1 GBP = 107.62
breaking news

ഇസ്രായേൽ സൈനിക നടപടിയെ വിമർശിച്ച് യുഎൻ സെക്രട്ടറി ജനറൽ

ഇസ്രായേൽ സൈനിക നടപടിയെ വിമർശിച്ച് യുഎൻ സെക്രട്ടറി ജനറൽ

ഗസ്സ: ഇസ്രായേലിന്റെ സൈനിക നടപടിയിൽ വ്യക്തമായ തെറ്റ് ഉണ്ടെന്നാണ് ഗസ്സയിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം സൂചിപ്പിക്കുന്നതെന്ന് യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ്. “ഹമാസ് മനുഷ്യകവചം ഉപയോഗിക്കുന്നു എന്നത് നിയമലംഘനം തന്നെ. എന്നാൽ, കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം സൂചിപ്പിക്കുന്നത് ഇസ്രായേലിന്റെ സൈനിക നടപടിയിൽ വ്യക്തമായ തെറ്റ് ഉണ്ടെന്നാണ്’ -അദ്ദേഹം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒരുമാസം പിന്നിട്ട ഗസ്സയിലെ കൂട്ടക്കുരുതിയിൽ 4,324 കുട്ടികൾ ഉൾപ്പെടെ 10,569 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. “നൂറുകണക്കിന് കുട്ടികൾ കൊല്ലപ്പെടുന്നതാണ് എല്ലാ സംഘട്ടനങ്ങളിലും നമ്മൾ ഇതുവ​രെ സാക്ഷ്യം വഹിച്ചിരുന്നത്. എന്നാൽ ഗസ്സയിലാകട്ടെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുന്നത് നമ്മൾ കാണേണ്ടി വന്നു’ -ഗുട്ടെറസ് പറഞ്ഞു.

ദ്വിരാഷ്ട്രമാണ് മേഖലയി​ലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പ്രായോഗിക പരിഹാര​മെന്ന് അദ്ദേഹം ആവർത്തിച്ചു. ‘ചിലപ്പോൾ ഏറ്റവും മോശമായ ദുരന്തങ്ങൾ നമുക്ക് മുന്നിൽ നല്ല ഒരു പരിഹാരത്തിന് വഴി തെളിച്ചേക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഭയാനകമായ സാഹചര്യം ഒടുവിൽ ഒരു പരിഹാരം കാണാനുള്ള അവസരമൊരുക്കിയേക്കാം. എന്റെ അഭിപ്രായത്തിൽ ദ്വിരാഷ്ട്രമാണ് പരിഹാരം. ഇസ്രായേലിന്റെ എല്ലാ സുരക്ഷയും കണ​ക്കിലെടുത്ത് രണ്ട് രാജ്യങ്ങൾക്കും സുരക്ഷിതത്വം ഉറപ്പുനൽകി സമാധാനത്തോടെ ജീവിക്കാൻ വഴി ഉണ്ടാക്കണം” -ഗുട്ടെറസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നും നിരപരാധികളെ കൊല്ലുന്നത് അവസാനിപ്പിക്കാൻ ഉടൻ വെടിനിർത്തണമെന്നും അന്റോണിയോ ഗുട്ടെറസ് ആവശ്യ​പ്പെട്ടിരുന്നു. ‘ദിവസവും നൂറുകണക്കിന് കുട്ടികൾ കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. ഇതിനകം 4,100-ലധികം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറി. മൂന്ന് പതിറ്റാണ്ടിനിടെ ലോകത്ത് നടന്ന മറ്റേത് സംഘർഷങ്ങളിലും കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ മാധ്യമപ്രവർത്തകർ നാലാഴ്ചയ്ക്കുള്ളിൽ ഗസ്സയിൽ കൊല്ലപ്പെട്ടു. നമ്മുടെ സംഘടനയുടെ (യു.എൻ) ചരിത്രത്തിൽ മറ്റേത് ഘട്ടത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ ജീവനക്കാർ ഗസ്സയിൽ കൊല്ലപ്പെട്ടു. കഴിഞ്ഞുപോകുന്ന ഓരോ മണിക്കൂറും ഉടൻ വെടിനിർത്തൽ വേണ​മെന്നതിന് ഊന്നൽ നൽകുന്നു’ -എന്നായിരുന്നു ഗുട്ടെറസ് ന്യൂയോർക്ക് സിറ്റിയിലെ യുഎൻ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

ഇതിനെതിരെ ‘നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു’വെന്ന പ്രസ്താവനയുമായി ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹൻ രംഗത്തുവന്നിരുന്നു. ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണം “ശൂന്യതയിൽനിന്ന് സംഭവിച്ചതല്ല” എന്ന ഗുട്ടെറസിന്റെ പ്രസ്താവ​നയെയും എലി കോഹൻ എതിർത്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more