കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് CPIM ഇടപെടൽ മൂലമാണെന്ന ആരോപണവുമായി KPCC പ്രസിഡൻ്റ് കെ സുധാകരൻ രംഗത്ത്. അനുമതി തന്നാലും ഇല്ലെങ്കിലും റാലി കോഴിക്കോട് കടപ്പുറത്ത് നടത്തും. ഒന്നുകിൽ റാലി നടക്കും, അല്ലെങ്കിൽ പ്രവർത്തകരും പൊലീസും തമ്മിൽ യുദ്ധം നടക്കും. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് മന്ത്രി റിയാസിൻ്റെ പ്രതികരണം തരംതാണതാണ്. ആദ്യം അനുമതി തന്നതാണ്. എന്തിനാണ് നവകേരള സദസ് നടത്തുന്നത്. ഈ പരിപാടി മുടക്കാൻ ശ്രമിക്കുന്നവരാണ് ഉടക്കിന് വരുന്നത്. നാണവും മാനവുമില്ലാത്ത സർക്കാരാണിതെന്നും 23-ന് പന്തൽ കെട്ടി 25-ന് പരിപാടി നടത്തിക്കൂടേയെന്നും അദ്ദേഹം ചോദിച്ചു.
തരൂർ അടക്കം എല്ലാ നേതാക്കളെയും റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തരൂരിന്റെ ലീഗ് റാലി പ്രസംഗത്തിലെ ഒറ്റവാക്കിൽ തൂങ്ങുന്നത് ബുദ്ധിശൂന്യതയാണെന്നും സുധാകരൻ പറഞ്ഞു. മന്ത്രി പിഎ മുഹമ്മദ് റിയാസിന് എതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ. പ്രവീൺകുമാറും രംഗത്തെത്തി. കോൺഗ്രസ്സിന്റെ റാലിക്ക് അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. റിയാസ് അല്ല മുഖ്യമന്ത്രി പറഞ്ഞാലും റാലിയുമായി കോൺഗ്രസ് മുന്നോട്ടു പോകുമെന്നും കെ. പ്രവീൺകുമാർ വ്യക്തമാക്കി.
16 ദിവസം മുൻപ് റാലിക്ക് അനുമതി നൽകുമെന്ന് കളക്ടർ വാക്കാൽ പറഞ്ഞതാണ്. കോഴിക്കോട് എവിടെ റാലി നടത്തണമെന്ന് കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സിപിഐഎം അല്ലാതെ ആരും റാലി നടത്തരുതെന്ന ധാർഷ്ട്യമാണ് അവർക്കുള്ളത്.
കോൺഗ്രസ്സ് അവിടെ റാലി നടത്തും. പലസ്തീൻ ജനതയ്ക്ക് ആദ്യം മുതലേ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കോൺഗ്രസ്സാണെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, നവ കേരള സദസിന്റെ വേദി മുൻകൂട്ടി നിശ്ചയിച്ചതാണെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. പലസ്തീൻ വിഷയത്തിലെ ജാള്യത മറക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനാലാണ് സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് തിരിച്ചടിക്കുന്നു.
സർക്കാരിന്റെ പരിപാടി പൊളിക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. സിപിഐഎം പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചത് ഉൾപ്പടെ വേറെ ഇഷ്ടംപോലെ വേദികൾ കോഴിക്കോടുണ്ടല്ലോയെന്നും ഇത് ജാള്യത മറക്കാൻ വേണ്ടി മാത്രമാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നു.
click on malayalam character to switch languages