1 GBP = 104.89

ജെയിംസ് ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ യുക്മ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉപഹാറുമായി കൈകോര്‍ക്കുന്നു. ഏപ്രില്‍ 23 നു മാഞ്ചെസ്റ്ററില്‍ സ്റ്റം സെല്‍ സാമ്പിള്‍ ശേഖരിക്കുവാന്‍ പരിശീലനം.

ജെയിംസ് ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ യുക്മ  റാപ്പിഡ് റെസ്‌പോണ്‍സ് ടീം  ഉപഹാറുമായി കൈകോര്‍ക്കുന്നു. ഏപ്രില്‍ 23 നു മാഞ്ചെസ്റ്ററില്‍ സ്റ്റം സെല്‍ സാമ്പിള്‍ ശേഖരിക്കുവാന്‍ പരിശീലനം.

വര്‍ഗീസ് ഡാനിയേല്‍

മൈലോഡിസ്പ്ലാസിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന, മാഞ്ചസ്റ്റര്‍ മലയാളികളായ ശ്രീ ജോസിന്റെയും ശ്രീമതി ഗ്രേസി ജോസിന്റെയും മകനും വെസ്റ്റ് ഓഫ് ഇംഗ്‌ളണ്ട്, ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയുമായ ജെയിംസ് ജോസിനെ സഹായിക്കുവാന്‍ യുക്മയുടെ ‘റാപിഡ് റെസ്‌പോണ്‍സ് ടീം’ ഉപഹാറുമായി കൈകോര്‍ക്കുന്നു.

മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ജെയിംസ് ജോസിനു അനുയോജ്യമായ മജ്ജ ദാതാവിനെ തേടി ഫെബ്രുവരിയില്‍ തുടങ്ങിയ അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്ന സാഹചര്യത്തില്‍
ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ നടക്കുന്ന അസ്സോസ്സിയേഷനുകളുമായി സഹകരിച്ചു സാമ്പിളുകള്‍ ശേഖരിക്കുവാനാണ് യുക്മ ഇപ്പോള്‍ മുന്‍കൈ എടുക്കുന്നത്.

2013 ല്‍ ബസില്‍ട്ടണിനടുത്തുള്ള ചിഗ്ഗുവെല്‍ സ്വദേശി ജീസണ്‍ ചെല്ലത്ത് ജീവന്‍ രക്ഷിക്കുവാന്‍ യുക്മയുടെ സഹകരണത്തോടെ സ്റ്റം സെല്‍ സാമ്പിളുകള്‍ നടത്തിയിരുന്നു. പ്രതീക്ഷിച്ചതിലും വലിയ സഹകരണമാണ് യുകെയിലെ മലയാളി സന്മനസ്സുകളില്‍ നിന്നും അന്ന് ലഭിച്ചത്. സമാന സാഹചര്യം വീണ്ടും വന്നിരിക്കെ ബോണ്‍ മാരോ ട്രാന്‍സ്പ്ലാറ്റിനെ പറ്റി മലയാളി സമൂഹങ്ങളില്‍ ബോധവല്‍ക്കരണം നടത്തുവാനും ‘റാപിഡ് റെസ്‌പോണ്‍സ് ടീം ‘ ആലോചിക്കുന്നതായി സംഘാടകരായ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബും യുക്മ നാഷണല്‍ കമ്മറ്റി അംഗവും ആയ ഡോ. ബിജുവും അറിയിച്ചു.

ഉപഹാറിന്റെ പ്രവര്‍ത്തകര്‍ക്ക് എല്ലാ സഥലങ്ങളിലും സ്റ്റം സെല്‍ സാമ്പിളുകള്‍ ശേഖരിക്കുവാന്‍ എത്തിച്ചേരുവാന്‍ ഉള്ള ബുദ്ധിമുട്ട് മനസ്സിലാക്കി യുക്മ അവരെ സഹായിക്കുവാനായി ഈ മാസം 23 നു മാഞ്ചെസ്റ്ററില്‍ വെച്ച് സാമ്പിളുകള്‍ ശേഖരിക്കുന്നതിന് പരിശീലനം നല്‍കുവാനും ആഗ്രഹിക്കുന്നു. താല്പര്യമുള്ള വ്യക്തികള്‍ യുക്മ നാഷണല്‍ ട്രഷറര്‍ ശ്രീ അലക്‌സ് വര്‍ഗീസുമായി 07985641921 എന്ന നമ്പറിലോയുക്മ റീജിയണല്‍ പ്രസിഡന്റുമായോ ബന്ധപ്പെടേണ്ടതാണ്.

തിരുവനംതപുരം സ്വദേശികളായ ശ്രീ ജോസും കുടുംബവും 2016 ലെ സ്‌കൂള്‍ അവധിക്കാലത്തു നാട്ടില്‍ പോയ അവസരത്തിലാണ് ജെയിംസിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തിരികെ വന്നശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നതും സ്റ്റം സെല്ലുകള്‍ക്കായി അന്വേഷണം ആരംഭിച്ചതും. ബ്ലഡ് സെല്ലുകളെ ബാധിക്കുന്ന ഒരു തരം ക്യാന്‍സറാണ് മൈലോഡിസ് പ്ലാസിയാ. ശരീരത്തിലെ ബോണ്‍മാരോയില്‍ നിന്നാണ് ബ്ലഡ് സെല്ലുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളില്‍ സ്ഥിതി ചെയ്യുന്ന മജ്ജ ദുര്‍ബലമാവുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്യുമ്പോള്‍ ശരീരത്തിലെ രക്ത ഉത്പാദനം കുറയുന്നു. മജ്ജയുടെ ആദ്യ രൂപമായ സ്റ്റെം സെല്ലുകള്‍ മാറ്റി വയ്ക്കുകയല്ലാതെ മറ്റു ചികിത്സകള്‍ ഇല്ലാത്തതിനാല്‍ അനുയോജ്യനായ ദാതാവിനെ കണ്ടെത്തുക അത്യന്താപേക്ഷിതമാണ്.

ജെയിംസ് ജോസിന് വേണ്ടി യുക്മ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കുവ്വാന്‍ എല്ലാ അംഗ അസ്സോസ്സിയേഷനുകളോടും അതിന്റെ ഭാരവാഹികളോടും യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു. ഏറ്റവും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ അസ്സോസ്സിയേഷനുകളിലും സാമ്പിള്‍ ശേഖരിക്കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ ഉള്ള ശ്രമത്തിലാണ് യുക്മയും റാപിഡ് റെസ്‌പോണ്‍സ് ടീമും. ദാതാവിനു ഒരു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാത്ത ബോണ്‍ മാരോ മാറ്റിവെക്കല്‍ വഴി ഒരു വിലയേറിയ ജീവന്‍ രക്ഷിക്കുവാന്‍ നമുക്ക് കൈകോര്‍ക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിലോ ഈമെയിലിലോ ബന്ധപ്പെടുക.
അലക്‌സ് വര്‍ഗീസ് 07985641921, 07412934567
[email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more