1 GBP = 104.25
breaking news

പിന്‍സീറ്റില്‍ എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റ്; ഇന്ത്യയില്‍ നിയമം ഉടന്‍ വരും

പിന്‍സീറ്റില്‍ എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റ്; ഇന്ത്യയില്‍ നിയമം ഉടന്‍ വരും

കാറുകളില്‍ യാത്ര ചെയ്യുന്ന മുഴുവന്‍ യാത്രക്കാരും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം ഉടന്‍ വന്നേയ്ക്കും. പിന്‍സീറ്റില്‍ നടുവിലായി ഇരിക്കുന്നവര്‍ക്ക് ഉള്‍പ്പടെ എല്ലാ യാത്രക്കാര്‍ക്കും ധരിക്കാനുള്ള സീറ്റ് ബെല്‍റ്റ് കാറുകളില്‍ ഘടിപ്പിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വാഹനനിര്‍മാതാക്കള്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കും. കാറുകളില്‍ ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെല്‍റ്റ് (വൈ ആകൃതിയിലെ ബെല്‍റ്റ്) ഘടിപ്പിക്കാനാണ് നിര്‍ദേശം നല്‍കുന്നത്. ഈ മാസം തന്നെ ഇതു സംബന്ധിച്ച കരടുമാര്‍ഗരേഖ പുറത്തിറങ്ങും.

നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന മിക്കവാറും കാറുകളിലും മുന്നിലിരിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്ന രണ്ടുപേര്‍ക്കും മാത്രമേ ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെല്‍റ്റ് നല്‍കിയിട്ടുള്ളൂ. ചില വാഹനങ്ങളില്‍ മാത്രമേ പുറകിലത്തെ സീറ്റിലെ നടുവിലുള്ള ഭാഗത്ത് സുരക്ഷാ ബെല്‍റ്റ് കാണാറുള്ളൂ. വയറിന് കുറുകെയായി ധരിക്കുന്ന ലാപ് ബെല്‍റ്റുകളാണ് ചില വാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കായി നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ അടുത്തിടെ കാറുകളില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. ജനുവരി 14ന് ഇത് സംബന്ധിച്ച കരട് വിജ്ഞാപനം ഗതാഗത മന്ത്രാലയം പുറത്തിറക്കുകയും ചെയ്തു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.

ഇന്ത്യയിലെ യാത്രക്കാരില്‍ 90 ശതമാനം പേരും സീറ്റ് ബെല്‍റ്റ് ധരിക്കാറില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ നിലവിലുള്ള നിയമപ്രകാരം പിന്നിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് കുറ്റകരമല്ല. എന്നാല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ ഇത് നിര്‍ബന്ധമായും ധരിക്കേണ്ടി വരും. സ്വീഡിഷ് കാര്‍ നിര്‍മാതാക്കളായ വോള്‍വോ ആദ്യമായി അവതരിപ്പിച്ച ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെല്‍റ്റ് ലാപ് ബെല്‍റ്റിനേക്കാള്‍ ഏറെ സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more