കെറ്ററിങ്ങ്: കെറ്ററിങ്ങ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതിച്ചേര്‍ത്തു. നയനമനോഹരമായ കലാവിരുന്ന്, പ്രൗഢഗംഭീരമായ പൊതുസമ്മേളനം, ഇമ്പമാര്‍ന്നതും ആവേശം അലതല്ലുന്നതായ ഗാനമേള, നാവില്‍ കൊതിയൂറുന്ന രുചികരമായ ഭക്ഷണം, എല്ലാ ഫാമിലികള്‍ക്കും സീക്രട്ട് സാന്തായുടെ സമ്മാനം എന്നിങ്ങനെ വിവിധങ്ങളായതും, വ്യത്യസ്തവുമായ പരിപാടികളുമായി ആഘോഷവേദി അക്ഷരാര്‍ത്ഥത്തില്‍ ഗംഭീരമായി.കെറ്ററിങ്ങ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ശക്തിപ്രകടനം വിളിച്ചോതിയ റാലിയില്‍ യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കെറ്ററിങ്ങ് യൂണിറ്റ് പ്രസിഡന്റ് ബൈജു കൊച്ചികുന്നേല്‍ അധ്യക്ഷത വഹിച്ചു. യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു വടക്കനഗി ഉത്ഘാടനം നിര്‍വ്വഹിച്ച പൊതുസമ്മേളത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ജോസി നെടുംതുരുത്തിപുത്തന്പാറയില്, ബാബു തോട്ടം, ജോസ് മുഖച്ചിറ, സഖറിയ പുത്തന്‍കുളം എന്നിവര്‍ ആശംസയര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന കലാവിരുന്നും ഗാനമേളയും സമുദായാംഗങ്ങളെ ആവേശത്തിലാക്കി.
മാതാപിതാക്കളും കുട്ടികളും തമ്മില്‍ നടന്ന വാശിയേറിയ കലാമത്സരങ്ങള്‍ പുതുപുത്തന്‍ ആശയങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ നയനമനോഹരമായ കലാവിരുന്ന് ഏവര്‍ക്കും ആസ്വാദ്യകരവുമായി. കോട്ടയം ജോയിയും, സ്മിതാ തോട്ടവും നയിച്ച ഗാനമേള ആഘോഷങ്ങളെ ആവേശക്കൊടുമുടിയില്‍ എത്തിച്ചു.
കെറ്ററിങ്ങ് യൂണിറ്റ് പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, സെക്രട്ടറി ബിജു വടക്കേക്കര, ട്രഷറര്‍ സ്റ്റീഫന്‍ തറയ്ക്കനാല്‍, വൈസ് പ്രസിഡന്റ് ബിജു മണക്കുന്നേല്‍, ജോയിന്റ് ട്രഷറര്‍ ഷിന്‍സണ്‍ വഞ്ചിന്താനത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
സഖറിയ പുത്തന്‍കുളം
click on malayalam character to switch languages