1 GBP = 104.15
breaking news

മുനമ്പം മനുഷ്യക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഓസ്‌ട്രേലിയക്ക് പോയത് 41 അംഗ സംഘമെന്ന് വ്യക്തം

മുനമ്പം മനുഷ്യക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഓസ്‌ട്രേലിയക്ക് പോയത് 41 അംഗ സംഘമെന്ന് വ്യക്തം

കൊച്ചി: മുനമ്പം വഴിയുള്ള മനുഷ്യക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. മുനമ്പത്തുനിന്ന് ഓസ്‌ട്രേലിയക്ക് പോയത് 41 അംഗസംഘമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 15 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. നാലു ഗര്‍ഭിണികളും നവജാതശിശുവും സംഘത്തില്‍ ഉള്‍പ്പെടുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ഒരുമാസത്തേക്ക് മരുന്നുശേഖരിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് ചെന്നൈ വഴിയെത്തിയ സംഘം താമസിച്ചത് ചെറായിയിലെ ലോഡ്ജുകളിലാണ്.

മുനമ്പം ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതോളം പേര്‍ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട വാര്‍ത്ത ഞായറാഴ്ചയായിരുന്നു പുറത്തു വന്നത്. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. അധികഭാരം ഒഴിവാക്കാന്‍ യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂടിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണങ്ങിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, ഫോട്ടോകള്‍, ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകള്‍, കുട്ടികളുടെ കളിക്കോപ്പുകള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്.

ബാഗുകള്‍ വിമാനത്തില്‍ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നിരുന്നെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ഇവിടെ നിന്ന് കടന്നവര്‍ ശ്രീലങ്കന്‍ വംശജരോ, തമിഴ്‌നാട് സ്വദേശികളോ ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവരില്‍ ചിലര്‍ ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. ശനിയാഴ്ച കൂടുതല്‍ ഇന്ധനമടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടിലാണ് ഇവരെ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്. 27 ദിവസമെടുത്താണ് ബോട്ട് ഓസ്‌ട്രേലിയയിലെത്തുന്നത്.

രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. മുനമ്പത്ത് നിന്ന് മത്സ്യ ബന്ധന ബോട്ടുകളില്‍ പോയവര്‍ക്ക്, ഇന്ധനവും ഭക്ഷണവും ഫീഡര്‍ ബോട്ടുകളില്‍ എത്തിക്കാനുള്ള സൗകര്യവും മനുഷ്യക്കടത്തുകാര്‍ ഏര്‍പ്പെടുത്തും. ഇവര്‍ പിടിച്ച മത്സ്യം ഫീഡര്‍ ബോട്ടുകള്‍ക്ക് കൈമാറും. ഓസ്‌ട്രേലിയയില്‍ അനധികൃതമായി എത്തുന്നവരെ കുടിയേറ്റക്കാരായി കരുതുമെന്നതാണ് ഇവിടേക്ക് അഭയാര്‍ഥികളെ ആകര്‍ഷിക്കുന്നത്. മനുഷ്യക്കടത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more