1 GBP = 104.01
breaking news

ബ്രെക്സിറ്റ്‌ കരാറുകൾക്ക് ബ്രിട്ടീഷ് ക്യാബിനെറ്റിന്റെ അംഗീകാരം; ഇനിയുള്ളത് കടുത്ത പരീക്ഷണങ്ങൾ; മറികടക്കാനാകുമെന്ന വിശ്വാസത്തിൽ പ്രധാനമന്ത്രി തെരേസാ മേയ്

ബ്രെക്സിറ്റ്‌ കരാറുകൾക്ക് ബ്രിട്ടീഷ് ക്യാബിനെറ്റിന്റെ അംഗീകാരം; ഇനിയുള്ളത് കടുത്ത പരീക്ഷണങ്ങൾ; മറികടക്കാനാകുമെന്ന വിശ്വാസത്തിൽ പ്രധാനമന്ത്രി തെരേസാ മേയ്

 

യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോകുന്നതിനുള്ള കരാറിന്റെ കരട് രൂപത്തിന് ബ്രിട്ടീഷ് കാബിനറ്റിന്റെ അംഗീകാരം. അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരട് റിപ്പോര്‍ട്ടിന് ബ്രിട്ടീഷ് കാബിനറ്റ് അനുമതി നല്‍കിയത്. നിര്‍ണായകമായ ചുവടുവെയ്പ് എന്നാണ് കാബിനറ്റ് തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വിശേഷിപ്പിച്ചത്.എന്നാൽ ബ്രക്‌സിറ്റ് കരാറിനെക്കുറിച്ചുള്ള അന്തിമ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ വിളിച്ചുചേര്‍ത്ത ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം. പത്ത് മന്ത്രിമാരാണ് ബ്രക്‌സിറ്റ് കരാറിന് എതിരെ സംസാരിച്ചത്. കരാറിന്റെ അടുത്ത നടപടിക്രമങ്ങള്‍ വരുംദിവസങ്ങളില്‍ത്തന്നെ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. രാജ്യതാത്പര്യത്തിന് അനുസൃതമായ തീരുമാനമാണ് കാബിനറ്റില്‍ ഉണ്ടായതെന്നും തെരേസ മേ വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയനുമായി വിവിധ മേഖലകളില്‍ സൌഹാര്‍ദപരമായ സമീപനം നിലനിര്‍ത്തുമെന്ന് കരാറിന്റെ കരട് വ്യക്തമാക്കുന്നുണ്ട്. ഊര്‍ജ്ജം, വ്യാപാരം, പ്രതിരോധം തുടങ്ങിയ മേഖലകളിലും സഹകരണം തുടരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കരാറിനെതിരെ നിലപാട് സ്വീകരിക്കുന്ന മന്ത്രിമാര്‍ രാജിവെയ്ക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ആരും രാജിവെയ്ക്കാന്‍ തയ്യാറായിട്ടില്ല. ദൈര്‍ഘ്യമേറിയ ചര്‍ച്ച തന്നെയാണ് നടന്നതെന്ന് ഡൗണിംഗ് സ്ട്രീറ്റ് സമ്മതിച്ചു. മുന്നിലുള്ള ദിവസങ്ങള്‍ അത്ര സുഗമമാകില്ലെന്നും പ്രധാനമന്ത്രി കാര്യാലയം പറയുന്നു. പിന്‍വാങ്ങല്‍ കരാര്‍ അംഗീകരിച്ച് രാഷ്ട്രീയ തീരുമാനം ഉറപ്പിക്കാന്‍ ക്യാബിനറ്റ് യോഗത്തില്‍ സാധിച്ചതായി പ്രധാനമന്ത്രി അവകാശപ്പെടുന്നു.

സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ ഉറപ്പ് ആവശ്യപ്പെടാന്‍ പോലും മന്ത്രിമാര്‍ തയ്യാറായി. എയ്ഡ് സെക്രട്ടറി പെന്നി മൗര്‍ഡന്റ്, ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍, ഹോം സെക്രട്ടറി സാജിദ് ജാവിദ്, ലിയാം ഫോക്‌സ്, ജെറമി ഹണ്ട്, ആന്‍ഡ്രിയ ലീഡ്‌സം എന്നിവരും വിവിധ വിഷയങ്ങളില്‍ വിശദീകരണം ആവശ്യപ്പെടുകയും എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്‌തെന്നാണ് സൂചന. കരാറിനായി മേയ് നടത്തുന്ന വിട്ടുവീഴ്ചകളാണ് ഇവരെ ചൊടിപ്പിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിനും, ബ്രിട്ടനും ഇടയില്‍ റെഗുലേറ്ററി ചെക്കിംഗ് ഉണ്ടാകില്ലെന്നത് ഘടകക്ഷിയായ ഡിയുപിയെ ചൊടിപ്പിക്കുകയാണ്. ഇതിന് പുറമെയാണ് ട്രാന്‍സിഷന്‍ കാലാവധി എത്ര വേണമെങ്കിലും നീട്ടാമെന്ന നിലപാടും എത്തുന്നത്. ഇക്കാര്യത്തിലൊന്നും സ്വന്തം നിലപാട് സ്വീകരിക്കാന്‍ ബ്രിട്ടന് സാധിക്കുകയുമില്ല. ഇതോടെ യൂറോപ്യന്‍ നിയമങ്ങള്‍ തുടര്‍ന്നും ബ്രിട്ടന്‍ അനുസരിക്കുന്ന സാഹചര്യം നേരിടും. 39 ബില്ല്യണ്‍ പൗണ്ടാണ് ഡിവോഴ്‌സ് ബില്ലായി തീരുമാനിച്ചിരിക്കുന്നത്. ബ്രെക്സിറ്റ്‌ ഡീലിനു ശേഷം ബ്രിട്ടീഷ് പൗരന്മാർക്ക് ഇയു രാജ്യങ്ങൾ സന്ദർശിക്കുന്നതിന് വിസ നിയമങ്ങൾ പാലിക്കേണ്ടതില്ലെന്നും നിലവിലെ സ്ഥിതി തുടരാമെന്നും ഇയു കമ്മീഷൻ വെളിപ്പെടുത്തിയിരുന്നു.

നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് 2019 മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് തെരേസ മേ പറഞ്ഞു. എങ്കിലും അതിന് ഇനിയുമേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ബ്രിട്ടീഷ് കാബിനറ്റ് അംഗീകരിച്ച ബ്രെക്സിറ്റ് കരാറിന്റെ കരട് പാര്‍ലമെന്റ് അംഗീകരിക്കണം. അങ്ങനെ കടമ്പകള്‍ പലതുണ്ട് മേക്ക് മുന്നില്‍. ഇതെല്ലാം മറികടന്നാലേ 2019 മാര്‍ച്ചില്‍ ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനാവൂ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more