1 GBP = 104.15
breaking news

ആസ്​ട്രേലിയയിൽ ലോക്​ഡൗൺ വിരുദ്ധ പ്രക്ഷോഭം ശക്​തിപ്പെടുന്നു

ആസ്​ട്രേലിയയിൽ ലോക്​ഡൗൺ വിരുദ്ധ പ്രക്ഷോഭം ശക്​തിപ്പെടുന്നു

മെൽബൺ: കോവിഡ്​ നിയന്ത്രണത്തിന്‍റെ ഭാഗമായി ആസ്​ട്രേലിയൻ സർക്കാർ ഏ​ർപ്പെടുത്തിയ ലോക്​ഡൗണിനെതിരെ തെരുവിലിറങ്ങി ജനം. സിഡ്​നി, മെൽബൺ പോലുള്ള നഗരങ്ങളിലടക്കം വ്യാപക ​പ്രതിഷേധമാണുള്ളത്​​.

സമരക്കാരെ അടിച്ചമർത്താൻ ആയിരക്കണക്കിന്​ പൊലീസ്​ ഉദ്യോഗസ്​ഥരെ​ സർക്കാർ നിയോഗിച്ചിട്ടുണ്ട്​. നഗരങ്ങളിൽ ചെക്ക്​ പോയന്‍റുകളും ബാരിക്കേഡുകളും സ്​ഥാപിച്ചു. മെൽബൺ നഗരത്തിൽ പതിനായിരക്കണക്കിന്​​ ആളുകൾ ഒരുമിച്ചതായും പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. സമരക്കാർക്കുനേരെ പൊലീസ് മുളക്​ സ്​പ്രേ ഉപയോഗിച്ചു. പലരെയും​ അറസ്റ്റ്​​ ചെയ്​ത്​ നീക്കി.

നഗരത്തിൽ 2000 പൊലീസുകാരെ വിന്യസിച്ചതോടെ പലയിടങ്ങളും നിരോധന മേഖലയായി മാറി. നഗരത്തിലേക്കുള്ള പൊതുഗതാഗതവും റൈഡ് ഷെയറുകളും നിർത്തിവച്ചു. സിഡ്നിയിലെ തെരുവുകളിൽ കലാപ സ്ക്വാഡ് ഓഫിസർമാർ, ഹൈവേ പട്രോൾ, ഡിറ്റക്ടീവുകൾ, ജനറൽ ഡ്യൂട്ടി പൊലീസ് എന്നിവരെയാണ്​ വിന്യസിച്ചത്​.

രാജ്യത്ത്​ ശനിയാഴ്ച 1882 കോവിഡ്​ കേസുകളാണ്​ സ്​ഥിരീകരിച്ചത്​. ജൂൺ പകുതിയോടെയാണ്​ ആസ്​ട്രേലിയയിൽ കൊറോണ വൈറസിന്‍റെ ഡെൽറ്റ വകഭേദം പടരുന്നത്​. ഇതിനെ​ തുടർന്ന്​ സിഡ്നിയും മെൽബണും തലസ്ഥാനമായ കാൻബെറയുമെല്ലാം ആഴ്ചകളായി കർശനമായ ലോക്​ഡൗണുകളിലാണ്. ഇതിൽ പ്രതിഷേധിച്ചാണ്​ ജനം തെരുവിലിറങ്ങിയത്​.

വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, കാൻബറ എന്നിവിടങ്ങളിലടക്കം കോവിഡ്​ വാക്​സിനേഷൻ 70 ശതമാനമെങ്കിലും പൂർത്തിയായാൽ മാത്രമേ നിയന്ത്രണങ്ങൾ നീക്കൂ എന്നാണ്​ സർക്കാർ നിലപാട്​. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ആണ്​ ഇത്​ സാധ്യമാവുക.

കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ രാജ്യത്ത്​ കോവിഡിനെ ഒരുപരിധി വരെ പിടിച്ചുകെട്ടാൻ സർക്കാറിന്​ സാധിച്ചിട്ടുണ്ട്​. 85,000 കോവിഡ്​ കേസുകളും 1145 മരണങ്ങളുമാണ്​ രാജ്യത്ത്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​.

ബഹുഭൂരിപക്ഷം ആസ്ട്രേലിയക്കാരും പ്രതിരോധ കുത്തിവെപ്പിനെയും പൊതുജനാരോഗ്യ നടപടികളെയും പിന്തുണക്കുന്നുണ്ട്​. എന്നാൽ, പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിലെ അപകാതകളാണ്​ ജനങ്ങളിൽ പ്രതിഷേധത്തിന്​ ഇടയാക്കുന്നത്​.

പ്രതിഷേധക്കാർക്ക്​ ന്യൂ സൗത്ത് വെയിൽസ് ​പൊലീസ് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്​. പിഴ മുതൽ അറസ്റ്റ് വരെയുണ്ടാകുമെന്നാണ്​ മുന്നറിയിപ്പ്​. അതേസമയം, ശനിയാഴ്ചയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം തുടരുകയാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more