1 GBP = 104.28

സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം 5): ഗാന്ധിജിയുടെ പ്രഭാഷണം വഴിതിരിച്ചു

സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം 5): ഗാന്ധിജിയുടെ പ്രഭാഷണം വഴിതിരിച്ചു

തിരക്കേറിയ ബാരിസ്റ്റര്‍ ജോലിയും ബ്രിജ് കളിയുമൊക്കെയായി കഴിഞ്ഞുകൂടിയ വല്ലഭായ് പട്ടേല്‍ 1917 വരെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലൊന്നും കാര്യമായി ശ്രദ്ധിച്ചില്ല. ഗുജറാത്ത് ക്ലബ് സന്ദര്‍ശിച്ച ഗാന്ധിജി നടത്തിയ പ്രസംഗം കേട്ട പട്ടേലിന്‍റെ മനസ്സ് മാറിയത് വളരെ പെട്ടെന്നായിരുന്നു. സ്വാതന്ത്രസമര സേനാനിയെന്നു വിശേഷിപ്പിക്കാവുന്ന പിതാവിന്‍റെ പാരമ്പര്യവാസന അദ്ദേഹത്തില്‍ ഉറങ്ങികിടക്കുകയായിരിക്കണം. അത് ഉണര്‍ത്താന്‍ ഗാന്ധിജിക്ക് സാധിച്ചു.

പട്ടേലിന്‍റെ മനസ്സില്‍ സ്വതന്ത്രഭാരത ചിന്തകള്‍ പീലിവിടര്‍ത്തിയപ്പോള്‍ പെട്ടന്ന് അദ്ദേഹം സജീവമായി. 1917 ല്‍ പട്ടേല്‍ അഹമ്മദാബാദിലെ ഇന്ത്യക്കാരനായ പ്രഥമ കമ്മീഷണര്‍ ആയി. 1924 വരെ ഈ സ്ഥാനം വഹിച്ചു. 1924 മുതല്‍ 1928 വരെ മുനിസിപ്പല്‍ പ്രസിഡന്‍റായി. ഇതൊരു തുടക്കം മാത്രമായി. ആഫ്രിക്കയില്‍ നിന്നു മടങ്ങിയെത്തിയ ഗാന്ധിജിയാകട്ടെ തന്‍റെ മനസില്‍ കണ്ടൊരു നേതാവിനെ കിട്ടിയ സന്തോഷവും.

മഹാത്മഗാന്ധി ചെയ്ത പ്രസംഗം പട്ടേലിനെ സ്വാധീനിച്ചു എന്നു പറഞ്ഞല്ലോ. ഗാന്ധിജിയുടെ ആശയങ്ങളും ലക്ഷ്യങ്ങളും അദ്ദേഹത്തിന് സ്വീകാര്യനായി. ഗാന്ധിജിയുടെ അനുയായി ആയി മാറിയ പട്ടേല്‍ സ്വാതന്ത്ര സമര പോരാട്ടങ്ങളിലെ സജീവ സാന്നിധ്യമായി. ഗാന്ധിജിയെ എതിര്‍ക്കാനുള്ള വൈമനസ്യം കൊണ്ട് അദ്ദേഹത്തിന് അര്‍ഹതപ്പെട്ട പല ഉന്നത സ്ഥാനങ്ങളും മറ്റുള്ളവര്‍ക്ക് കൈമാറേണ്ടി വന്നു. പക്ഷെ ഒരിക്കലും പട്ടേല്‍ അനിഷ്ടം പ്രകടിപ്പിക്കുകയോ ഗാന്ധിജിക്കെതിരെ പരസ്യമായി ശബ്ദിക്കുകയോ ചെയ്തിട്ടില്ല.

അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷന്‍ സ്ഥാനത്തുനിന്ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഉപപ്രധാന മന്ത്രിവരെയുള്ള വല്ലഭായ് പട്ടേലിന്‍റെ വളര്‍ച്ചയുടെ ചരിത്രം ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിന്‍റെയും സ്വതന്ത്ര ഇന്ത്യയുടെ ഭരണതുടക്കത്തിന്‍റെ ചരിത്രത്തിന്‍റെ ഭാഗമായത് സ്വാഭിവികം. ഉപപ്രധാന മന്ത്രി പദവിക്കൊപ്പം ആഭ്യന്തരം ഉള്‍പ്പടെ പ്രധാനപ്പെട്ട മൂന്നു വകുപ്പുകള്‍ കൂടി വല്ലഭായ് പട്ടേലിന്‍റെ കരുത്തറ്റ കൈകളിലായിരുന്നു. വല്ലഭായ് പട്ടേല്‍ ഝാവര്‍ ഭായ്-ലാഭ്ബായി ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമനായിരുന്നു. മൂത്തത് സഹോദരിയായിരുന്നു. ദാഹിബ. പിന്നെ കാശിഭായ്, സോമഭായ്, നര്‍സിഭായ്, ഏറ്റവും ഇളയതായി വിതര്‍ഭായ്.

എന്നാല്‍ വല്ലഭായ് പട്ടേലിന്‍റെ സഹോദരങ്ങളാരും പൊതുരംഗത്ത് അത്ര സജീവമായിരുന്നില്ല. അതു കൊണ്ടാകാം അവരുടെ മക്കളും കൊച്ചുമക്കളും കുടുംബങ്ങളില്‍ ഒതുങ്ങികൂടിയത്. സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്ത വേളയിലാണ് പല പ്രമുഖ മാധ്യമങ്ങളും അദ്ദേഹത്തിന്‍റെ കുടുംബവേരുകള്‍ തേടിയത്.

വല്ലഭായ് പട്ടേലിന്‍റെ കൊച്ചുമക്കളെയും കൊച്ചു മരുമക്കളെയും ആനന്ദ് ഗ്രാമത്തില്‍ കണ്ടെത്താന്‍ ഒരു പ്രമുഖ ഇംഗ്ലീഷ് പ്രസദ്ധീകരണത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ കൊച്ച് അനന്തരവന്‍ മ്യൂസിക് സ്റ്റോറും സബ്വേ റസ്റ്റോറന്‍റും നടത്തി ജീവിക്കുന്നത്രെ. കൊച്ച് അനന്തരവള്‍മാരില്‍ ഒരാള്‍ പറഞ്ഞത് രസകരമായി തോന്നി. സര്‍ദാര്‍ പട്ടേലിന്‍റെ കുടുംബത്തില്‍ ഒരാളുമായി അവര്‍ പ്രണയത്തിലായിരുന്നു. ആദ്യം വീട്ടുകാര്‍ എതിര്‍ത്തു. ഭര്‍ത്താവാകാന്‍ പോകുന്ന ആള്‍ സര്‍ദാര്‍ പട്ടേലിന്‍റെ കുടുംബത്തില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ എതിര്‍പ്പ് അലിഞ്ഞു. തന്നെ വിവാഹം ചെയ്തിരിക്കുന്നത് വല്ലഭായ് പട്ടേലിന്‍റെ കുടുബത്തില്‍ നിന്നുള്ളയാള്‍ ആണെന്ന് വലിയ അഭിമാനത്തോടെയാണ് ഇപ്പോള്‍ വീട്ടുകാര്‍ പറയുന്നത്.

വല്ലഭായ് പട്ടേലിന്‍റെ കുടുംബാംഗങ്ങളില്‍ ആരും രാഷ്ട്രീയത്തില്‍ സജീവമാകാതിരുന്നതിനാലാകാം അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ കാര്യമായി നിലനില്‍ക്കാതെ പോയത്. ഇന്നും അവര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു. അതേ സമയം സര്‍ദാര്‍ പട്ടേലിന് വൈകിയെങ്കിലും കൈവന്ന അംഗീകാരത്തില്‍ സംതൃപ്തരാണ്. പട്ടേലിന്‍റെ ഓര്‍മ്മകള്‍ പുതിയ തലമുറയെ കര്‍മ്മനിരതരും ഊര്‍ജ്ജസ്വലരുമാക്കുമെങ്കില്‍ സന്തോഷമെന്നാണ് ആ കുടുംബത്തിലെ ഇളം തലമുറയില്‍ ചിലര്‍ പട്ടേല്‍ പ്രതിമ അനാച്ഛാദന വേളയില്‍ പ്രതികരിച്ചത്. എന്തായാലും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ വംശാവലി പഠിക്കുമ്പോള്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും പ്രയോജനപ്പെടും. അത്യുന്നത ശ്രേണിയില്‍ ഇങ്ങനെ ഒരു നേതാവിന്‍റെ പിന്‍തലമുറ ആ പൈതൃകത്തിന്‍റെ പേരില്‍ അവകാശവാദമൊന്നും ഉയര്‍ത്തുന്നില്ല എന്നത് മാതൃകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more