1 GBP = 104.27
breaking news

വിട വാങ്ങിയത് മലയാള സിനിമയിലെ ലക്ഷണമൊത്ത വില്ലന്‍; കൊല്ലം അജിത്തിന്റെ വിയോഗത്തില്‍ സഹപ്രവര്‍ത്തകര്‍

വിട വാങ്ങിയത് മലയാള സിനിമയിലെ ലക്ഷണമൊത്ത വില്ലന്‍; കൊല്ലം അജിത്തിന്റെ വിയോഗത്തില്‍ സഹപ്രവര്‍ത്തകര്‍

പത്മരാജന്‍ വെള്ളിത്തിരയിലേയ്ക്ക് കൈപിടിച്ചുകയറ്റിയ താരമാണ് വില്ലന്‍ വേഷങ്ങളില്‍ പിന്നീട് സിനിമയില്‍ തിളങ്ങിയ കൊല്ലം അജിത്. സിനിമയോടുള്ള പ്രേമം മൂത്ത് പത്മരാജന്റെയടുത്ത് സംവിധാനം പഠിക്കാന്‍ പോയ അജിത് പിന്നീട് മലയാള സിനിമയിലെ ലക്ഷണമൊത്ത വില്ലന്‍മാരില്‍ ഒരാളായി മാറുകയായിരുന്നു.

അഭിനയിച്ച അഞ്ഞൂറിലേറെ ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലൊതുങ്ങിയെങ്കിലും അജിത് എന്ന താരം തന്റെ കരിയറിന്റെ ഭൂരിഭാഗം സമയവും ചെലവഴിച്ചതും സിനിമയ്ക്ക് വേണ്ടിയായിരുന്നു. അജിത് എന്ന നടനെയും സുഹൃത്തിനെയും ഓര്‍ക്കുകയാണ് സഹപ്രവര്‍ത്തകര്‍

കഴിവുണ്ടെങ്കിലും സിനിമയില്‍ ഒന്നും ആകാനാകാതെ പോയ താരം; ഇന്നസെന്റ്

തന്റെ സിനിമാ ജീവിതത്തിലെ തെരക്കുള്ള കാലഘട്ടത്തിലാണ് നല്ല ശരീര സൗന്ദര്യവും ആരോഗ്യവുമുള്ള മിടുക്കനായ ചെറുപ്പക്കാരന്‍ കൊല്ലത്ത് നിന്നും സിനിമയിലെത്തുന്നതെന്നും പിന്നീട് തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായി അദ്ദേഹം മാറുകയായിരുന്നുവെന്നും ഇന്നസെന്റ് ഓര്‍ക്കുന്നു. വളരെ സമാധാന പ്രിയനായ അജിത് തുടക്കം മുതല്‍ വില്ലന്‍ വേഷങ്ങളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്.

സിനിമയില്‍ നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ അജിതിന് ലഭിച്ചില്ലെന്നും ഇന്നസെന്റ് പറയുന്നു. കഴിവുണ്ടെങ്കിലും സിനിമയില്‍ ഒന്നും ആകാനാകാതെ പോയ താരമാണ് അദ്ദേഹം. ബോളിവുഡ് അടക്കമുള്ള ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരങ്ങള്‍ മറ്റ് വ്യത്യസ്ത വേഷങ്ങളും കൈകാര്യം ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ മലയാള സിനിമയില്‍ അജിത്തിന് അവസരം ലഭിച്ചില്ലെന്നും വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഇന്നസെന്റ് പറയുന്നു.

പരിഭവങ്ങളും പ്രയാസങ്ങളും തുറന്നു പറഞ്ഞ പച്ചയായ മനുഷ്യന്‍; ജഗദീഷ്

അജിത്തുമായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നല്ല സിനിമകള്‍ ചെയ്യണമെന്നും അഭിനയിക്കണമെന്നും ആഗ്രഹമുള്ള താരമായിരുന്നു അദ്ദേഹം. സിനിമയില്‍ അര്‍ഹിക്കാത്ത അംഗീകാരം ലഭിക്കാത്തതിലുള്ള പരിഭവങ്ങള്‍ അദ്ദേഹം ഒരിക്കലും മറച്ചുവെച്ചിട്ടില്ല. എങ്കിലും അഭിനയിച്ച സിനിമകളിലെല്ലാം വെറുമൊരു ഗുണ്ട എന്നതിലപ്പുറം നല്ല വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

തന്റെ പരിഭവങ്ങളും പ്രയാസങ്ങളും മടികൂടാതെ തുറന്നു പറയുമായിരുന്ന പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. പലപ്പോഴും നല്ല വേഷങ്ങള്‍ തനിയ്ക്ക് കിട്ടിയില്ലെന്നുള്ള പരിഭവം അജിത് പങ്കുവെച്ചിരുന്നതായും ജഗദീഷ് ഒാര്‍ക്കുന്നു. അദ്ദേഹം ചെയ്ത രണ്ട് ചിത്രങ്ങളും വ്യത്യസ്ഥത നിറഞ്ഞതായിരുന്നുവെന്നും നഷ്ടപ്പെട്ടത് ഒരു നല്ല സുഹൃത്തിനെയാണെന്നും ജഗദീഷ് പറയുന്നു.

പാണ്ടിപ്പടയിലെ കൊമേഡിയനായ വില്ലനെ ഒാര്‍ത്ത് ഹരിശ്രീ അശോകന്‍

ഒരുപാട് സിനിമകളില്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പഴയകാല സിനിമകളിലാണ് അജിത്തിന് കൂടുതലും നല്ല അവസരങ്ങള്‍ ലഭിച്ചിരുന്നത്. ആക്ഷന്‍ സിനിമകള്‍ കൂടുതലും കൈകാര്യം ചെയ്തിട്ടുള്ള അജിത് വ്യത്യസ്ത വേഷം കൈകാര്യം ചെയ്തിട്ടുള്ള ചിത്രത്തിലൊന്ന് പാണ്ടിപടയായിരുന്നുവെന്നും ഹരിശ്രീ അശോകന്‍ പറയുന്നു. വില്ലന്‍ ആണെങ്കില്‍ കൂടിയും തമാശ കലര്‍ത്തി ആ വേഷം ഭംഗിയാക്കാന്‍ അജിത്തിന് സാധിച്ചു. നല്ല ധാരാളം സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. തന്റെ നല്ലൊരു സുഹൃത്തായിരുന്നു.

അജിത്തിന്റെ സിനിമയോടുള്ള സ്പിരിറ്റ് ഒരുപാട് പേര്‍ക്ക് പ്രചോദനം; മുകേഷ്

അജിത്തുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും വര്‍ഷങ്ങളായി അടുപ്പമുള്ള ആളായിരുന്നു താന്‍. തന്നെക്കാള്‍ കൂടുതല്‍ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുകയും സിനിമയെ സ്‌നേഹിക്കുകയും ചെയ്ത താരമായിരുന്നു അജിത്. നല്ല ആരോഗ്യവാനായതിനാലാകാം സിനിമയില്‍ കൂടുതല്‍ വില്ലന്‍ വേഷങ്ങളില്‍ അജിത് ഒതുങ്ങിപോയത്. എങ്കിലും തന്റെ കരിയറിന്റെ ഭൂരിഭാഗം സമയവും സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടവരിലൊരാളാണ് അജിത്. അദ്ദേഹത്തിനുള്ളിലെ ആ സിനിമയോടുള്ള സ്പിരിറ്റ് ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്നതാണ്. അദ്ദേഹത്തിന്റെ വിയോഗം കലാരംഗത്തിനും തങ്ങളുടെ സുഹൃത്ത് വലയത്തിലും വളരെ വലിയ നഷ്ടമാണെന്നും മുകേഷ് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more