1 GBP = 104.24

തുടർച്ചയായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരാണോ? കണ്ണിന് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ചില പൊടിക്കൈകൾ

തുടർച്ചയായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരാണോ? കണ്ണിന് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ചില പൊടിക്കൈകൾ

കണ്ണിനുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾക്ക് താൽക്കാലികമായി ആശ്വാസമേകുന്ന ചില പൊടിക്കൈകൾ

കോവിഡ് മഹാമാരി പരോക്ഷമായിട്ടാണെങ്കിലും നമ്മുടെ കണ്ണുകള്‍ക്കും വില്ലനാകുന്നുണ്ട്. കുട്ടികളായാലും മുതിർന്നവരായാലും കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കുന്നത് കഴിഞ്ഞ ഒന്നര വർഷക്കാലമായി വളരെയധികം വർദ്ധിച്ചിട്ടുണ്ട്.

നമ്മളിൽ ഭൂരിഭാഗവും ലാപ്‌ടോപ്പുകളിലും സ്മാർട്ട്‌ഫോണുകളിലും ജീവിക്കുകയാണ് അല്ലെങ്കിൽ ജീവിക്കാൻ നിർബന്ധിതരാവുകയാണ്. അതുകൊണ്ട് തന്നെ ഇവയുടെ അമിത ഉപയോഗത്താൽ കണ്ണിനനുഭവപ്പെടുന്ന ബുദ്ധിമുട്ട് എല്ലാ വിഭാഗത്തിലും പെടുന്ന ആളുകൾ അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്‌നമായി മാറിയിരിക്കുന്നു. ലോക്ക്ഡൗണ്‍ മൂലവും മഹാമാരിക്കെതിരായ മുൻകരുതൽ കാരണവും വീട്ടിലിരുന്ന് ക്ലാസുകളിൽ പങ്കെടുക്കുന്നതും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും ഇത്തരം പ്രശ്നങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണങ്ങളാണ്.

കാഴ്ചയ്ക്ക് ഗുരുതരമായ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലോ കാഴ്ച്ച മങ്ങുന്നതായി തോന്നുകയോ ചെയ്താൻ നിങ്ങൾ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്. എന്നാൽ ഗുരുതരമല്ലാത്ത പ്രശ്നങ്ങൾക്കും കണ്ണിന്റെ ആരോഗ്യത്തിനും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില മരുന്നുകളുണ്ട്. കണ്ണിനുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾക്ക് താൽക്കാലികമായി ആശ്വാസമേകുന്ന ചില പൊടിക്കൈകൾ ഇതാ.

തണുത്ത വെള്ളം

കമ്പ്യൂട്ടര്‍ സ്‌ക്രീനുകൾക്ക് മുന്നിലിരുന്ന് തുടർച്ചയായി ജോലി ചെയ്യുന്നത് കണ്ണുകൾക്ക് അസ്വസ്ഥത ഉണ്ടാകാനും വേദന ഉണ്ടാകുന്നതിനും കാരണമാകും. ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും എളുപ്പ മാർഗം ഒരു ഇടവേള എടുക്കുകയും കണ്ണുകൾ നന്നായി തണുത്ത വെള്ളത്തിൽ കഴുകുക എന്നതുമാണ്. തണുത്ത വെള്ളം നന്നായി കണ്ണുകളിലേയ്ക്ക് തെറിപ്പിക്കുന്നത് കണ്ണുകളുടെ താപനില കുറയ്ക്കുന്നതിന് സഹായിക്കുന്നു, ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് കൂടുതൽ ആശ്വാസവും ഉന്മേഷവും നൽകുന്നു.

പനിനീര്‍

പനിനീരിന് ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ കണ്ണിന് ഉന്മേഷം നൽകാൻ ഏറ്റവും നല്ലൊരു മരുന്നാണ്. പനിനീര്‍ ഉപയോഗിച്ച് ചെങ്കണ്ണ് പോലുള്ള ഗുരുതരമായ നേത്ര രോഗങ്ങൾ ഭേദമാക്കാൻ കഴിയും. കണ്ണിന്റെ ചൊറിച്ചിലും മറ്റ് ബുദ്ധിമുട്ടുകളും കുറയ്ക്കുന്നതിനും പനിനീർ സഹായിക്കും. പനിനീർ സാധാരണ വെള്ളത്തിൽ കലർത്തിയ ശേഷം അതില്‍ മുക്കിയ പഞ്ഞി ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകളെ മൃദുവായി തുടയ്ക്കുക. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് ഏറെ ആശ്വാസം നൽകും.

തുളസി, പുതിന എന്നിവ

നമ്മുടെ മാതാപിതാക്കളും മുത്തശ്ശിമാരും തുളസിയുടെ പല ഗുണങ്ങളെക്കുറിച്ചും ചെറുപ്പം മുതൽ പറഞ്ഞു തന്നിട്ടുണ്ടാകും. തീർച്ചയായും ഈ ചെടികള്‍ക്ക് എണ്ണമറ്റ ആരോഗ്യ ഗുണങ്ങളുണ്ട്. തുളസിയും പുതിനയും ഒരു രാത്രി മുഴുവനും വെള്ളത്തിലിട്ടു വച്ച ശേഷം നിങ്ങൾ ആ വെള്ളം ഉപയോഗിച്ച് കണ്ണുകൾ കഴുകുകയോ കണ്ണുകളില്‍ ആ വെള്ളം ഇറ്റിക്കുകയോ ചെയ്താൽ കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ട് വളരെയേറെ കുറയ്ക്കാനാകും. കണ്ണുകള്‍ക്ക് നല്ല കുളിര്‍മയും ലഭിക്കും.

കണ്ണിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമായ മൂന്ന് മരുന്നുകളാണിവ. ഇവ എത്രത്തോളം ഫലപ്രദമാണെന്ന് നിങ്ങൾക്ക് തന്നെ മനസ്സിലാക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more