1 GBP = 108.77
breaking news

കര്‍മ്മ ബന്ധുരം ഈ പൊഴിഞ്ഞ വര്‍ഷ ദളങ്ങള്‍; സ്ഥാനമൊഴിയുന്ന യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നു

കര്‍മ്മ ബന്ധുരം ഈ പൊഴിഞ്ഞ വര്‍ഷ ദളങ്ങള്‍; സ്ഥാനമൊഴിയുന്ന യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം  ചെയ്യുന്നു

സജീഷ് ടോം (യുക്മ ദേശീയ ജനറല്‍ സെക്രട്ടറി)

ഹൃസ്വമായൊരു മനുഷ്യായുസില്‍ രണ്ട് വര്‍ഷങ്ങള്‍ തീര്‍ത്തും ചെറുതല്ലാത്ത ഒരു കാലഘട്ടമാണ്. കര്‍മ്മ ബന്ധുരവും കര്‍മ്മ നിരതവുമാണ് ആ കാലഘട്ടമെങ്കിലോ, ഒരു പുരുഷായുസിന്റെ ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ മനോഹരമായൊരു കര്‍മ്മകാണ്ഡമായി അത് മാറുന്നു.

യു.കെ.യുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നൂറോളം വരുന്ന മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നിലവിലുള്ള ദേശീയ നേതൃത്വം തങ്ങളുടെ പ്രവര്‍ത്തന കാലാവധിയായ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പ്രവാസി മലയാളി സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇതര ലോകരാഷ്ട്രങ്ങളില്‍നിന്നും വിഭിന്നമായി, യു.കെ.യില്‍ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായി ഒരേ ഒരു ദേശീയ പ്രസ്ഥാനമേയുള്ളൂ എന്നത് യുക്മയെ ആഗോളതലത്തില്‍ വ്യത്യസ്തമാക്കുന്നു.

2015 ജനുവരിയിലാണ് നിലവിലുള്ള ദേശീയ നേതൃത്വം ചുമതയേറ്റത്. രണ്ട് വര്‍ഷ ദളങ്ങള്‍ കൊഴിയുന്ന ഈ വേളയില്‍ പിന്നോട്ട് നോക്കുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നു. ഹൃദ്യമായ കൂട്ടുത്തരവാദിത്തത്തിന്റെ വിജയഗാഥ തന്നെയായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷത്തെ യുക്മ പ്രവര്‍ത്തനങ്ങളുടെ ആകെത്തുക. സംഘടനയെ കൂടുതല്‍ ജനകീയമാക്കാന്‍ സാധിച്ചു എന്നതും, അംഗ അസ്സോസിയേഷനുകളെയും റീജിയനുകളെയും കൂടുതല്‍ ചലനാത്മകമാക്കാന്‍ കഴിഞ്ഞു എന്നതുമാണ് ഈ കാലയളവിലെ എടുത്തുപറയേണ്ടുന്ന സവിശേഷതകള്‍.

ഒരു വിദേശ രാജ്യത്തിന്റെ നൊമ്പരം തങ്ങളുടെ സ്വന്തം നെഞ്ചിലേക്ക് ഏറ്റുവാങ്ങിക്കൊണ്ട്, അവര്‍ക്കു സാന്ത്വനത്തിന്റെ കൈത്താങ്ങുകളാകുവാന്‍ യു.കെ.മലയാളികളെ ഒന്നിച്ചു അണിനിരത്താന്‍ യുക്മ രംഗത്തിറങ്ങിയപ്പോള്‍ ചരിത്രം അവിടെ വഴിമാറുകയായിരുന്നു. ഭൂകമ്പം ദുരന്തം വിതച്ച നേപ്പാളിന്റെ മണ്ണിലേക്ക് സഹായമെത്തിക്കാനുള്ള യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ‘നേപ്പാള്‍ ചാരിറ്റി അപ്പീല്‍’ പന്തീരായിരം പൗണ്ടാണ് സമാഹരിച്ചത്. പത്രവാര്‍ത്തകള്‍ വഴി ജനങ്ങളെ ബോധവല്‍ക്കരിച്ചു സഹായാഭ്യര്‍ഥന നടത്തുന്ന പതിവ് ക്‌ളീഷേയില്‍നിന്നും വിഭിന്നമായി, യുക്മയുടെ ഏഴ് റീജിയണല്‍ കമ്മറ്റികളിലൂടെ അംഗ അസ്സോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെട്ട് നടത്തിയ നേപ്പാള്‍ ദുരിതാശ്വാസ നിധി പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നപ്പോള്‍, യുക്മയെന്ന സംഘടനയുടെ ജനമനസുകളിലെ വിശ്വാസ്യതയെ വിളിച്ചോതുന്നതും കൂടിയായി അത്.

യുക്മയുടെ ഏറ്റവും ജനപ്രിയ പ്രോഗ്രാം ആയ ‘യുക്മ കലാമേള’കള്‍ ഇന്ന് ആഗോള പ്രവാസി മലയാളികള്‍ക്കിടയില്‍ മുഖവുര ആവശ്യമില്ലാത്ത ഒന്നാണ്. കേരളത്തിന് വെളിയില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ മലയാളി കലാമാമാങ്കം യു.കെ. മലയാളികളുടെ കലാ സാംസ്‌ക്കാരിക വൈവിധ്യങ്ങളുടെ ചാരുതയാര്‍ന്ന പരിച്ഛേദം തന്നെയാണ്. വിവിധ യുക്മ റീജിയണുകളില്‍ നടന്ന വാശിയേറിയ മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകളാണ് ദേശീയ കലാമേളയില്‍ മാറ്റുരക്കാനെത്തുന്നത്. 2015 ല്‍ പുരാതന ബ്രിട്ടീഷ് നഗരമായ ഹണ്ടിങ്ടണിലും, 2016 ല്‍ വിശ്വ മഹാകവി വില്യം ഷേക്സ്പിയറിന്റെ ജന്മദേശമായ വാര്‍വിക്കിലും നടന്ന യുക്മ ദേശീയ കലാമേളകള്‍ 5000 ഓളം കലാസ്‌നേഹികള്‍ പങ്കെടുത്ത യു.കെ.മലയാളികളുടെ ‘ദേശീയോത്സവങ്ങള്‍’ തന്നെ ആയിരുന്നു.

യുക്മയുടെ പ്രവര്‍ത്തന മേഖലകള്‍ വ്യത്യസ്തങ്ങളും വൈവിധ്യപൂര്‍ണ്ണങ്ങളുമാണ്. സംഘാടക പാടവത്തിലും മത്സരത്തിന്റെ നിലവാരത്തിലും തികഞ്ഞ പ്രൊഫഷണലിസം തെളിയിച്ചുകൊണ്ട് സംഘടിപ്പിച്ച ഓള്‍ യു.കെ. മെന്‍സ് ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2015 ല്‍ ഓക്‌സ്‌ഫോര്‍ഡിലും, 2016 ല്‍ സാലിസ്ബറിയിലും നടന്നു.

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ദേശീയ കായികമേളകള്‍ സംഘടിപ്പിക്കുകവഴി യുക്മയുടെ സ്വന്തം കളിത്തട്ടായി മാറിക്കഴിഞ്ഞ ബര്‍മിംഗ്ഹാമിലെ വിന്‍ഡ്ലി ലെഷര്‍ സെന്ററില്‍ തന്നെയാണ് 2015, 2016 വര്‍ഷങ്ങളിലെ യുക്മ ദേശീയ കായികമേളകളും അരങ്ങേറിയത്. വിവിധ റീജിയണല്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന കായിക പോരാട്ടങ്ങളില്‍ വിജയിച്ചവര്‍ വ്യത്യസ്ത കാറ്റഗറികളില്‍ ഏറ്റുമുട്ടുമ്പോള്‍ അത് യു.കെ. മലയാളികളുടെ മെയ്ക്കരുതിന്റെ അങ്കക്കളരിയായി മാറുന്നു.

യു.കെ.യിലെ മലയാളി നര്‍ത്തകര്‍ക്ക് മാത്രമായൊരു ദിവസം മാറ്റിവച്ചുകൊണ്ട് യുക്മ സംഘടിപ്പിച്ച ‘സൂപ്പര്‍ ഡാന്‍സര്‍’ നൃത്ത മത്സരങ്ങള്‍ നാട്യ ലാസ്യ ഭാവങ്ങളുടെ മഞ്ജീര ധ്വനിയാല്‍ മുഖരിതമായ ദൃശ്യ വിസ്മയം തീര്‍ക്കുന്നവ ആയിരുന്നു.

ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച യു.കെ.മലയാളികളെ ആദരിക്കുവാനും, യുക്മയുടെ സഹയാത്രികരായ വ്യക്തികളെ അംഗീകരിക്കുവാനുമായി സംഘടിപ്പിച്ച ‘യുക്മ ഫെസ്റ്റ്’ മറ്റൊരു അവിസ്മരണീയമായ ദിനം യുക്മയുടെ ചരിത്രത്തില്‍ എഴുതി ചേര്‍ത്തു. തെരഞ്ഞെടുക്കപ്പെട്ട കലാപരിപാടികളുടെ അകമ്പടിയോടെ കൃത്യമായി ചിട്ടപ്പെടുത്തിയ മുഴുദിന പരിപാടികള്‍ യുക്മ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കുടുംബസമേതം ഒത്തുചേരാനും ഒരുദിവസം ഒന്നിച്ചു ചെലവഴിക്കാനുമുള്ള അവസരം കൂടിയായി.

യുക്മയുടെ ഏറ്റവും ജനകീയമായ രണ്ട് പോഷക സംഘടനകളാണ് യുക്മ നേഴ്സസ്സ് ഫോറവും യുക്മ സാംസ്‌ക്കാരിക വേദിയും. നേഴ്സസ്സ് ഫോറം ഇദംപ്രദമമായി സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷനും, റീവാലിഡേഷന്‍ പോലുള്ള പ്രസക്തമായ ഒട്ടേറെ വിഷയങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് സംഘടിപ്പിച്ച പഠന ശിബിരങ്ങളും യുക്മയുടെയും നേഴ്സസ്സ് ഫോറത്തിന്റെയും യശസ്സ് ഉയര്‍ത്തുന്നവയായിരുന്നു.

യുക്മ സാംസ്‌ക്കാരികവേദി യു.കെ. മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഒരു സാംസ്‌ക്കാരിക പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. യു.കെ.മലയാളികള്‍ക്കിടയിലെ ആദ്യ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ ‘യുക്മ സ്റ്റാര്‍ സിംഗര്‍’ സംഘടിപ്പിച്ചുകൊണ്ട് യു.കെ.മലയാളികളുടെ സംഗീത സ്വപ്നങ്ങള്‍ക്ക് ചാരുത പകര്‍ന്ന യുക്മ സാംസ്‌ക്കാരികവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ലോക പ്രവാസി മലയാളി സമൂഹങ്ങള്‍ക്കുതന്നെ മാതൃകയാണ്. ഓള്‍ യു.കെ. ഫോട്ടോഗ്രാഫി മത്സരങ്ങള്‍, രാജ്യവ്യാപകമായി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, ചിത്രപ്രദര്‍ശനങ്ങള്‍ എല്ലാം യുക്മ സാംസ്‌ക്കാരിക വേദിയുടെ തൊപ്പിയിലെ പൊന്‍തൂവലുകള്‍ തന്നെ.

പ്രശസ്ത നര്‍ത്തകനും നടനുമായ ശ്രീ.വിനീത് ഉദ്ഘാടനം ചെയ്ത ‘യുക്മ സ്റ്റാര്‍സിംഗര്‍ സീസണ്‍ -2’ ഒരു വര്‍ഷം നീണ്ടുനിന്ന ഒരു സംഗീത യാത്ര ആയിരുന്നു. നടനും ഗായകനും സംവിധായകനുമായ ശ്രീ.വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സ്റ്റേജ് ഷോ സംഘടിപ്പിച്ചുകൊണ്ടാണ് സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ യുക്മ അവിസ്മരണീയമാക്കിയത്.

മികച്ച ലേഔട്ട് കൊണ്ടും കൃതികള്‍ തെരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തുന്ന കൃത്യതകൊണ്ടും ഉന്നത നിലവാരം പുലര്‍ത്തുന്ന ‘ജ്വാല’ ഇ-മാഗസിന്‍ ലോക പ്രവാസി മലയാളി സമൂഹങ്ങള്‍ക്കിടയില്‍ യുക്മയുടെ അഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു. സ്വന്തമായൊരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒരു ദേശീയ സംഘടനയുടെ ആവശ്യകതയാണെന്ന തിരിച്ചറിവില്‍ ആരംഭിച്ച ‘യുക്മ ന്യൂസ്’ ഓണ്‍ലൈന്‍ ദിനപത്രം യുക്മ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചുകൊണ്ട് രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്.

എല്ലാ വര്‍ഷവും ക്രിസ്തുമസിന് മുന്‍പായി പ്രസിദ്ധീകരിക്കുന്ന ‘യുക്മ കലണ്ടറു’കള്‍ യു.കെ.മലയാളി ഭവനങ്ങളില്‍ നേരിട്ടെത്തിക്കുവാന്‍ യുക്മ റീജിയണല്‍ ഭാരവാഹികളും അംഗ അസോസിയേഷന്‍ പ്രവര്‍ത്തകരും കാണിക്കുന്ന ആവേശത്തിനും സന്മനസ്സിനും എത്ര പ്രശംസിച്ചാലും അധികമാകില്ല. ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്തു പതിനായിരം യുക്മ കലണ്ടറുകളാണ് ഈ വര്‍ഷം പുറത്തിറക്കിയത്.

അതേ യുക്മ വളര്‍ച്ചയുടെ പാതയില്‍ മുന്നേറുകയാണ്. വ്യക്തമായ രൂപരേഖയുടെയും കാഴ്ചപ്പാടുകളുടേയും അടിസ്ഥാനത്തില്‍, കൂട്ടുത്തരവാദിത്വത്തിന്റെ മികവില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ കര്‍മ്മ പരിപാടികള്‍ ഒരു ദേശീയ സംഘടനയെന്നനിലയില്‍ യുക്മയുടെ അധീശത്വം വ്യക്തമാക്കുന്നവയായിരുന്നു. യു.കെ. മലയാളി സമൂഹത്തിന്റെ ശാക്തീകരണം എന്ന തീവ്രമായ ലക്ഷ്യം മുന്‍ നിറുത്തിക്കൊണ്ടു ഇനിയും ഏറെ ദൂരം മുന്നേറാനുണ്ട്.

ആരോഗ്യപരമായ വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും ചൊരിഞ്ഞു വളര്‍ച്ചയുടെ വഴിയില്‍ ആവേശം വിതറിയ എല്ലാ സഹകാരികളെയും സുഹൃത്തുക്കളെയും നന്ദിയോടെ സ്മരിക്കുന്നു. പ്രവാസി മലയാളി സമൂഹങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ദിനപത്രങ്ങളും ഇന്ത്യയിലെ മലയാളം ദേശീയ ദിനപത്രങ്ങളും യുക്മയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒപ്പം യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ലോഭം സാമ്പത്തിക സഹായം നല്‍കുന്ന സ്‌പോണ്‍സര്‍മാരെയും സ്‌നേഹത്തോടെ സ്മരിക്കുന്നു.

കയ്യും മെയ്യും മറന്ന്, ഈ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കടന്നു പോയതറിയിക്കാതെ, തോളോട് തോള്‍ചേര്‍ന്ന് പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നിന്ന സഹപ്രവര്‍ത്തകരെ, ‘നന്ദി’ എന്ന രണ്ടക്ഷരങ്ങളില്‍ ഒതുക്കാനുള്ളതല്ല നിങ്ങള്‍ പകര്‍ന്നുതന്ന സ്‌നേഹവും ആത്മവിശ്വാസവും. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുമായി യുക്മ കടന്നുവന്നിട്ടുള്ളപ്പോഴെല്ലാം അവയെ സഹര്‍ഷം ഏറ്റെടുത്ത യു.കെ. മലയാളി സമൂഹത്തോടുള്ള നന്ദി രേഖപ്പെടുത്തുവാനും ഈ അവസരം വിനയപൂര്‍വം ഉപയോഗിക്കട്ടെ. ജനഹൃദയങ്ങളിലൂടെ യുക്മ യാത്ര തുടരുകയാണ്. കടന്ന് വരുന്ന പുതിയ വ്യക്തികളെയും സംഘടനകളെയും, പുത്തന്‍ ആശയങ്ങളെയും ആവിഷ്‌ക്കാരങ്ങളെയും നെഞ്ചിലേറ്റിക്കൊണ്ട്, യു.കെ. മലയാളി പ്രവാസി സമൂഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്താകുവാന്‍ യുക്മ വീണ്ടും മുന്നോട്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more