാക്കാന്‍ സാധിച്ചിരിക്കുന്നത്. സുഗമമായ ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനുള്ള നിര്‍ണായകമാ ചുവട് വയ്പ് സാധിച്ചിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി തന്നെ പ്രതികരിച്ചിരിക്കുന്നത്. അതേസമയം ബ്രെക്സിറ്റ്‌ ചർച്ചകൾക്ക് മുൻ‌തൂക്കം കൊടുത്ത് ബ്രിട്ടനും ഈയുവും മുന്നോട്ട് വന്നതും ശ്രദ്ധേയമാണ്.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതോടെ ബ്രിട്ടീഷുകാർ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിനുള്ള ഉപാധികൾക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ ഭിന്നത വളർന്നിരുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനിൽ തങ്ങുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് കൂടുതൽ ലളിതമായ വ്യവസ്ഥകളിൽ സെറ്റിൽമെന്റിന് അപേക്ഷിക്കാവുന്ന തരത്തിൽ പുതിയ നിർദ്ദേശങ്ങൾ ഹോം സെക്രട്ടറി സാജിദ് ജാവീദ് മുന്നോട്ട് വച്ചതോടെ, ബ്രിട്ടീഷുകാരുടെ യൂറോപ്യൻ സന്ദർശനങ്ങൾക്കും കൂടുതൽ സുതാര്യവും ലളിതവുമായ വ്യവസ്ഥകൾ ഈയുവും മുന്നോട്ട് വച്ചു. മാർട്ടിൻ സെല്മായരും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കാറും ചേർന്നാണ് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതോടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് ബ്രിട്ടീഷുകാർക്ക് വിസ എടുക്കേണ്ടി വരും. എന്നാൽ ഏഴു യൂറോ മാത്രം മുടക്കിയാൽ എല്ലാ ഇയു രാജ്യങ്ങളും സന്ദർശിക്കാമെന്ന നിർദ്ദേശമാണ് കമ്മിറ്റി ഇയു പാർലമെന്റിന് മുന്നിൽ വച്ചിരിക്കുന്നത്. എന്നാൽ അമ്പത് പൗണ്ട് വരെ വിസയ്ക്ക് നൽകണമെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ട്. എന്തായാലും കമ്മിറ്റി നിർദ്ദേശങ്ങൾ യൂറോപ്യൻ പാർലമെന്റിന് മുന്നിൽ വരുമ്പോൾ മാത്രമേ കൂടുതൽ ചിത്രങ്ങൾ വ്യക്തമാകൂ.

അതേസമയം ഇന്ന് ഹോം സെക്രട്ടറി സാജിദ് ജാവീദ് ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനിൽ തങ്ങുന്ന ഇയു പൗരന്മാർക്ക് സെറ്റിൽമെൻറ് വിസയ്ക്ക് ലളിതമായ വ്യവസ്ഥകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ക്രിമിനൽ കേസുകളിൽ പെടാത്ത ഇയു പൗരന്മാർക്ക് മൂന്ന് ലളിതമായ ചോദ്യങ്ങൾ അടങ്ങുന്ന അപേക്ഷയാണ് നൽകേണ്ടത്. മുതിർന്നവർക്ക് 65 പൗണ്ടും കുട്ടികൾക്ക് £32.50 മാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ആപ്പുപയോഗിച്ച് ഇയു പൗരന്മാർക്ക് അപേക്ഷ നൽകാം.

അതേസമയം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരോട് അതാത് യൂറോപ്യൻ രാജ്യങ്ങൾ എടുക്കുന്ന നിലപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. യൂറോപ്യന്‍ യൂണിയനുമായുള്ള യുകെയുടെ ഭാവി ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വരാനിരിക്കുന്ന ആഴ്ചകളില്‍ ഒരു ധവളപത്രത്തിലൂടെ പുറത്ത് വിടാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി തെരേസാ മേയ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more