1 GBP = 104.17
breaking news

എഐഎഫ്എഫ് തെരഞ്ഞെടുപ്പ് സെപ്തംബർ രണ്ടിന്

എഐഎഫ്എഫ് തെരഞ്ഞെടുപ്പ് സെപ്തംബർ രണ്ടിന്

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മറ്റി തെരഞ്ഞെടുപ്പ് സെപ്തംബർ രണ്ടിന് നടക്കും. ഈ മാസം 25 മുതൽ 27 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 28ന് നാമനിർദ്ദേശ പത്രികകൾ പരിശോധിച്ച് 30ന് പേരുകൾ എഐഎഫ്എഫ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ന്യൂഡൽഹിയിലെ എഐഎഫ്എഫ് ഹെഡ്ക്വാർട്ടേഴ്സിൽ വച്ചാവും തെരഞ്ഞെടുപ്പ് നടക്കുക. രണ്ടിനോ മൂന്നിനോ ഫലം പ്രഖ്യാപിക്കും.

ഫുട്‌ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി കഴിഞ്ഞ ദിവസം സുപ്രിംകോടതി പിരിച്ചുവിട്ടിരുന്നു. ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറൽ സുനന്ദോ ധറിനു കൈമാറി സുപ്രിംകോടതി ഉത്തരവിറക്കി. ഫുട്‌ബോൾ ഫെഡറേഷന്റെ എക്‌സിക്യുട്ടീവ് കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയ സുപ്രിംകോടതി ഭരണത്തിൽ മൂന്നാം കക്ഷി ഇടപെടുന്നത് വിലക്കുകയും ചെയ്തു.

എക്‌സിക്യൂട്ടീവ് കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഓഗസ്റ്റ് 28 ആയിരുന്നു. ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. എക്‌സിക്യൂട്ടിവ് കൗൺസിലിൽ ആകെ 23 അംഗങ്ങളാണ് ഉള്ളത്. ഇതിൽ പതിനേഴ് അംഗങ്ങളെ തിരഞ്ഞെടുക്കണം. 6 സ്ഥാനങ്ങളിലേക്ക് പ്രധാനപ്പെട്ട താരങ്ങളെ നോമിനേറ്റ് ചെയ്യും. ഇതിൽ നാല് പുരുഷന്മാരും രണ്ട് വനിതകളും വേണമെന്ന് സുപ്രിംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കാനിരുന്ന അണ്ടർ 17 ഫിഫ ലോകകപ്പ് നഷ്ടമാവാതിരിക്കാനാണ് കോടതിയുടെ ശ്രമം.

എഐഎഫ്എഫ് ഭരണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് ആരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് പ്രസിഡൻ്റായി തുടർന്ന പ്രഫുൽ പട്ടേലിനെ സുപ്രിം കോടതി ഇടപെട്ടാണ് പുറത്താക്കിയത്. പ്രഫുൽ പട്ടേലിനെ നീക്കിയ സുപ്രിം കോടതി ഫെഡറേഷനെ നയിക്കാൻ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്. ഇതാണ് എഐഎഫ്എഫ് വിലക്കിനുള്ള പ്രധാന കാരണം. ദേശീയ ഫെഡറേഷനുകൾക്ക് അംഗീകാരം നൽകേണ്ടത് തങ്ങളാണെന്നും അതിൽ മറ്റ് ഘടകങ്ങൾ ഇടപെട്ടാൽ വിലക്ക് നേരിടേണ്ടിവരുമെന്നും ഫിഫ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല. എഎഫ്‌സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പ്, എഎഫ്‌സി കപ്പ്, എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഇന്ത്യൻ ക്ലബ്ബുകൾക്ക് പങ്കെടുക്കാനാകില്ല. എഎഫ് സി കപ്പിൽ പങ്കെടുക്കാനായി ഉസ്ബക്കിസ്ഥാനിലെത്തിയ ഗോകുലം കേരള വനിതാ ടീം ടൂർണമെൻ്റിൽ പങ്കെടുക്കാതെ തിരികെ നാട്ടിലെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more