1 GBP = 104.66
breaking news

ലീഡ്‌സിൽ സെന്റ് മേരീസ് മിഷൻ സ്ഥാപനത്തോടെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ അജപാലനസന്ദർശനം സമാപിച്ചു; ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ആകെ ഇരുപത്തിയെട്ടു മിഷനുകൾ സ്ഥാപിച്ചു; കർദ്ദിനാൾ ഇന്ന് നാട്ടിലേക്ക് മടങ്ങും; പിതൃവാത്സല്യത്തിന് സഭാതലവനോട് പറഞ്ഞാൽ തീരാത്ത നന്ദിയുമായി ഗ്രേറ്റ് ബ്രിട്ടൺ രൂപതാകുടുംബം…

ലീഡ്‌സിൽ സെന്റ് മേരീസ് മിഷൻ സ്ഥാപനത്തോടെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ അജപാലനസന്ദർശനം സമാപിച്ചു; ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ആകെ ഇരുപത്തിയെട്ടു മിഷനുകൾ സ്ഥാപിച്ചു; കർദ്ദിനാൾ ഇന്ന് നാട്ടിലേക്ക് മടങ്ങും; പിതൃവാത്സല്യത്തിന് സഭാതലവനോട് പറഞ്ഞാൽ തീരാത്ത നന്ദിയുമായി ഗ്രേറ്റ് ബ്രിട്ടൺ രൂപതാകുടുംബം…
ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ  
പ്രെസ്റ്റൺ, ലീഡ്സ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ പുതിയ ചരിത്രമെഴുതി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ അജപാലനസന്ദർശനം സമാപിച്ചു. കഴിഞ്ഞ തുടർച്ചയായ  പതിനെട്ടു ദിവസങ്ങളിലായി ഇരുപത്തിമൂന്നു വിവിധ സ്ഥലങ്ങളിൽ വി. കുർബാനയർപ്പിക്കുകയും ഇരുപത്തിയെട്ടു മിഷനുകൾ സ്ഥാപിക്കുകയും ചെയ്ത കർദ്ദിനാളിന്റെ മാരത്തോൺ മിഷനറി യാത്രയ്ക്കാണ് ഇന്നലെ ലീഡ്‌സിൽ സമാപനമായത്. അതിവിസ്തൃതമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വിവിധങ്ങളായ സ്ഥലങ്ങളിലേക്കുള്ള സുദീർഘമായ യാത്രകൾ കൂടാതെ ഒരു ദിവസം അയർലണ്ടിലെ ഡബ്ലിനിൽ സീറോ മലബാർ സഭയുടെ പുതിയ ആസ്ഥാന മന്ദിരം വെഞ്ചരിക്കാനും കർദ്ദിനാൾ സമയം കണ്ടെത്തി. ഈ അജപാലന യാത്രയിലുടനീളം കർദ്ദിനാളിനെ അനുഗമിച്ചു ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും സെക്രട്ടറി റെവ. ഫാ. ഫാൻസുവ പത്തിലും ഉണ്ടായിരുന്നു.
അജപാലന സന്ദർശനത്തിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ രൂപതയുടെ കത്തീഡ്രലായ പ്രെസ്റ്റൺ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ രാവിലെ 10. 30 നു മാർ ആലഞ്ചേരി ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകി. തിരുക്കർമ്മങ്ങളുടെ തുടക്കത്തിൽ കത്തീഡ്രൽ കവാടത്തിൽ, വികാരി റെവ. ഫാ. മാത്യു ചൂരപൊയ്കയിൽ കത്തിച്ച തിരി നൽകി രൂപതയ്ക്ക് ആദ്യമായി ലഭിച്ച  ദൈവാലയത്തിലേക്കു സഭാതലവനെ സ്വീകരിച്ചു. സഹകാർമികരായി, ലങ്കാസ്റ്റർ രൂപതാധ്യക്ഷൻ ബിഷപ്പ് പോൾ സ്വാർബ്രിക്ക്, വികാരി ജനറാളും കത്തീഡ്രൽ വികാരിയുമായ റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ, ചാൻസിലർ റെവ. ഫാ. മാത്യു പിണക്കാട്ട്, SMYM രൂപതാ ഡയറക്ടർ റെവ. ഡോ. ബാബു പുത്തൻപുരക്കൽ, സെക്രട്ടറി റെവ. ഫാ. ഫാന്സുവ പത്തിൽ എന്നിവർ വി. കുർബാനയിൽ പങ്കുചേർന്നു. ദിവ്യബലിക്ക് മുൻപായി കർദ്ദിനാൾ കുട്ടികളുമായി സംവദിക്കാൻ സമയം കണ്ടെത്തി. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ 2019 വർഷത്തെ കലണ്ടറിന്റെ പ്രകാശനവും കർദ്ദിനാൾ നിർവ്വഹിച്ചു. നിരവധി വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു 4. 15 നു ലീഡ്‌സ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ‘സെന്റ് മേരീസ്  മിഷൻ’ പ്രഖ്യാപിക്കുകയും ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകുകയും ചെയ്തു. ദൈവാലയം നിറഞ്ഞെത്തിയ വിശ്വാസികളുടെ സാന്നിധ്യത്തിൽ രൂപത ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട് മിഷൻ സ്ഥാപന വിജ്ഞാപന പത്രിക (ഡിക്രി) വായിച്ചു. റെവ. ഫാ. മാത്യു മുളയോലിക്കു ഡിക്രി നൽകി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, മിഷൻ ഡയറക്ടർ ആയി നിയമിച്ചു. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിയർപ്പണത്തിനു കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറൽ റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ, ലിതെർലാൻഡ് സമാധാനരാഞ്ജി പള്ളിവികാരി റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, പ്രെസ്റ്റണ് റീജിയണൽ കോ ഓർഡിനേറ്റർ റെവ. ഫാ. സജി തോട്ടത്തിൽ, രൂപത ജുഡീഷ്യൽ വികാർ റെവ. ഫാ. സോണി കടംതോട്, സെക്രട്ടറി റെവ. ഫാ. ഫാൻസുവ പത്തിൽ, മിഷൻ ഡയറക്ടർ റെവ. ഫാ. മാത്യു മുളയോലിൽ എന്നിവർ തിരുക്കർമ്മങ്ങളിൽ സഹകാർമ്മികരായി. പ്രെസ്റ്റണിലും ലീഡ്‌സിലും ഒരുക്കിയിരുന്ന സ്നേഹവിരുന്നിൽ പങ്കുചേർന്നു വിശ്വാസികൾ സന്തോഷം പങ്കുവച്ചു.
രണ്ടു വര്ഷം മുമ്പ്  രൂപതാസ്ഥാപനത്തിനും പ്രഥമ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനുമായി വന്നതിനു ശേഷം ആദ്യമായാണ് രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന അജപാലന സന്ദർശനത്തിനായി സഭാതലവൻ രൂപതയിലെത്തുന്നത്. നവമ്പർ 22 നു ഗ്ലാസ്ഗോയിൽ വിമാനമിറങ്ങിയതിന്റെ പിറ്റേന്നുമുതൽ ഒരു ദിവസം പോലും വിശ്രമമില്ലാതെയാണ് മാർ ജോർജ്ജ് ആലഞ്ചേരി തന്റെ അജപാലന സന്ദർശനം ഇന്നലെ ലീഡ്‌സിൽ പൂർത്തിയാക്കിയത്. എല്ലായിടങ്ങളിലും അദ്ദേഹം തന്നെയാണ് മിഷൻ സ്ഥാപനം നടത്തിയതും ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകിയതും. ഇന്ന് ഉച്ചയ്ക്ക് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്നു അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിക്കും. ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ മെത്രാൻ സംഘത്തിന്റെ തലവനും കർദ്ദിനാളുമായ വിൻസെന്റ് നിക്കോളസ്, അപോസ്റ്റോളിക് നുൻസിയോ, വിവിധ ലത്തീൻ രൂപത മെത്രാന്മാർ എന്നിവരെയും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഈ ദിവസങ്ങളിൽ സന്ദർശിച്ചു.  ശൈശവാവസ്ഥയിലായിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ രൂപതയോടുള്ള വാത്സല്യത്തിൽ, ക്ഷീണവും മടുപ്പുമെല്ലാം മാറ്റിവച്ചു പുഞ്ചിരിയുമായി ആല്മീയമക്കളെ കാണാനും നിർദ്ദേശങ്ങൾ തരാനായി വന്ന സഭാതലവന്റെ പിതൃവാത്സല്യത്തിന് മുൻപിൽ, നന്ദി നിറഞ്ഞ ഹൃദയത്തോടുകൂടിയാണ് രൂപതാകുടുംബം അദ്ദേഹത്തെ ഇന്ന് യാത്രയാകുന്നത്.

രൂപതാമെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന് ഇത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ. വ്യക്തമായ ആസൂത്രണത്തോടെയും ചിട്ടയായ കഠിനാദ്ധ്വാനത്തിലൂടെയും അദ്ദേഹം നൽകിയ ശക്തമായ നേതൃത്വമാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഈ ത്വരിത വളർച്ചയ്ക്ക് പിന്നിൽ. സെക്രട്ടറി റെവ. ഫാ. ഫാന്സുവ പത്തിലിന്റെയും വികാരി ജനറാള്മാരുടെയും മിഷൻ ഡിറക്ടര്മാരുടെയും, മറ്റു വൈദികരുടെയും, കമ്മറ്റി അംഗങ്ങൾ, കൈക്കാരൻമാർ, വിമെൻസ് ഫോറം, ഭക്തസംഘടനകൾ, മതാധ്യാപകർ, കുട്ടികൾ, വോളന്റിയേഴ്‌സ് എന്നിവരുടെയെല്ലാം കഠിനാദ്ധ്വാനവും സഹകരണവുമാണ് ഈ വലിയ ദൈവാനുഗ്രഹത്തിനു പിന്നിൽ. കുട്ടികളുടെ വർഷത്തിന്റെ സമാപനത്തിനും യൂവജനവര്ഷത്തിന്റെ ആരംഭത്തിനുമായി ബെഥേൽ കൺവെൻഷൻ സെന്ററിലും തിങ്ങിനിറഞ്ഞു വിശ്വാസികളെത്തിയിരുന്നു. പതിനെട്ടു ദിവസം നീണ്ട സഭാതലവന്റെ അജപാലന സന്ദർശനത്തിലൂടെ രൂപതയ്ക്ക് കൈവന്ന സമൃദ്ധമായ ദൈവാനുഗ്രഹത്തിനു നന്ദി പറയുകയാണ് സഭാമക്കളിപ്പോൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more