സാലിസ്ബറി: മുൻ യുക്മ ദേശീയ കലാതിലകവും സാലിസ്ബറി മലയാളി അസ്സോസിയേഷൻ സജീവാംഗങ്ങളുമായ ജോസ് കെ ആന്റണിയുടെയും സിൽവി ജോസിന്റെയും മകൾ മിന്നാ ജോസ് ഇന്ന് വിവാഹിതയാകുന്നു. വോക്കിങ്ങിലെ ഒവർ ലേഡി ഹെൽപ്പ് ക്രിസ്ത്യൻ ചർച്ചിൽ പതിനൊന്നര മണിയോടെയാണ് വിവാഹച്ചടങ്ങുകൾ നടക്കുക. നവംബർ നാലിന് സതാംപ്ടണിലെ വിൻസന്റ് ഡി പോൾ ചർച്ചയിലാണ് വിവാഹ നിശ്ചയം നടന്നത്.
വോക്കിങ്ങിൽ സ്ഥിരതാമസമാക്കിയിട്ടുള്ള കണ്ണൂർ എടൂർ ഓടയ്ക്കൽ ഹൗസ് ഓ ജെ ജോസിന്റെയും മോളി ജോസിന്റെയും മകനായ ജോമി ജോസാണ് വരൻ. തൃശൂർ കന്നിക്കര കളരിക്കൽ ഹൗസിലെ ജോസ് കെ ആന്റണിയുടെയും സിൽവി ജോസിന്റെയും മൂത്ത മകളായ മിന്നാ ജോസ് യുക്മയുടെ ആദ്യ കാലം മുതൽ തന്നെ കലാമേളകളിൽ സജീവമാണ്. നിരവധി തവണ റീജിയണൽ കലാതിലകപ്പട്ടം നേടിയിട്ടുളള മിന്നാ ജോസ് 2014ലെ ലെസ്റ്റർ ദേശീയ കലാമേളയിലാണ് ദേശീയ കലാതിലകം കരസ്ഥമാക്കുന്നത്.അക്കുറി ദേശീയ തലത്തിൽ തന്നെ കലാമേളയിൽ രണ്ടാം സ്ഥാനത്തെത്തിയ സാലിസ്ബറി മലയാളി അസ്സോസിയേഷന് പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്താനായത് മിന്നയുടെ മികച്ച പ്രകടനം വഴിയാണ്.
യുക്മ വേദികൾ കൂടാതെ യുകെയിലെ നിരവധി സാംസ്‌കാരിക സംഘടനകളിൽ ശ്രദ്ധേയ സാന്നിധ്യമറിയിച്ചിട്ടുള്ള മിന്നയുടെ ഏക സഹോദരി സോനാ ജോസും നൃത്ത വേദികളിൽ സജീവ സാന്നിധ്യമാണ്. കോവിഡ് കാലയളവിൽ ബി ക്രീയേറ്റിവ് നിർമ്മിച്ച കൃഷ്ണയെന്ന നൃത്ത സംഗീത കലാരൂപത്തിലെ മിന്നയുടെ പ്രകടനം ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
സൈക്കോളജിയിൽ ബിരുദം കരസ്ഥമാക്കിയിട്ടുള്ള മിന്നാ റെഡ്‌ഡിംഗ് എൻ എച്ച് എസ് ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത്. യുകെയിൽ തന്നെ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ ജോമി ബിസിനെസ്സ് രംഗത്താണ് ചുവടുറപ്പിച്ചിരിക്കുന്നത്.
പതിനൊന്നാമത് യുക്മ ദേശീയ കലാമേളയുടെ ഉത്‌ഘാടന ദിവസത്തിൽ തന്നെ നടക്കുന്ന വിവാഹത്തിൽ വധൂവരന്മാർക്ക് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി എം പി പദ്മരാജ്, എസ് എം എ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി മേഴ്‌സി സജീഷ് തുടങ്ങിയവർ ആശംസകൾ നേർന്നു…..
click on malayalam character to switch languages