1 GBP = 106.91
breaking news

യുക്മ ദേശീയ കായികമേളയിൽ ചാമ്പ്യൻ കിരീടം നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൺ…. സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ ചാമ്പ്യൻ അസ്സോസ്സിയേഷൻ….

യുക്മ ദേശീയ കായികമേളയിൽ ചാമ്പ്യൻ കിരീടം നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൺ…. സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ ചാമ്പ്യൻ അസ്സോസ്സിയേഷൻ….

യുക്മ ദേശീയ കായികമേള 2024 ന് ആവേശകരമായ പരിസമാപ്തി. സട്ടൻ കോൾഡ്ഫീൽഡിലെ വിൻഡ്ലെ ലെഷർ സെൻറർ സ്റ്റേഡിയത്തിൽ നടന്ന ആദ്യന്തം ആവേശകരമായ മത്സരങ്ങളിൽ കരുത്ത് തെളിയിച്ച് ഈസ്റ്റ് ആൻറ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ ചാമ്പ്യന്മാരായി. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ സൌത്ത് വെസ്റ്റ് റീജിയൻ രണ്ടാം സ്ഥാനവും നോർത്ത് വെസ്റ്റ് റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അസ്സോസ്സിയേഷൻ വിഭാഗത്തിൽ സൌത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ ഒന്നാം സ്ഥാനവും മിഡ്ലാൻഡ്സ് റീജിയണിലെ വാർവിക്ക് ആൻറ് ലമിംങ്ടൺ മലയാളി അസ്സോസ്സിയേഷൻ രണ്ടാം സ്ഥാനവും ഈസ്റ്റ് ആംഗ്ളിയ റീജിയണിലെ ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

രാവിലെ പത്ത് മണിയോട് കൂടി ആരംഭിച്ച മത്സരങ്ങൾ ഇടവേളകളില്ലാതെ ട്രാക്കിനങ്ങളും ഫീൽഡിനങ്ങളും ഒരേ പോലെ നടത്തുവാൻ സംഘാടകർക്ക് കഴിഞ്ഞു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക താരങ്ങൾ വലിയ ആവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്. അത്കൊണ്ട് തന്നെ മിക്കയിനങ്ങളിലും കടുത്ത മത്സരമാണ് നടന്നത്.

വ്യക്തിഗത ചാമ്പ്യൻപട്ടം കരസ്ഥമാക്കുവാൻ ഓരോ കാറ്റഗറികളിലും വാശിയേറിയ മത്സരമാണ് കായിക പ്രതിഭകൾ കാഴ്ച വെച്ചത്. സൂപ്പർ സീനിയർ വിഭാഗത്തിൽ ക്രോളി മലയാളി കമ്മ്യൂണിറ്റിയിലെ സന്തോഷ് തോമസ് ചാമ്പ്യനായപ്പോൾ സീനിയർ അഡൽറ്റ്സ് വിഭാഗത്തിൽ ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷനിലെ ബിബിൻ ജോസും എഡ്മണ്ടൻ മലയാളി അസ്സോസ്സിയേഷനിലെ സലീന സജീവും ചാമ്പ്യൻമാരായി. അഡൽറ്റ്സ് വിഭാഗത്തിൽ കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ആകാശ് പാലപ്പറമ്പിൽ, സർഗ്ഗം സ്റ്റീവനേജിലെ ടിൻറു ജോസ് എന്നിവരും സീനിയർ വിഭാഗത്തിൽ ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷനിലെ ഐസക്ക് ബിബിൻ, ബർമിംങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയിലെ ആഗ്നസ് പുലുകാട്ട്, എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായപ്പോൾ, ബിസിഎംസിയുടെ തന്നെ അഞ്ജലി രാമൻ പ്രോത്സാഹന സമ്മാനവും നേടി.

ജൂണിയർ വിഭാഗത്തിൽ ചെസ്റ്റർഫീൽഡ് മലയാളി അസ്സോസ്സിയേഷനിലെ ആരോൺ കുര്യൻ, സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസ്സിയേഷനിലെ തനയ സജീവ്, സബ് – ജൂണിയർ വിഭാഗത്തിൽ വോക്കിംങ് മലയാളി അസ്സോസ്സിയേഷനിലെ നോഹ് അബ്രാഹം ആൻറണി, അമ്മ മലയാളം മാൻസ്ഫീൽഡിലെ ആൻ വിൻസൻറ്, കിഡ്സ് വിഭാഗത്തിൽ സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസ്സിയേഷനിലെ സ്റ്റീഫൻ ടിൻറു തമ്പി, വിഗൻ മലയാളി അസ്സോസ്സിയേഷനിലെ മിഥില ജയകൃഷ്ണൻ എന്നിവരും വ്യക്തിഗത ചാമ്പ്യൻമാരായി.

കായികമേളയോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിന് യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, വൈസ് പ്രസിഡൻറ് ലീനുമോൾ ചാക്കോ, ജോയിൻറ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിത തോട്ടം, ജോയിൻറ് ട്രഷറർ അബ്രാഹം പൊന്നുംപുരയിടം, നാഷണൽ പി.ആർ.ഒ അലക്സ് വർഗ്ഗീസ്, ദേശീയ കായികമേള കോർഡിനേറ്റർ സലീന സജീവ്, ദേശീയ സമിതി അംഗങ്ങളായ ജയകുമാർ നായർ, സണ്ണിമോൻ മത്തായി, ടിറ്റോ തോമസ്, ബിനോ ആൻറണി, റീജിയണൽ പ്രസിഡൻറുമാരായ സുജു ജോസഫ്, സുരേന്ദ്രൻ ആർക്കോട്ട്, ജോർജ്ജ് തോമസ്, വർഗ്ഗീസ് ഡാനിയൽ, ബിജു പീറ്റർ, റീജിയണൽ ഭാരവാഹികൾ, വിവിധ അസ്സോസ്സിയേഷൻ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

മുൻ ഇന്ത്യൻ കായികതാരം കൂടിയായ ഇഗ്‌നേഷ്യസ് പേട്ടയിലിൻറെ നേതൃത്വത്തിൽ ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ്, പീറ്റർ ജോസഫ്, സെൻസ് ജോസ്, ലൂയിസ് മേനാച്ചേരി, ജോബി തോമസ്, ബിജോയ് വർഗ്ഗീസ്, രാജേഷ് ജോർജ്ജ്, അഡ്വ.ജോബി പുതുക്കുളങ്ങര, സാംസൺ പോൾ, അലോഷ്യസ് ഗബ്രിയേൽ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ബൈജു തോമസ്, ഷാജോ ജോസ്, ടിജോ ജോസഫ് എന്നിവർ ഓഫീസ് നിർവ്വഹണം വളരെ ഭംഗിയായി നിയന്ത്രിച്ചപ്പോൾ, കായികമേളയുടെ തുടക്കം മുതൽ സമാപനം വരെയുള്ള അനൌൺസ്മെൻറ് വളരെ ഭംഗിയായി നിർവ്വഹിച്ചത് നനീട്ടനിൽ നിന്നുള്ള ജിനോ സെബാസ്റ്റ്യനാണ്. ശബ്ദ സംവിധാനം നിർവ്വഹിച്ചത് സാജു വർഗ്ഗീസായിരുന്നു.

ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, ദി ടിഫിൻ ബോക്സ്, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സ്, JMP സോഫ്റ്റ്വെയർ എന്നീ സ്ഥാപനങ്ങളായിരുന്നു ദേശീയ കായികമേളയുടെ സ്പോൺസർമാർ.

ദേശീയ കായികമേളയ്ക്കെത്തിയവർക്കുള്ള ഭക്ഷണ വിഭവങ്ങൾ വിതരണം ചെയ്തത് കവൻട്രിയിലെ അണ്ണൈ എക്സ്പ്രസ്സ് കേറ്ററേഴ്സാണ്.

യുക്മ ജോയിൻറ് സെക്രട്ടറിമാരും ദേശീയ കായികമേള കൺവീനർമാരുമായ പീറ്റർ താണോലിൽ, സ്മിത തോട്ടം, ദേശീയ കായികമേള കോർഡിനേറ്റർ സലീന സജീവ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ദേശീയ കായികമേള വൻവിജയമാക്കി തീർക്കുവാൻ സഹകരിച്ച എല്ലാവർക്കും യുക്മ ദേശീയ സമിതി നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more