1 GBP = 104.21
breaking news

ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ ‘സ്നേഹക്കൂട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ ‘സ്നേഹക്കൂട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു
ബാലസജീവ് കുമാർ, യുക്മ പി ആർ ഒ
ഇപ്സ്വിച്ച് : പ്രളയത്തിൽ വീട് നഷ്ടമായ, ബധിരനും മൂകനുമായ, മേവെള്ളൂർ വളയണിയിൽ തമ്പിക്കും കുടുംബത്തിനും യുക്മയുടെ സ്നേഹക്കൂടൊരുക്കി ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ അഭിമാനിക്കുകയാണ്. പ്രളയാനന്തരം എല്ലാവരും വീടുകളിലേക്ക് മടങ്ങിയപ്പോൾ പോകാനിടമില്ലാതെ ജീവിതത്തിനുമുന്നിൽ പകച്ചു നിന്ന ഈ കുടുംബത്തെ താൽക്കാലികമായി എച്ച് എൻ എൽ ക്വാർട്ടേഴ്സിലേക്ക് മാറ്റി പാർപ്പിച്ച അധികൃതർക്ക് പോലും ഭാവി പരിപാടികളെ കുറിച്ച് വ്യക്തതയില്ലായിരുന്നു. ദാമു മാഷിന്റെ നേതൃത്വത്തിൽ ഉള്ള മേവെള്ളൂർ നാട്ടുകൂട്ടം ചാരിറ്റബിൾ ട്രസ്ററ് കുടുംബത്തിന്റെ ദയനീയ അവസ്ഥ മാദ്ധ്യമശ്രദ്ധയിൽ പെടുത്തിയപ്പോൾ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ അഭിമാനമായ ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ സഹായ ഹസ്തം നീട്ടുകയായിരുന്നു. ഇതിനു മുമ്പ് തന്നെ ഇത് പോലെ വീട് നഷ്‌ടമായ ആൾക്ക് വീട് നിർമ്മിച്ചു നൽകാൻ മുൻ കൈ എടുത്ത ദാമു മാഷിനെയും നാട്ടുകൂട്ടം ചാരിറ്റബിൾ ട്രസ്റ്റിനെയും വീട് നിർമ്മാണ ചുമതല ഏൽപ്പിച്ച് ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ തയ്യാറായി.
ജോജോ തോമസ് പ്രസിഡന്റായും, ജെയിൻ കുര്യാക്കോസ് സെക്രട്ടറിയായുമുള്ള ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ, ഇതിനുമുൻപും യുക്മയുടെ ചേർന്നും അല്ലാതെയും നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. അശരണരുടെ കണ്ണീരൊപ്പാൻ സാമൂഹിക പ്രതിബദ്ധതയുള്ള ഈ സംഘടന അരയും തലയും മുറുക്കി ഇറങ്ങിയപ്പോൾ, സാമ്പത്തിക ചിലവ് നോക്കാതെ ഒരു കുടുംബത്തിനുള്ള സ്വപ്നക്കൂടാണ് ഒരുക്കുന്നത് എന്ന ബോദ്ധ്യത്തോടെ പൂർണ്ണമായി പണി തീർത്ത മനോഹരമായ ഒരു വീടാണ് ഈ മാസം പത്താം തീയതി നടന്ന ചടങ്ങിൽ വച്ച് കുടുംബത്തിന് കൈമാറിയത്.
മേവെള്ളൂരിൽ വച്ച് നടന്ന താക്കോൽ ദാന ചടങ്ങിൽ, കേരള സംസ്ഥാന വൈദ്യുതി മന്ത്രി എം എം മണി, മോൻസ് ജോസഫ് എം എൽ ഏ, സി കെ ആശ എം എൽ എ, മേവെള്ളൂർ പഞ്ചായത്ത് ഭരണാധികാരികൾ, നാട്ടുകൂട്ടം ചാരിറ്റബിൾ ട്രസ്ററ് അംഗങ്ങൾ, ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ബഹുമാനപ്പെട്ട മന്ത്രി താക്കോൽ ദാനം നിർവഹിക്കുകയും, ജനപ്രതിനിധികൾ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ അവരുടെ ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയിൽ യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വറുഗീസിനെ ക്ഷണിച്ച്, തങ്ങളുടെ ഈ ഉദ്യമവും, പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിക്കായി യുക്മയുടെ വാഗ്ദാനമായ യുക്മ സ്നേഹക്കൂട് പദ്ധതിയിൽ ചേർന്നതായി അറിയിക്കുകയായിരുന്നു. ഇപ്സ്വിച് മലയാളീ അസോസിയേഷന്റെ വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങളെ മാനിച്ചു കൊണ്ട് യുക്മ കഴിഞ്ഞ ഫാമിലിഫെസ്റ്റിൽ വച്ച് ഗോൾഡൻ ഗ്യാലക്സി അവാർഡ് നൽകി ആദരിച്ചു. താക്കോൽ കൈമാറ്റം നടന്ന ഫെബ്രുവരി 10 ന് ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ അവരുടെ ഉദ്യമം സാക്ഷാൽക്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. നിർമ്മാണം പൂർത്തിയായ വീടിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ച്, ‘ഈ വീടിന്റെ ഓരോ ഇഷ്ടികയിലും, ഓരോ തരി സിമന്റിലും, നമ്മൾ ഇപ്സ്വിച്ച് മലയാളികളുടെ സ്നേഹം പ്രതിഫലിക്കുന്നുണ്ട്’ എന്ന് പറഞ്ഞു സഹപ്രവർത്തകരെയും അസോസിയേഷൻ അംഗങ്ങളെയും അഭിനന്ദിച്ച പ്രസിഡണ്ട് ജോജോ തോമസ് യുക്മക്കും മേവെള്ളൂർ നാട്ടുകൂട്ടത്തിനും, മറ്റ് അഭ്യുദയകാംക്ഷികൾക്കും ഉള്ള കൃതജ്ഞത അർപ്പിക്കാനും മറന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more