1 GBP = 105.13

യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്; ജനപ്രതിനിധി സഭ തിരിച്ച് പിടിച്ച് ഡമോക്രാറ്റുകള്‍, സെനറ്റില്‍ റിപ്പബ്ലിക്കന്‍ ആധിപത്യം

യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്; ജനപ്രതിനിധി സഭ തിരിച്ച് പിടിച്ച് ഡമോക്രാറ്റുകള്‍, സെനറ്റില്‍ റിപ്പബ്ലിക്കന്‍ ആധിപത്യം

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഏറെ നിര്‍ണായകമായ ഇടക്കാല തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടന്ന 17 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തികൊണ്ട് ഡമോക്രാറ്റുകള്‍ ജനപ്രതിനിധി സഭ തിരിച്ച് പിടിച്ചു. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഫലങ്ങളും എക്‌സിറ്റ് പോള്‍ ഫലങ്ങളുമനുസരിച്ചാണ് ഇത്. എന്നാല്‍, സെനറ്റ് നിലനിര്‍ത്തിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ സെനറ്റിലെ റിപ്പബ്ലിക്കുകളുടെ ഭൂരിപക്ഷം ഉയര്‍ത്താനും സാധ്യതയുണ്ട്. ഇന്ത്യാന, നോര്‍ത്ത് ഡകോട്ട, ടെന്നെസി, ടെക്‌സാസ് എന്നിവടങ്ങളിലെല്ലാം റിപ്പബ്ലിക് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്നേറ്റം. എന്നാല്‍ ജനപ്രതിനിധിസഭയില്‍ ഡമോക്രാറ്റിക് ആധിപത്യം പ്രകടമാണ്. 194 സീറ്റില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

സെനറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മാസച്യുസെറ്റ്‌സില്‍ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി എലിസബത്ത് വാരന്‍ വിജയിച്ചു. എന്നാല്‍, കടുത്ത മത്സരം നടന്ന ഫ്‌ളോറിഡയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി റോണ്‍ ഡിസാന്റിസ് ആണ് ഫ്‌ളോറിഡയില്‍ വിജയിച്ചത്. തലഹാസി മേയറായിരുന്ന ആന്‍ഡ്രൂ ഗില്ലമിനെയാണ് റോണ്‍ പരാജയപ്പെടുത്തിയത്. അയോവ, മൊണ്ടാന, നെവാഡ, യൂട്ടാ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചു.

ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‌സിന്റെ സഹോദരനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഗ്രെഗ് പെന്‍സ് വിജയിച്ചു കയറി.

ഡമോക്രാറ്റ് സെനറ്റര്‍ കിര്‍സ്റ്റന്‍ ഗില്ലിബ്രാന്‍ഡ് ന്യൂയോര്‍ക്കില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയാണ് ഗില്ലിബ്രാന്‍ഡ്. ന്യൂജഴ്‌സിയിലും ജയം ഡെമോക്രാറ്റിനൊപ്പം. സെനറ്റര്‍ ബോബ് മെനന്‍ഡസ് മൂന്നാം തവണയും ഇവിടെ തിരഞ്ഞെടുക്കപ്പെട്ടു.

പ്രാരംഭഘട്ടത്തിലെ കണക്കുകള്‍ അനുസരിച്ചു വോട്ടു ചെയ്ത 55 % പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സിഎന്‍എന്‍ എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 44 % ആളുകള്‍ ട്രംപിനെ പിന്തുണച്ചു. ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പാണിത്, ട്രംപിന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലും. വോട്ടിങ്ങ് ആരംഭിച്ചതു മുതല്‍ വിവിധ ബൂത്തുകള്‍ക്കു മുന്നില്‍ വലിയ തിരക്കാണ് കണ്ടത്. ഉച്ചയോടെ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more