1 GBP = 104.15
breaking news

ഹർഷദ് മേത്തെയെക്കാൾ വലിയ തട്ടിപ്പ്കാരനായി നീരവ് മോദി; ബാങ്കുകൾക്കു നഷ്ടമായത് ഏഴായിരം കോടിയിലേറെ

ഹർഷദ് മേത്തെയെക്കാൾ വലിയ തട്ടിപ്പ്കാരനായി നീരവ് മോദി; ബാങ്കുകൾക്കു നഷ്ടമായത് ഏഴായിരം കോടിയിലേറെ

മുംബൈ: വന്‍കിട ഓഹരി ദല്ലാള്‍ ഹര്‍ഷദ് മേത്തയ്ക്കുശേഷം ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കഥയാണ് വജ്രവ്യാപാരി നീരവ് മോദിയുടെ അമ്പരപ്പിക്കുന്ന ഇടപാടുകളിലൂടെ പുറത്തുവരുന്നത്. ഹര്‍ഷദ് മേത്തയുടെ തട്ടിപ്പിനെക്കാള്‍ വ്യാപ്തി മോദിയുടെ തട്ടിപ്പിനുണ്ടായേക്കാമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിനുപുറമേ മറ്റ് മൂന്നുബാങ്കുകള്‍കൂടി തട്ടിപ്പിനിരയായിട്ടുണ്ടെന്നും തുക 20,000 കോടിയിലേക്ക് ഉയരാനിടയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിങ് (എല്‍.ഒ.യു.) മുഖേന നീരവ് മോദി, ഭാര്യ അമി, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചിന്നുഭായ് ചോക്‌സി എന്നിവര്‍ചേര്‍ന്ന് ഇന്ത്യയിലെ മൂന്നുബാങ്കുകളുടെ വിദേശശാഖകളെ 7,000 കോടിരൂപ കബളിപ്പിച്ചതായിട്ടാണ് പുറത്തുവരുന്ന വിവരം.

1992-ലാണ് ഹര്‍ഷദ് മേത്തയുടെ തട്ടിപ്പുനടക്കുന്നത്. ഓഹരിവിപണിയെ പിടിച്ചുലച്ച ഈ കുംഭകോണവും ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് നടന്നത്. ബാങ്ക് ഓഫ് കരാഡിനും ബോംബെ മെര്‍ക്കന്റയിന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിനും കോടികളുടെ നഷ്ടം സംഭവിച്ചു. അന്വേഷണ ഏജന്‍സികള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയ തുക 4,900 കോടിയുടേതായിരുന്നു. ഇലക്ട്രോണിക് രൂപത്തിലെ ഡി മാറ്റ് അക്കൗണ്ട് സമ്പ്രദായത്തിലേക്ക് മാറുന്നതിനുമുന്‍പുള്ള കാലഘട്ടത്തിലായിരുന്നു ഹര്‍ഷദ് മേത്ത തട്ടിപ്പുനടത്തിയത്. അക്കാലത്ത് കടപ്പത്രങ്ങള്‍(ബോണ്ടുകള്‍) വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നത് ബാങ്കുകള്‍ നല്‍കുന്ന ടോക്കണുകള്‍ ഉപയോഗിച്ചാണ്. ബാങ്കേഴ്‌സ് റസീറ്റ്(ബി.ആര്‍.) എന്നപേരിലാണ് ഇവ അറിയപ്പെട്ടിരുന്നത്. ബോണ്ടുകള്‍ പിന്നീടാണ് നല്‍കുന്നത്. മറ്റുള്ള ബാങ്കുകള്‍ക്കുവേണ്ടി കടപ്പത്രങ്ങള്‍ വിപണനംചെയ്യുന്ന ആളാണെന്ന് പറഞ്ഞ് ബാങ്ക് ഓഫ് കരാഡില്‍നിന്നും മെര്‍ക്കന്റയിന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്നും വ്യാജ ബി.ആര്‍. തരപ്പെടുത്തിയായിരുന്നു മേത്തയുടെ തട്ടിപ്പ്.

പിന്നീട് മറ്റൊരു വമ്പന്‍തട്ടിപ്പ് നടത്തിയത് കേതന്‍ പരേഖാണ്. ഇയാളും ഹര്‍ഷദ് മേത്തയെപ്പോലെ ഓഹരി ദല്ലാളായിരുന്നു. മാധവപുര മര്‍ക്കന്റയിന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുമായി ചേര്‍ന്നായിരുന്നു പരേഖിന്റെ തട്ടിപ്പ്. തന്റെ അക്കൗണ്ടില്‍ പണം ഇല്ലാതിരുന്നിട്ടും പേ ഓര്‍ഡറുകള്‍ നല്‍കി കോടികളുടെ തട്ടിപ്പുനടത്തുകയായിരുന്നു പരേഖ്. ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ തട്ടിപ്പിനിരയായി. മെര്‍ക്കന്റയിന്‍ ബാങ്ക് നല്‍കിയ 1,200 കോടിയുടെ പേ ഓര്‍ഡര്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പണമില്ലാതെ മടങ്ങിയതോടെയാണ് പരേഖിന്റെ തട്ടിപ്പ് പുറത്തുവന്നത്. 2001-ല്‍ സഞ്ജയ് അഗര്‍വാള്‍ എന്ന വ്യക്തി നടത്തിയ തട്ടിപ്പും പുറത്തുവന്നു. ഹോം ട്രേഡ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉണ്ടാക്കിയായിരുന്നു ഇയാളുടെ തട്ടിപ്പ്. സര്‍ക്കാര്‍കടപ്പത്രങ്ങള്‍ നല്‍കാമെന്നുപറഞ്ഞ് സഹകരണബാങ്കുകളില്‍നിന്ന് 600 കോടി തട്ടുകയായിരുന്നു അഗര്‍വാള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more