1 GBP = 103.12

സഭ സിനഡില്‍ വീഴ്ച സമ്മതിച്ച് കര്‍ദിനാള്‍; ഭൂമി ഇടപാടില്‍ സാമ്പത്തിക നഷ്ടം സംഭവിച്ചു

സഭ സിനഡില്‍ വീഴ്ച സമ്മതിച്ച് കര്‍ദിനാള്‍; ഭൂമി ഇടപാടില്‍ സാമ്പത്തിക നഷ്ടം സംഭവിച്ചു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ വീഴ്ച സമ്മതിച്ച് സഭ സിനഡ്. കിട്ടിയ പണം അക്കൗണ്ടില്‍ വരവുവയ്ക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് സിനഡ്. ഭൂമി ഇടപാടില്‍ സഭയ്ക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചു. ഇടനിലക്കാരും മറ്റ് ചിലരും വീഴ്ചയ്ക്ക് കൂട്ടുനിന്നു. കടങ്ങള്‍ വീട്ടുന്നതിനാണ് ഭൂമി വിറ്റത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലാണ് ആധാരത്തില്‍ കര്‍ദിനാള്‍ ഒപ്പിട്ടതെന്നും കര്‍ദിനാള്‍ സിനഡില്‍ വ്യക്തമാക്കി.

അതേസമയം എല്ലാ നിയമങ്ങളും പാലിച്ചാണ് ഭൂമി ഇടപാട് നടത്തിയതെന്ന് അദ്ദേഹം സിനഡില്‍ വിശദീകരിച്ചു. കാനോനിക സമിതികളോട് ആലോചിച്ചാണ് ഭൂമി ഇടപാട് നടത്തിയത്. കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ആരംഭിക്കും. ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും സിനഡില്‍ വിലയിരുത്തലുണ്ടായി. അതിരൂപതയിലെ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് തന്നെ അടിയന്തര സിനഡ് യോഗം ചേരുകയായിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ദിനാള്‍ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇടപാടില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പുറമെ വൈദികനായ ജോഷി പുതുവ, മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ജസ്റ്റീസ് ബി.കെമാല്‍ പാഷയുടെ ബെഞ്ചാണ് ഉത്തരവിട്ടത്. കേസില്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തുന്നതില്‍ ഒരു തടസ്സവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സഭയുടെ ഭൂമിയില്‍ കര്‍ദിനാളിന് പൂര്‍ണ അധികാരമുണ്ടെന്ന വാദത്തിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കര്‍ദിനാള്‍ രാജാവല്ലെന്നും രാജ്യത്തെ നിയമം അദ്ദേഹത്തിന് ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more