1 GBP = 104.15
breaking news

അക്കിത്തം അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിന്റെ മഹാകവി

അക്കിത്തം അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിന്റെ മഹാകവി

തൃശ്ശൂര്‍: ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ മഹാകവിയുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം കഴിഞ്ഞ ദിവസം വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അക്കിത്തം വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്തരിച്ചത്.

1926 മാര്‍ച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ജനിച്ചു. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍. ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.

ബാല്യത്തില്‍ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975-ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985-ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

2019ലാണ് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനായിരുന്നു അദ്ദേഹം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more