1 GBP = 104.21
breaking news

ആരോഗ്യസ്ഥിതി മോശമായ ബോറിസ് ജോൺസണെ അതീവ ജാഗ്രതാ യൂണിറ്റിലേക്ക് നീക്കി

ആരോഗ്യസ്ഥിതി മോശമായ  ബോറിസ് ജോൺസണെ അതീവ ജാഗ്രതാ യൂണിറ്റിലേക്ക് നീക്കി

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

കൊറോണ ബാധയെത്തുടര്ന്നു ആരോഗ്യസ്ഥിതി മോശമായതിനാൽ പ്രധാനമന്ത്രി ബോറിസ് ജോൺസണെ അതീവ ജാഗ്രതാ യൂണിറ്റിലേക്ക് മാറ്റിയതായി ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. കോവിഡ്-19 ടെസ്റ്റ് പോസിറ്റീവ് ആയതിനു ശേഷം ഏകാന്തവാസത്തിലായിരുന്ന പ്രധാനമന്ത്രിയെ ഒരാഴ്ചക്കുശേഷവും രോഗ ലക്ഷണങ്ങൾ വിട്ടുമാറാത്ത സാഹചര്യത്തിൽ ലണ്ടനിലെ സെന്റ്. തോമസ് ഹോസ്പിറ്റലിൽ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെ പ്രവേശിപ്പിച്ചതായിരുന്നു.

ചില തുടർ പരിശോധനകൾക്കു വിധേയനാകാനാണ് ബോറിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും സ്ഥിഗതികൾ മോശമായതിനെത്തുടർന്നു വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നാലോ എന്ന നിഗമനത്തിലാണ് അതീവ ജാഗ്രതാ യൂണിറ്റിലേക്ക് മാറ്റിയത്.

അതീവ ജാഗ്രതാ യൂണിറ്റിലേക്ക് പോകുന്നതിനു മുൻപുതന്നെ പ്രധാനമന്ത്രി തന്റെ അഭാവത്തിൽ ഭരണ കാര്യങ്ങളിൽ വേണ്ടുന്ന തീരുമാനങ്ങൾ എടുക്കാൻ വിദേശ കാര്യ വകുപ്പ് മന്ത്രി ഡൊമിനിക് റാബിനെ ചുമതലപ്പെടുത്തി.

ഇന്ന് ഉച്ചക്ക് ശേഷം ബോറിസ് ജോൺസന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തിന്റെ മെഡിക്കൽ ടീമിന്റെ ഉപദേശ പ്രകാരമാണ് ഒരു മുന്കരുതലെന്ന നിലയിൽ അതീവ ജാഗ്രതാ യൂണിറ്റിലേക്ക് മാറ്റിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

ഉയർന്ന പനിയും ചുമയുമാണ് ബോറിസിന് ഇപ്പോഴുള്ളത്. ഇന്ന് രാവിലെ താൻ നല്ല ഉന്മേഷത്തിലാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഗർഭിണിയായ പങ്കാളി ക്യാരീ സിമോണ്ട്സിന്റെയും ആരോഗ്യകാര്യത്തിൽ താൻ ഉത്കണ്ഠപ്പെടുന്നുണ്ടെന്നും എന്നാൽ പൂർവാധികം ഊർജസ്വലതയോടെ അദ്ദേഹം തിരിച്ചു വരുമെന്നുമാണ് പ്രത്യാശിക്കുന്നതെന്നു ധനകാര്യ വകുപ്പ് മന്ത്രി ഋഷി സുനാക് പ്രസ്താവിച്ചു. ബോറിസിന്റെ ആശുപത്രി പ്രവേശനം ‘അതീവ ദുഖകരമായ ഒരു വാർത്തയാണെന്ന്’ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലേബർ പാർട്ടി നേതാവ് കിയെർ സ്റ്റാർമെർ അഭിപ്രായപ്പെട്ടു.

അർപ്പണബോധമുള്ള എൻ.എഛ്.എസ് സ്റ്റാഫ് പ്രധാന മന്ത്രിക്കു മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നു. ഇന്ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെയാണ് അദ്ദേഹത്തെ അതീവ ജാഗ്രതാ യൂണിറ്റിലേക്ക് മാറ്റാനുള്ള തീരുമാനമെടുക്കുന്നത്. ആശുപത്രിയിലേക്ക് ആംബുലൻസ് സഹായമില്ലാതെ ഒരു കാറിലാണ് അദ്ദേഹം പോയതെന്ന് ഡൗണിങ് സ്ട്രീറ്റ് വക്താവ്‌ വെളിപ്പെടുത്തി.

ബോറിസ് ജോൺസന്റെ പ്രതിശ്രുത വധുവായ ക്യാരീ സിമോണ്ട്സ് ഒരാഴച്ചയായി കൊറോണ ലക്ഷണങ്ങളെത്തുടർന്നു വിശ്രമത്തിലാണ്.

പാര്ലമെന്റ് സ്പീക്കർ ആയ സർ ലിൻഡ്‌സെ ഹോയ്ൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് അസുഖം വേഗത്തിൽ ഭേദമാകട്ടെ എന്നാശംസിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more