ബിബിന്‍ എബ്രഹാം
യുകെയിലെ വടംവലി പ്രേമികളുടെ ആവേശം വാനോളമെത്തിച്ചു സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്സ് സംഘടിപ്പിച്ച ഓള് യു.കെ വടംവലി മത്സരത്തിനു ആവേശകരമായ സമാപനം.
ആദ്യം മുതല്‍ അവസാനം വരെ തിങ്ങി നിറഞ്ഞ അഞ്ഞൂറില്‍ പരം കാണികള്‍ക്കു കണ്ണിനു വിരുന്നേകി, നെഞ്ചിടിപ്പു കൂട്ടി, ആര്‍പ്പുവിളികളോടും ചെണ്ട വാദ്യഘോഷത്തോടും യുകെയിലെ മല്ലന്മാര് മാറ്റുരച്ചപ്പോള്‍ അത് മലയാളികള്‍ക്ക് ഈ ഓണക്കാലത്ത് എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഒരു ആഘോഷമായി മാറുകയായിരുന്നു.
അത്യന്തം ആവേശകരമായിരുന്ന ഹീറ്റ്സ്, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍ മത്സരാവസാനം വൂസ്റ്റര്‍ തെമ്മാടികളും ഹോം ടീം ആയ ടണ്‍ ബ്രിഡ്ജ് വെല്‍സ് ടസ്കേഴ്സും കിരീടത്തില്‍ മുത്തമിടാന്‍ വടം കൈയ്യിലെടുത്തപ്പോള്‍ നിര്‍ന്നിമേഷരായി നിന്ന കാണികള്‍ക്ക് കരുത്തിന്റെ വശ്യസൗന്ദ്യര്യം ആണ് പകര്‍ന്ന് നല്‍കിയത്.
യുകെയില്‍ എമ്പാടും നിന്ന് പതിനൊന്നു ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ആരാണ് വിജയികള്‍ എന്നറിയാന്‍ അവസാനനിമിഷം വരെ കാത്തിരിക്കേണ്ട അസുലഭ നിമിഷമാണ് കാണികള്‍ക്ക് ലഭിച്ചത്.
സഹൃദയയുടെ ഓള് യുകെ ചാമ്പ്യന്‍ ട്രോഫിയും, യുകെയിലെ ചാമ്പ്യന്‍ പട്ടവും വൂസ്റ്റര്‍ തെമ്മാടികള്‍ നിലനിര്‍ത്തിയപ്പോള്‍, തോല്‍വി രുചിക്കാതെ ഫൈനലില്‍ എത്തിയ ഹോം ടീം ടണ്‍ബ്രിഡ്ജ് വെല്‍സ് ടസ്കേര്‍സ് ഫൈനലില്‍ തെമ്മാടിയോടു ഇഞ്ചോടിഞ്ചു പോരാടി രണ്ടാം സ്ഥാനത്തെത്തി. മികച്ച പ്രകടനത്തോടെ സി.കെ.സി കൊവന്‍ട്രി മൂന്നാം സ്ഥാനവും, ബാസില്‍ഡന്‍ ടൈറ്റാന്‍സ് നാലാം സ്ഥാനവും കരസ്ഥമാക്കി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ മികച്ച പോരാട്ടം പുറത്തെടുത്ത ലിവര്‍പൂള്‍ ടൈഗേര്‍സിനും ബി.സി.എം.സി ബര്‍മിംഗ്ഹാമിനും അക്ഷാര്‍ഥത്തില്‍ കാണികളുടെ മികച്ച പിന്തുണയാണു ലഭിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ മറ്റു ടീമുകള്‍ റിഥം ഹൊര്ഷം, ബേസിങ്ങ് സ്റ്റോക്ക് തറവാടീസ് എന്നിവരാണ്.
ഈ പോരാട്ടത്തില്‍ ആവേശത്തോടെ പങ്കെടുത്ത മറ്റു ടീമുകള്‍ കെന്റ് വാരിയേര്‍സ്, ഹെയ്വാര്ഡ് ഹീത്ത്സ്, സൂപ്പര്‍ സെവന് ബെക്സ്ഹില്‍ തുടങ്ങിയവര്‍.
യുക്മയുടെ നാഷണല്‍ പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത മല്‍സരം സഹൃദയയുടെ മികച്ച സംഘടനാമികവിലൂടെ കാണികള്‍ നെഞ്ചിലേറ്റിയപ്പോള് അത് പങ്കെടുത്ത എല്ലാവര്ക്കും ആവേശവും ആനന്ദവും കൂടാതെ എക്കാലവും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു ഓര്‍മ്മയുമായി.
മത്സരത്തിന്റെ ഒരോ ആവേശവും അതു ഒട്ടും ചോരാതെ തന്നെ ആഗോള മലയാളികള്‍ക്കു മുന്നില്‍ എത്തിക്കാന്‍ ഗര്‍ഷോം ടി.വിയുടെ തല്‍സമയ സംപ്രേഷണം സഹായമായി.
ഈ മല്‍സരത്തില്‍ പങ്കെടുത്തു വന്‍ വിജയമാക്കിയ എല്ലാ ടീമംഗങ്ങള്‍ക്കും, കൂടാതെ ഈ മല്‍സരം കാണാനായി എത്തിച്ചേര്‍ന്ന എല്ലാ വടംവലി പ്രേമികള്‍ക്കും സഹൃദയ ഹൃദയം നിറഞ്ഞ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.
ഈ ചാമ്പ്യന്‍ഷിപ്പ് സ്പോന്സര് ചെയ്ത എല്ലാവര്ക്കും, കൂടാതെ ചെറുതും വലുതമായി സഹൃദയയെ സഹായിച്ച എല്ലാവരോടുമുള്ള നന്ദി പ്രകാശിപ്പിക്കുന്നു.
തുടര്‍ന്നും സഹൃദയയുടെ മുന്നോട്ടുള്ള എല്ലാ പരിപാടികളിലും നിങ്ങളുടെ സ്നേഹസഹകരണം പ്രതീക്ഷിച്ചു കൊണ്ടു,
ടീം സഹൃദയ!
click on malayalam character to switch languages