1 GBP = 104.21
breaking news

‘ആശങ്കപ്പെടാനില്ല, ആ എംഎല്‍എമാര്‍ തിരിച്ചെത്തും’; പ്രതീക്ഷ പ്രകടിപ്പിച്ച് കുമാരസ്വാമി

‘ആശങ്കപ്പെടാനില്ല, ആ എംഎല്‍എമാര്‍ തിരിച്ചെത്തും’; പ്രതീക്ഷ പ്രകടിപ്പിച്ച് കുമാരസ്വാമി

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നതിനിടെ സര്‍ക്കാര്‍ താഴെ വീഴില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. പിന്തുണ പിന്‍വലിച്ച രണ്ട് സ്വതന്ത്ര എംഎല്‍എമാരെ കൂടാതെ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയോട് അടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന ശേഷമാണ് കുമാരസ്വാമിയുടെ പ്രതികരണം.

കോണ്‍ഗ്രസിന്‍റെ ഏഴ് എംഎല്‍എമാര്‍ മുംബെെയിലെ ഹോട്ടലില്‍ ബിജെപിക്കൊപ്പമുണ്ടെന്ന് ഉറപ്പാകുമ്പോഴും അവര്‍ തിരിച്ചെത്തുമെന്ന് കുമാരസ്വാമി പറഞ്ഞു. മാധ്യമങ്ങള്‍ക്കാണ് അവരെ ബന്ധപ്പെടാന്‍ സാധിക്കാത്തത്, എന്നാല്‍ തനിക്ക് അത് പറ്റുന്നുണ്ട്. എല്ലാവരുമായി താന്‍ സംസാരിക്കുന്നുണ്ടെന്നും ആ എംഎല്‍എമാര്‍ ഉറപ്പായും തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഖ്യ സര്‍ക്കാര്‍ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഒന്നും ആശങ്കപ്പെടാനില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. കർണാടകത്തിൽ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ശക്തമാക്കിയിരിക്കുകയാണ്. ഹോട്ടലിലുള്ള എംഎൽഎ മാരുമായി ബിജെപി നേതാക്കൾ വഴി യെദ്യൂരപ്പ  ആശയവിനിമയം നടത്തി.

എംഎൽഎമാർ പുറത്ത് പോകാതിരിക്കാൻ ശ്രദ്ധ നൽകണം എന്ന് ബിജെപി നേതാക്കൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലിന്റെ ആറാം നിലയിലാണ് എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് മുംബൈയില്‍ ഉള്ളതെന്നാണ് വിവരം.

ഇവരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നുണ്ട്. ആഭ്യന്തര മന്ത്രി എംബി പാട്ടിൽ ഇവരുമായി മുംബൈയിൽ എത്തി കൂടിക്കാഴ്ച നടത്തും. 13 എം എൽ എമാരെയെങ്കിലും രാജിവെപ്പിച്ചാൽ മാത്രമേ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ വഴിതെളിയൂ. അതേസമയം കർണാടകത്തിൽ കോൺഗ്രസ്‌ ജെ ഡി എസ് എംഎൽഎമാരെ ഇന്ന് ബിഡദിയിലെ  റിസോർട്ടിലേക്ക് മാറ്റിയേക്കും. മുഴുവൻ എംഎൽഎമാർക്കും ബംഗളൂരുവിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more