ഇന്ത്യയിലെ പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങള്‍ അടക്കമുള്ള ആധാര്‍ വിവരങ്ങള്‍ യുഎസ് ചാരസംഘടനയായ സിഐഎ ചോര്‍ത്തിയതായി വിക്കിലീക്‌സ്. പൗരന്‍മാരുടെ വിരലടയാളം, കണ്ണ് തുടങ്ങിയ രേഖകളാണ് ആധാറിനായി ശേഖരിച്ചിട്ടുള്ളത്. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിയുടെ സാമ്പത്തിക, സാമൂഹിക ഇടപടെലുകള്‍ നിരീക്ഷിക്കാനാകും. ഇത്രയും വിലപ്പെട്ട രേഖകള്‍ സിഐഎ മോഷ്ടിച്ചതായിട്ടാണ് വ്യാഴാഴ്ച വിക്കിലീക്‌സ് ആരോപിച്ചിരിക്കുന്നത്.
രഹസ്യരേഖകള്‍ ചോര്‍ത്തുന്ന സിഐഎയുടെ പദ്ധതിയായ എക്‌സ്പ്രസ്സ് ലൈന്‍ ഉപയോഗിച്ചാണ് സിഐഎ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് വിക്കിലീക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍എസ്എ, ആഭ്യന്തര സുരക്ഷാ വകുപ്പ്, ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയെ മറികടന്നാണ് സിഐഎ എക്‌സ്പ്രസ്സ് ലൈനിനായി വിവരങ്ങള്‍ ശേഖരിച്ചത്.
ലോകമൊട്ടാകെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനുള്ള സിഐഎയുടെ വിഭാഗമാണ് ഒടിഎസ് അഥവാ ഓഫീസ് ഓഫ് ടെക്‌നിക്കല്‍ സര്‍വ്വീസസ്. രാജ്യങ്ങള്‍ ദേശീയ സുരക്ഷയുടെ ഭാഗമായി സ്വമേധയാ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ പോരെന്ന് തോന്നിയതിനാലാണ് സിഐഎ ബയോമെട്രിക് വിവരശേഖരണം നടത്തുന്ന സോഫ്റ്റ് വെയര്‍ പുതുക്കുന്ന വേളയില്‍ ഒടിഎസ് ഏജന്റുമാര്‍ എക്‌സ്പ്രസ് ലൈന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഒരിക്കലും സംശയം തോന്നാത്ത വിധമാണ് ഇവരുടെ പ്രവര്‍ത്തനം.
ബയോമെട്രിക് സോഫ്റ്റ് വെയര്‍ രംഗത്തെ യുഎസ് കമ്പനിയായ ക്രോസ്സ് മാച്ചിന്റെ ഉത്പ്പന്നങ്ങളാണ് ഒട്ടുമിക്ക രാജ്യങ്ങളിലും വിവരശേഖരണത്തിനായി ഉപയോഗിക്കുന്നത്. 2012 ല്‍ ക്രോസ്സ് മാച്ചിനെ ഫ്രാന്‍സിസ്‌കോ ഏറ്റെടുത്തു. എണ്‍പതിലധികം രാജ്യങ്ങളിലായി അയ്യായിരത്തിലധികം സുരക്ഷാ ഏജന്‍സികളാണ് ക്രോസ്സ്മാച്ച് ഉപയോഗിക്കുന്നത്. സിഐഎയുടെ രഹസ്യവിഭാഗമായ ഒടിഎസ് രഹസ്യപദ്ധതിയ്ക്ക് വേണ്ടി നിയോഗിച്ചതും ക്രോസ്സ്മാച്ചിനെ തന്നെയാണ്. പാകിസ്ഥാനില്‍ ഒളിവിലായിരുന്ന ഒസാമ ബിന്‍ലാദനെ നിരീക്ഷിക്കാന്‍ യുഎസ് സൈന്യം ഏല്‍പ്പിച്ചിരുന്നതും ക്രോസ്സ് മാച്ചിനെയാണ്.
ഇന്ത്യയില്‍ ആധാര്‍ തയ്യാറാക്കി നല്‍കുന്ന സ്ഥാപനമായ യുഐഡിഎഐ ഉപയോഗിച്ചിരിക്കുന്നതും ക്രോസ്സ്മാച്ചിന്റെ ഉത്പ്പന്നങ്ങളാണ്. 2011 ലാണ് ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നത്. വിരടലടയാളം ഒപ്പിയെടുക്കുന്ന ഗാര്‍ഡിയന്‍, കൃഷ്ണമണികളെ പകര്‍ത്തുന്ന ഐസ്‌കാന്‍ എന്നീ ഉപകരണങ്ങളാണ് ക്രോസ്സ്മാച്ചിന്റേതായുളളത്. സ്മാര്‍ട്ട് ഐഡന്റിറ്റി ഡിവൈസസ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനവുമായി കൈകോര്‍ത്താണ് ക്രോസ്സ്മാച്ചിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം. ഇവര്‍ വഴിയാണ് അധാര്‍ വിവരങ്ങള്‍ സിഐഎയുടെ പക്കലെത്തിയതെന്നും വിക്കിലീക്‌സ് പറയുന്നു.
എന്നാല്‍ യുഐഡിഎഐ ഇക്കാര്യങ്ങള്‍ നിഷേധിച്ചു. റിപ്പോര്‍ട്ടില് വസ്തുതയില്ലെന്നും ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ് എന്നും യുഐഡിഎഐ അധികൃതര്‍ വിക്കിലീക്‌സ് റിപ്പോര്‍ട്ടിനെ നിഷേധിച്ചുകൊണ്ട് വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ പൗരന്‍മാരുടെ സ്വകാര്യതയുടെ ലംഘനമാണ് എന്ന വാദം ഉയര്‍ന്നുവരുന്നതിനിടെയാണ് സുപ്രധാനമായ വിവരങ്ങള്‍ സിഐഎ ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുമായി വിക്കിലീക്‌സ് രംഗത്ത് എത്തിയിരിക്കുന്നത്.
click on malayalam character to switch languages