1 GBP = 104.15
breaking news

പുല്‍വാമ ഭീകരാക്രമണം; ഞങ്ങളുണ്ട്, സൈന്യത്തിനും സര്‍ക്കാരിനുമൊപ്പം: രാഹുല്‍ ഗാന്ധി

പുല്‍വാമ ഭീകരാക്രമണം; ഞങ്ങളുണ്ട്, സൈന്യത്തിനും സര്‍ക്കാരിനുമൊപ്പം: രാഹുല്‍ ഗാന്ധി

ജമ്മു കശ്‍മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷഭാഷയില്‍ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ”നടന്നിരിക്കുന്നത് ദാരുണമായ ദുരന്തമാണ്. നമ്മുടെ സുരക്ഷാ സേനക്കെതിരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ അത്യന്തം ഹീനവും വെറുപ്പുളവാക്കുന്നതുമാണ്. രാജ്യത്തെ വിഭജിക്കുക എന്നതാണ് ഇത്തരം ഭീകരാക്രമണങ്ങളുടെ ലക്ഷ്യം. പക്ഷെ അവർ ഒരിക്കലും വിജയിക്കുകയില്ല. ഈ സമയം രാജ്യവും മുഴുവന്‍ പ്രതിപക്ഷവും സൈന്യത്തിനും സര്‍ക്കാരിനൊപ്പം ഒന്നിച്ചുനില്‍ക്കും” – രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്നലെ നടന്നത് സി.ആര്‍.പി.എഫിനോ സുരക്ഷാ സേനയ്ക്കൊ എതിരെ മാത്രം നടന്ന ആക്രമണമല്ല, മറിച്ച് രാജ്യത്തിനെതിരെയുള്ള ആക്രമണമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രതികരിച്ചിരുന്നു. രാജ്യത്തെ സുരക്ഷാ സേനക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളിലൂടെ നമ്മുടെ രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും ഈ ശ്രമം വിജയിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അക്രമികള്‍ വലിയ വില നല്‍കേണ്ടി വരുമെന്നും മോദി മുന്നറിയിപ്പ് നല്‍കി. തീവ്രവാദത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരും. ജയിക്കാനാണ് നാം പോരാടുന്നതെന്നും മോദി പറഞ്ഞു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുമെന്ന് അരുണ്‍ ജെയ്റ്റ്ലിയും വ്യക്തമാക്കിയിരുന്നു. പാകിസ്താന് നല്‍കിയ സൌഹൃദ രാഷ്ട്ര പദവി പിന്‍വലിക്കാനും തീരുമാനിച്ചു.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുര നഗരത്തിന് സമീപമാണ് ഭീകരാക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സി.ആര്‍.പി.എഫിന്റെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more