1 GBP = 104.15
breaking news

അഭിമന്യുവിന്റെ കൊല: വിവരം ചോർത്തുന്നവരിലേക്ക് അന്വേഷണം

അഭിമന്യുവിന്റെ കൊല: വിവരം ചോർത്തുന്നവരിലേക്ക് അന്വേഷണം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ ഒളിവിൽ കഴിയുന്ന  പ്രതികൾക്ക് വിവരം ചോർത്തി നൽകുന്നവരിലേക്ക് അന്വേഷണം നീളുന്നു. ഇക്കൂട്ടത്തിൽ സ്ത്രീകളുമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ക്യാംപസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളുമായി ബന്ധമുള്ള പുരുഷന്മാരെ പൊലീസ് നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഈ സംഘടനകളുമായി ബന്ധപ്പെട്ട സ്ത്രീകളെ വിവരം കൈമാറുന്നതിനായി ഉപയോഗിക്കുന്നത്. ഫോണിലൂടെ കുറ്റവാളി സംഘത്തിന് വിവരങ്ങൾ കൈമാറുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

അതേസമയം, അറസ്റ്റിലായ ക്യാംപസ് ഫ്രണ്ട് നേതാവ് ആദിലിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആദിൽ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളിൽ നിന്ന് ലഭിച്ച സൂചനകൾ അനുസരിച്ച് ഇനി പിടിയിലാകാനുള്ള അഞ്ച് പ്രതികളെക്കൂടി ഉടൻ കസ്റ്റഡിയിലെടുക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അഭിമന്യു കൊലക്കേസിലെ മറ്റു പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന വിശ്വാസത്തിലാണ് പൊലീസ്. പോപ്പുലർഫ്രണ്ട്-എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീട്ടിൽ ഇവർ ഒളിവിൽ കഴിയുന്നതായാണ് പൊലീസിന്റെ നിഗമനം. പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് തുടങ്ങിയതിനെത്തുടർന്ന് പ്രതികളെ മറ്റേതെങ്കിലും രഹസ്യകേന്ദ്രത്തിലേക്ക് കടത്തിയോ എന്നും സംശയിക്കുന്നുണ്ട്. പ്രതികൾ ട്രെയിൻ മാർഗം സംസ്ഥാനം കടക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു.

കുറ്റവാളിസംഘം ഉപയോഗിക്കുന്ന സിം കാർഡും സ്ത്രീകളുടെ പേരിലുള്ളതാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായതിനാൽ ഇത്തരം സിം കാർഡുകൾ അക്രമിസംഘം നേരത്തേ കൈവശംവെച്ചതായും സംശയിക്കുന്നുണ്ട്.

ഇതിനോടൊപ്പമാണ് പൊലീസ് സേനയിലുള്ളവർ തിരച്ചിൽ വിവരങ്ങൾ ചോർത്തിനൽകുന്നതായുള്ള വിവരം പുറത്തുവന്നത്. ഇവർ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more